രണകൂടങ്ങൾ ഇല്ലാത്ത ലോകം എന്നതുൾപ്പടെ മനുഷ്യ സ്വാതന്ത്ര്യത്തെ കുറിച്ച് സ്വപ്നങ്ങളും സങ്കല്പങ്ങളും ഏറെയുണ്ടെങ്കിലും ഇന്ന് നിലനിൽക്കുന്ന ഭരണവ്യവസ്ഥകളിൽ ഏറ്റവും മനോഹരവും, ഏറ്റവുമധികം സ്വാതന്ത്ര്യം ജനങ്ങൾക്ക് അനുവദിക്കുന്നതും ജനാധിപത്യ ഭരണ സംവിധാനമാണെന്നുള്ളതിന് സംശയമൊന്നുമില്ല. എന്നാൽ ജനാധിപത്യ ഭരണ സംവിധനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ തന്നെ വ്യത്യസ്ത തോതിലാണ് ജനാധിപത്യവും പൊതുജന സ്വാതന്ത്ര്യവും എല്ലാം നിലനിൽക്കുന്നത്. പാക്കിസ്ഥാൻ ഒരു ജനാധിപത്യ രാഷ്ട്രമാണെന്ന് പറയുമ്പോഴും സൈന്യവും മതമേലധ്യക്ഷരുമാണ് യഥാർത്ഥ അധികാരം കൈയാളുന്നതെന്നത് പരസ്യമായ കാര്യമാണല്ലോ.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്റെ തോതും മനുഷ്യ സ്വാതന്ത്ര്യവും മനുഷ്യാവകാശ സംരക്ഷണവും എല്ലാം കണക്കിലെടുത്ത് എല്ലാ വർഷവും എക്കണോമിസ്റ്റ് ഇന്റലിജനസ് യൂണിറ്റ് (ഇ ഐ ടി) തായാറാക്കുന്നതാണ് ജനാധിപത്യ സൂചിക അല്ലെങ്കിൽ ഡെമോക്രസി ഇൻഡക്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജാനധിപത്യ രാഷ്ട്രങ്ങളായി പരിഗണിക്കപ്പെടുന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും റാങ്കിങ് ഈ വർഷം ജനാധിപത്യ സൂചികയിൽ കുത്തനെ ഇടിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളായിരുന്നു അതിന് കാരണം.

ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഇന്ത്യ വളരെ പിന്നിലേക്ക് പോയിരിക്കുകയാണ്. 46ാം റാങ്കാണ് ഇന്ത്യക്ക്. പൂർണ ജനാധിപത്യം, അപര്യാപ്ത ജനാധിപത്യം, ഏകാധിപത്യഭരണകൂടം, മിശ്രഭരണകൂടം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. ഇതിൽ അപര്യാപ്ത ജനാധിപത്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കൽ, ന്യൂനപക്ഷങ്ങളെയും, പ്രതിപക്ഷത്തെയും വിമർശകരെയും അടിച്ചമർത്തൽ എന്നിവയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യം പൂർണ ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യയ്ക്ക് 8 പോയിന്റിന് മേലേ ഉണ്ടായിരുന്നു. 2014 ആയപ്പോഴേക്കും അത് 7.92 ആയി കുറഞ്ഞു. 2021 ൽ അത് 6.91 ആയി കുറഞ്ഞിരിക്കുകയാണ്.

ലോകത്തിൽ ജനാധിപത്യം തൊട്ടുകൂട്ടിയിട്ടില്ലാത്ത രാജ്യമായി, 167 രാജ്യങ്ങളുള്ള ഈ സൂചികയിൽ ഏറ്റവും അവസാനമെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. മനുഷ്യാവകാശങ്ങളുടെ ക്രൂരമായ ലംഘനങ്ങളാണ് അവസാന സ്ഥാനത്തിനായി മ്യാന്മാറിനേയും ഉത്തരകൊറിയയേയും തോല്പിക്കാൻ അഫ്ഗാനിസ്ഥാനെ സഹായിച്ചത്. താലിബാന്റെ മണ്ടൻ പരിഷ്‌കാരങ്ങളും ക്രൂരമായ ശിക്ഷാ നടപടികളുമൊക്കെ ഇക്കാര്യത്തിൽ അഫ്ഗാനിസ്ഥാനെ സഹായിച്ചിട്ടുണ്ട്.

ഇ ഐ യു വിന്റെ കണക്കുകൾ പ്രകാരം മൊത്തം ലോക ജനസംഖ്യയുടെ പകുതിയിൽ താഴെ ജനങ്ങൾ മാത്രമെ ജനാധിപത്യ വ്യവസ്ഥിതിയിൽ ജീവിക്കുന്നു. എന്നാൽ, വർഷം പോകുന്തോറും ഇവരുടെ എണ്ണം വീണ്ടും കുറഞ്ഞു വരികയാണ്. നിലവിൽ ജനാധിപത്യത്തിന്റെ തോത് കുറയുവാൻ കാരണം കോവിഡ് നിയന്ത്രണങ്ങളുമായി നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ്. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കും വിധമായിരുന്നു പല നിയന്ത്രണങ്ങളും. എന്നാൽ, ജനാധിപത്യത്തിന്റെ അളവ് കുറയാൻ ആരംഭിച്ചത് കോവിഡ് ആരംഭിച്ചത് മുതലല്ല എന്നും ഇ ഐ ടി വെളിപ്പെടുത്തുന്നു.

വിവിധ രാജ്യങ്ങൾ നടപ്പാക്കിയ ചില യാത്രാ നിയന്ത്രണങ്ങളും അതുപോലെ മനുഷ്യാവകാശങ്ങൾക്ക് നേരെ ഉണ്ടായ കടന്നാക്രമണങ്ങളൂമൊക്കെ കോവിഡിനു മുൻപേ ജനാധിപത്യത്തിന്റെ അളവ് കുറയാൻ ഇടയാക്കിയിരുന്നു. ലോകത്തിലെ ജനസംഖ്യയിലെ 6.4 ശതമാനം പേർ മാത്രമാണ് സമ്പൂർണ്ണ ജനാധിപത്യത്തിനു കീഴിൽ ജീവിക്കുന്നത്. അതേസമയം 33 ശതമാനത്തിലധികം പേർ ജീവിക്കുന്നത് സമ്പൂർണ്ണ ഏകാധിപത്യത്തിൻ കീഴിലാണ്. ജീവിത നിലവാരത്തിന്റെ കാര്യത്തിലും ജീവിത സന്തോഷത്തിന്റെ കാര്യത്തിലും എന്നപോലെ ജനാധിപത്യത്തിന്റെ കാര്യത്തിലും മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നത് സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ തന്നെയാണ്.

സൂചികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നാലും കൈയടക്കിയിരിക്കുന്നത സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേ, ഫിൻലാൻഡ് , സ്വീഡൻ, ഐസ്ലാൻഡ് എന്നിവയാണ്. അഞ്ചാം സ്ഥാനം ലോകം കാണാത്തത്ര കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ ന്യുസിലാൻഡിനാണ് ലഭിച്ചിരിക്കുന്നത്. 167 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ 167-ാം സ്ഥാനത്ത് എത്തിയപ്പോൾ മ്യാന്മാർ 166, ഉത്തരകൊറിയ 165 എന്നീ സ്ഥാനങ്ങൾ നേടി. ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ റഷ്യയ്ക്ക് ലഭിച്ചത് 124-ാം സ്ഥാനമാണെങ്കിൽ ചൈന 148-ാം സ്ഥാനത്താണ്.

മാത്രമല്ല, റഷ്യയും ചൈനയും ഉൾപ്പെട്ടിരിക്കുന്നത് ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ്. ചൈന സമ്പന്ന രാജ്യമായി മാറിയെങ്കിലും ഇനിയും ഒരു ജനാധിപത്യ രാജ്യമായി മാറിയിട്ടില്ലെന്നാണ് ഈ പഠനം നടത്തിയവർ നിരീക്ഷിക്കുന്നത്. അമേരിക്കയിൽരഷ്ട്രീയ വത്ക്കരിക്കപ്പെട്ട മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ സുതാര്യതക്ക് കളങ്കം വരുത്തുന്നതെ എന്ന് ഗവേഷകർ പറയുന്നു അതായിരുന്നു അമേരിക്കയുടെ സ്ഥാനം കീഴോട്ടുപോകാൻ മറ്റൊരു കാരണം. കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം വിവിധ പാർട്ടികളുടെ ഫണ്ട് സ്വരൂപിക്കലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും ബ്രിട്ടന്റെ നില താഴ്‌ത്തി.