കൊടകര: തൃശൂരിൽ വൻ കഞ്ചാവ് വേട്ട. ചരക്കു ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. കൊടകര ദേശിയ പാതയിൽ നടന്ന പരിശോധനയിലാണ് സംഭവം. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് ലുലു (32), വടക്കാഞ്ചേരി പെരിങ്ങണ്ടൂർ കുരുവിൽ ഷാഹിൻ (33), പൊന്നാനി ചെറുകുളത്തിൽ സലീം (37) എന്നിവരെയാണു ചാലക്കുടി ഡിവൈഎസ്‌പി സി.ആർ. സന്തോഷും സംഘവും പിടികൂടിയത്.

ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് 5 കോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്. ആന്ധ്രയിൽ നിന്നാണ് മൂന്നംഗ സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന 'മിഷൻ ഡാഡ്' ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട.

റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ കൊടകര പേരാമ്പ്രയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണു ലോറി പിടിയിലായത്. ആന്ധ്രപ്രദേശിലെ അനക്കപ്പള്ളി എന്ന സ്ഥലത്തു നിന്നു കിലോയ്ക്ക് 5000 രൂപയ്ക്കാണു കഞ്ചാവു സംഭരിച്ചതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു.

'ഗ്രീൻ കഞ്ചാവ്' എന്ന പേരിൽ കുപ്രസിദ്ധമായ കഞ്ചാവാണിത്. ഗ്രാമിന് 500 രൂപയ്ക്കാണ് ഇവ കേരളത്തിൽ വിൽക്കുന്നത്. പിടിയിലായ ശാഹിൻ മൂന്നു വർഷം മുൻപ് പച്ചക്കറി വ്യാപാരിയിൽനിന്ന് പണം കവർന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.