രുപക്ഷെ അടുത്തെങ്ങും സംഭവ്യമാകും എന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ജീവിതം. ഇനിയും പൂർണ്ണ ഫലപ്രാപ്തിയുള്ള മരുന്നുകൾ കണ്ടെത്താത്ത മഹാമാരിയെ കീഴടക്കി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകുക അസാദ്ധ്യം എന്നു തന്നെയാണ് ഇതുവരെ ലോകം വിശ്വസിച്ചിരുന്നതു, എന്നാലവിടെ പുതിയൊരു വഴിയിലൂടെ നയിക്കാൻ ഇംഗ്ലണ്ട് എത്തുകയാണ്. ഇനിയുള്ള കാലം കോവിഡിനൊപ്പം ജീവിക്കുവാൻ നിയന്ത്രണങ്ങൾ എല്ലാം പാടെനീക്കി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്.

വരുന്ന മാർച്ച് 24 വരെയാണ് ഇപ്പോൾ നിലനിൽക്കുന്ന സെൽഫ് ഐസൊലേഷൻ നിയമങ്ങൾക്ക് സാധുതയുള്ളത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ നിയന്ത്രണങ്ങൾ ഒരു മാസം മുൻപ് തന്നെ പിൻവലിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ടോറി നേതാക്കളെ അറിയിച്ചു. പോസിറ്റീവ് സ്ഥിരീകരിച്ചാൽ സെൽഫ് ഐസൊലേഷനിൽ പോകണം എന്ന നിയന്ത്രണം കൂടി എടുത്തുമാറ്റുന്നതോടെ കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഇല്ലാതെയാവുകയാണ്.

ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങൾ എല്ലാം ഈ മാസം അവസാനത്തോടെ പിൻവലിക്കും എന്ന പ്രതീക്ഷ കൈവന്നതോടെ സ്‌കോട്ട്ലാൻഡിലും വെയിൽസിലും ഭരണകൂടങ്ങൾക്ക് മേൽ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ സമ്മർദ്ദമേറിയിട്ടുണ്ട്. ഫെബ്രുവരി 21 ന് പാർലമെന്റ് ഹ്രാസ്വകാലത്തേക്ക് ചേരുമ്പോൾ തന്റെ ''കോവിഡിനൊപ്പം ജീവിക്കുക'' എന്ന പദ്ധതി പാർലമെന്റിൽഅവതരിപ്പിക്കും എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. സെൽഫ് ഐസൊലേഷൻ നിയമം മാറ്റുക എന്നതാണ് ഈ പദ്ധതിയിലെ പ്രധാന ഇനം എന്നറിയുന്നു.

അതേസമയം, ബോറിസ് ജോൺസന്റെ പ്രസ്താവന മൂലം സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോൾ സ്റ്റർജനുമായുള്ള ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമാണിപ്പോൾ ഉളവായിരിക്കുന്നത്. നിയന്ത്രണങ്ങൾ നീക്കം എന്ന പ്രഖ്യാപനത്തിനു മുൻപായി അതിന്റെ പ്രത്യാഘാതങ്ങളും പരിണിതഫലങ്ങളും വിലയിരുത്താൻ ആവശ്യമായ സമയം ബ്രിട്ടീഷ് സർക്കാർ അംഗരാഷ്ട്രങ്ങൾക്ക് നൽകിയില്ല എന്നായിരുന്നു സ്റ്റർജൻ ആരോപിച്ചത്. നിയന്ത്രണങ്ങൾ മാറ്റുന്നതുകൊണ്ട് സ്‌കോട്ടലാൻഡിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ബ്രിട്ടീഷ് സർക്കാർ വിലയിരുത്തണമെന്നും സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ആവശ്യപ്പെട്ടു. കോവിഡ് -19 പ്രതിസന്ധിയുമായി നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടര്ന്നും ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം.

സെൽഫ് ഐസൊലേഷനും മാസ്‌ക് ധരിക്കലുമാണ് കോവിഡിനെ പ്രതിരോധിക്കുവാനുള്ള ഔഷധേതര വഴികൾ. സാഹചര്യങ്ങൾ വിലയിരുത്തിയും രംഗത്തെ വിദഗ്ദരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചതിനു ശേഷവും മാത്രമേ ഇതുമായി ബന്ധപ്പെട്ട ഇളവുകൾ പരിഗണിക്കാൻ കഴിയൂ എന്നായിരുന്നു സ്‌കോട്ട്ലാൻഡ് സർക്കരിന്റെ ഒരു വക്താവ് അറിയിച്ചത്. എന്നാൽ, ഇംഗ്ലണ്ട് നിയന്ത്രണങ്ങൾ നീക്കം ചെയ്യും എന്ന് വന്നതോടെ മറ്റ് മൂന്ന് അംഗരാജ്യങ്ങൾക്ക് മേലും സമ്മർദ്ദം ഏറിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്‌ച്ചയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം എന്ന നിയമം ഉൾപ്പടെയുള്ള നിലവിലെ നിയന്ത്രണങ്ങൾ സ്‌കോട്ട്ലാൻഡിൽ വീണ്ടും നീട്ടിയത്. നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ രോഗവ്യാപനതോതെ കുത്തനെ ഉയരാതെ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ അടിസ്ഥാനപരമായ നിയന്ത്രണങ്ങൾ ഇനിയും കുറച്ചുകാലം കൂടി തുടരേണ്ടതുണ്ടെന്നുമായിരുന്നു അവർ പാർലമെന്റിൽ പറഞ്ഞത്. ഏതായാലും ഈ മാസം അവസാനത്തോടെ തന്റെ ''കോവിഡിനൊപ്പം ജീവിക്കുക'' എന്ന പദ്ധതി സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.

ഒരാഴ്‌ച്ച മുൻപായിരുന്നു ഡെന്മാർക്ക് എല്ലാ കോവിഡി നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്. എന്നാൽ, കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർ നാല് ദിവസത്തെ ക്വാറാന്റൈന് വിധേയരാകണം എന്ന് നിയമം അനുശാസിക്കുന്നു. ഇവിടെ ഇംഗ്ലണ്ട് ഒരു പടികൂടി മുൻപോട്ട് പോവുകയാണ്. ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവർ പോലും ക്വാറാന്റൈന് വിധേയരാകേണ്ടതില്ല.

സ്‌കാൻഡിനേവിയൻ രാജ്യമായ സ്വീഡനും ഡെന്മാർക്കിന്റെ വഴിയിലേക്ക് നീങ്ങുകയാണ്. എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുമെങ്കിലും ക്വാറന്റൈൻ നിയമമ ഏപ്രിൽ 1 വരെ നിലനിൽക്കും. നോർവേയും ഫെബ്രിവരി 17-ഓടെ നിയന്ത്രണങ്ങൾ എടുത്തുകളയുവാൻ തയ്യാറെടുക്കുകയാണ്. എന്നാൽ കോവിഡ് ബാധയുള്ളവർ നിർബന്ധമായും വീടുകൾക്കുള്ളിൽ തന്നെ തുടരേണ്ടതായി വരും.

ബ്രിട്ടനിൽ കോവിഡ് വ്യാപനതോത് താഴോട്ട് തന്നെ

ഇന്നലെയും ബ്രിട്ടനിലെ കോവിഡ് വ്യാപന നിരക്ക് കുറയുകയാണെന്ന സൂചനയാണ് ലഭിച്ചത്. ഇന്നലെ 68,214 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. തൊട്ട് മുൻപത്തെ ആഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 22.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതിനു തികച്ചും വിരുദ്ധമായ ഒരു റിപ്പോർട്ടാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിടുന്നത്. കഴിഞ്ഞയാഴ്‌ച്ച ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനം ഏകദേശം 7 ശതമാനത്തോളം വർദ്ധിച്ചു എന്നാണ് അവരുടെ കണക്കുകൾ കാണിക്കുന്നത്.

ഫെബ്രുവരി 5 ന് അവസാനിച്ച ആഴ്‌ച്ചയിൽ, ഏതൊരു ദിവസവും ശരാശരി 2.8മില്യൺ ആളുകളെങ്കിലും ഇംഗ്ലണ്ടിൽ കോവിഡ് ബാധിതരായി ഉണ്ടയിരുന്നു എന്ന് അവർ വ്യക്തമാക്കുന്നു. ഇത് ഫെബ്രുവരി 5 വരെയുള്ള കണക്കുകൾ പ്രകാരമാണ്. അതിനു ശേഷമുള്ള കോവിഡ് വ്യാപനത്തിന്റെ ഗതിവിഗതികൾ ഒ എൻ എസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടുന്ന കോവിഡ് രോഗികളുടെ എണ്ണം 15.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മരണനിരക്കിൽ ഇന്നലെ ഉണ്ടായത് 50 ശതമാനത്തിന്റെ കുറവായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായിരുന്നു.