- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിനിടെ തർക്കിച്ചതിന് ഒരു സുഹൃത്തിനെ കൊന്നു; വിവരം പുറത്ത് പറയാതിരിക്കാൻ രണ്ടാമനെയും; ഒടുവിൽ വിഭ്രാന്തി മൂത്ത് മറ്റൊരാൾ ആത്മഹത്യ ചെയ്തു: കല്ലമ്പലത്തെ മൂന്ന് അടുത്ത സുഹൃത്തുക്കളുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു
തിരുവനന്തപുരം: കല്ലമ്പലത്ത് സുഹൃത്തുക്കളായ മൂന്ന് പേർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചതിൽ രണ്ടെണ്ണം കൊലപാതകവും ഒരെണ്ണം അറസ്റ്റ് ഉണ്ടാകുമെന്ന ഭയത്തെ തുടർന്നുള്ള ആത്മഹത്യയുമാണെന്നു തെളിഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് അടുത്ത സുഹൃത്തുക്കളുടെ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്. മദ്യപാനത്തിനിടെ തർക്കിച്ചതിനാണ് ഒരു സുഹൃത്തിനെ കൊലപ്പെടുത്തിയത്. വിവരം പുറത്ത് പറയാതിരിക്കാൻ രണ്ടാമനെ പിറ്റേദിവസം പിക് അപ്പ് വാൻ ഇടിച്ചു കൊലപ്പെടുത്തി. ഒടുവിൽ വിഭ്രാന്തി മൂത്ത് മറ്റൊരാൾ ആത്മഹത്യയിലും അഭയം പ്രാപിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഇവരുടെ സംഘത്തിലെ പതിനഞ്ചോളം പേർ പൊലീസ് കസ്റ്റഡിയിലും നിരീക്ഷണത്തിലുമാണ്. സംഘം ചേർന്നുള്ള മദ്യപാനത്തിനിടെ ആലപ്പുഴയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥൻ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാർ(49) ഞായറാഴ്ച വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ചിരുന്നു. ഈ കൊലപാതകം മറച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ് മറ്റു രണ്ടു മരണങ്ങളും സംഭവിച്ചത്.
സംഘം ചേർന്നുള്ള മദ്യപാനത്തിലെ തർക്കത്തിനിടെ അജിത് കുമാറിനെ കൊല്ലപ്പെടുത്തി. കൊലപാതകം പിടിക്കപ്പെടുമോ എന്ന ഭയം ഇവർക്കുണ്ടായിരുന്നു. പിറ്റേന്നു രാത്രി സംഘത്തിലെ മറ്റുള്ളവർ ചേർന്നു മദ്യപിക്കുന്നതിനിടെ കൊലപാതകത്തെച്ചൊല്ലി തർക്കമുണ്ടായെന്നും സംഘത്തിലുള്ള സജീവ് കുമാർ എന്നയാൾ സ്വന്തം പിക്കപ് വാൻ ഓടിച്ചു കയറ്റി മുള്ളറംകോട് അജീഷ് ഭവനിൽ അജിത്തി(29)നെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതായിരുന്നു രണ്ടാമത്തെ സംഭവം. അജിത്തിനൊപ്പം പിക്കപ് വാൻ ഇടിച്ചു ഗുരുതര പരുക്കേറ്റ സംഘാംഗം പ്രവീൺ ചികിത്സയിലാണ്.
പിറ്റേന്നു പുലർച്ചെയാണ് മൂന്നാമനായ പ്രസിഡന്റ് ജംക്ഷൻ കാവുവിള വീട്ടിൽ ജിംനേഷ്യം ഉടമ ബിനുരാജ് (46) മരിച്ചത്. അജിത്ത് മരിച്ചതിന്റെ പിറ്റേന്ന് പുലർച്ചെ നാവായിക്കുളം ദേശീയ പാതയിൽ എത്തിയ ബിനു ബസിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. അജികുമാറിന്റെ കൊലപാതകത്തിൽ നേരിട്ടു ബന്ധമുള്ള ബിനുരാജ് പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ ജീവനൊടുക്കിയെന്നാണു പൊലീസ് കരുതുന്നത്. റോഡ് കുറുകെ കടക്കുമ്പോൾ ബസ് ഇടിച്ചതാണെന്ന് ആദ്യം കരുതിയ സംഭവം ബസ് ഡ്രൈവറുടെ മൊഴിയെത്തുടർന്നാണ് ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. പ്രവാസിയായിരുന്ന ബിനുരാജ് മടങ്ങിയെത്തിയ ശേഷമാണു ജിംനേഷ്യം ആരംഭിച്ചത്. അജിത്തും ബിനുരാജും അവിവാഹിതരാണ്.
പൊതുമരാമത്ത് ഉദ്യോഗസ്ഥനായ അജികുമാറിന്റെ വീട്ടിൽ മദ്യസൽക്കാരവും കൂട്ടുകാർ തമ്മിലുള്ള വാക്കേറ്റവും അടിപിടിയും പതിവായിരുന്നെന്നു പൊലീസ് അറിയിച്ചു. ിവാഹമോചിതനായി ഇയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഞായർ രാത്രിയും അയൽക്കാർ ഇവിടത്തെ ബഹളം കേട്ടിരുന്നു. തർക്കത്തിനിടെ കുത്തേറ്റു മരിച്ച അജികുമാറിനെ വീട്ടിൽ ഉപേക്ഷിച്ച് ഇരുപതോളം പേരടങ്ങിയ സംഘം കടന്നു കളഞ്ഞെന്നാണു കരുതുന്നത്. തിങ്കളാഴ്ച രാവിലെ പത്രവിതരണക്കാരനാണു വീടിന്റെ സിറ്റൗട്ടിൽ മൃതദേഹം കിടക്കുന്നതു കണ്ടത്. അന്നു തന്നെ പൊലീസ് 6 പേരെ കസ്റ്റഡിയിൽ എടുത്തു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവർ അന്നു രാത്രി മുള്ളറംകോട് ക്ഷേത്രത്തിനു സമീപം വീണ്ടും ഒത്തുചേർന്നു മദ്യപിച്ചു. അപ്പോഴും വാക്കു തർക്കവും കയ്യേറ്റവുമുണ്ടായി. കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന സജീവ് കുമാറിനെക്കുറിച്ചുള്ള വിവരം പുറത്തു പറയുമെന്ന് അജിത്തും പ്രവീണും പറഞ്ഞതോടെ പ്രകോപിതനായി സജീവ് ഇവരുടെ നേരെ പിക്കപ് വാൻ ഓടിച്ചു കയറ്റുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. രാത്രി ഒന്നരയോടെയായിരുന്നു ഈ സംഭവം. തൊട്ടുപിന്നാലെയാണു ബിനുരാജിന്റെ ആത്മഹത്യ.
മറുനാടന് മലയാളി ബ്യൂറോ