കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിലെ വിദ്യാർത്ഥിനി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ അസി. പ്രൊഫസർ ഡോ. ഹാരിസ് കോടമ്പുഴ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോർട്ട്. പരാതിയിൽ കഴമ്പുണ്ടെന്ന ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ (ഐ.സി.സി.) റിപ്പോർട്ടിൽ തുടർനടപടിക്ക് സിൻഡിക്കേറ്റ് യോഗം വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. അദ്ധ്യാപനെതിരേ അച്ചടക്ക നടപടിക്കും നിയമനടപടികൾക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

കഴിഞ്ഞ വർഷം ജൂലായിലാണ് വിദ്യാർത്ഥിനി അദ്ധ്യാപകനെതിരേ പരാതി നൽകിയത്. അദ്ധ്യാപകനെന്ന ബന്ധം മുതലെടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. സന്ദേശങ്ങൾ അയച്ചതിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതി ഇന്റേണൽ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു.

സെല്ലിന്റെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാർത്ഥികൾ കൂടി പരാതിയുമായി എത്തിയിരുന്നു. വിദ്യാർത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അദ്ധ്യാപകനിൽനിന്നുണ്ടെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന അദ്ധ്യാപകൻ സസ്പെൻഷനിലാണ്.

കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അദ്ധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസർ ഹാരിസ് കോടമ്പുഴ അറസ്റ്റിലായത്. കേസിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് 354 വകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ഹാരിസിനെതിരെ ഒരു വിദ്യാർത്ഥിനി വൈസ് ചാൻസലർക്കും വകുപ്പ് തലവനും നൽകിയ പരാതിയിലാണ് സസ്പെൻഷനെങ്കിലും ഇദ്ദേഹത്തിനെതിരെ കൂടുതൽപേർ പരാതികൾ ഉയർന്നുവന്നിരുന്നു. പരാതി ഇന്റേണൽ കംപ്ലയിന്റ് സെല്ലിലേക്ക് സമർപ്പിക്കുകയും സെല്ലിന്റെ ശുപാർശ അനുസരിച്ച് ഹാരിസിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതെന്ന് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചത്.

പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.ഇത് സംബന്ധമായി തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയതിരുന്നത്. എന്നാൽ മുമ്പ് കോച്ചിങ് സെന്റർ നടത്തിയിരുന്ന ഇദ്ദേഹം വിവാഹമോചിതനാണെന്നും സമാനമായി നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതരാ ആരോപണം ഉയർന്നിരുന്നു.

അക്കാദമിക സഹായം വാഗ്ദാനം ചെയ്ത് ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു ആരോപണം. ആദ്യം വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം പിന്നീട് ദൃഢമായിക്കഴിഞ്ഞാൽ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നുമാണ് പരാതി.

നിരവധി വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുണ്ടെന്നും വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഡിപ്പിച്ചതായും ആരോപിച്ചിരുന്നു. ആത്മാർത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിക്കുന്നുണ്ടെന്നും, ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ കൂട്ടത്തിലുണ്ടെന്നും ഇക്കാര്യങ്ങൾ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചിരുന്നു.