ആറ്റിങ്ങൽ: മക്കൾ പത്തുണ്ടായിട്ടും എൺപത്തഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തർക്കം. മക്കൾ തമ്മിൽ തല്ലിയതോടെ അവശനിലയിൽ ശരീരത്തിൽ ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ ദയയും കാത്ത് ആംബുലൻസിൽ കിടക്കേണ്ടി വന്നത് നാല് മണിക്കൂർ. അമ്മയെ ആരു നോക്കണമെന്ന തർക്കമാണ് മക്കൾ പത്തുണ്ടായിട്ടും ഈ അമ്മയെ അനാഥയാക്കിയത്.

കടുവയിൽ കൊക്കോട്ടുകോണം സ്വദേശിക്കാണ് ദുർഗതി. അമ്മയെ നോക്കാൻ ആരും തയ്യാറാവാതെ വന്നതോടെ പൊലീസിന് ഇടപെടേണ്ടി വന്നു. പൊലീസ് ഇടപെടലിൽ മക്കൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഇതേ വീട്ടിൽ തന്നെ അമ്മയെ പ്രവേശിപ്പിച്ചു. തന്റെ സ്വത്തെല്ലാം മക്കൾക്ക് വീതം വച്ച് നൽകിയ ആളാണ് വയോധിക.. സ്വത്തും പോയി ആരോഗ്യവും നശിച്ചതോടെ മക്കൾക്കും അമ്മയെ വേണ്ടാതാവുക ആയിരുന്നു.

ആറ്റിങ്ങൽ നഗരസഭയിലെ പാർവതീപുരം വാർഡിൽ നാലാമത്തെ മകൾക്കൊപ്പമായിരുന്നു കഴിഞ്ഞ ദിവസം വരെ ജീവിച്ചത്. ഇന്നലെ രാവിലെ അമ്മയെ ഈ മകൾ ആംബുലൻസിൽ കയറ്റി കാഞ്ഞിരംകോണം വാർഡിൽ താമസിക്കുന്ന അഞ്ചാമത്തെ മകളുടെ വീടിനു മുന്നിലെത്തിച്ചു. ഇതോടെ വാർഡ് കൗൺസിലറും നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. രണ്ടു മക്കൾ മരിച്ചു.

മൂത്തമകൾ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും ഇവരെ നോക്കുന്നതിനായി ആശുപത്രിയിൽ പോകേണ്ടതിനാലാണ് നാലാമത്തെ മകൾ അടുത്ത മകളുടെ വീട്ടിലേക്ക് അമ്മയെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് ധാരണയുണ്ടാക്കി. മൂന്നു മാസം വീതം ഓരോ മക്കളും നോക്കാമെന്ന ഉറപ്പ് സ്റ്റേഷനിൽ എഴുതി വാങ്ങിയ ശേഷം മക്കളെ പറഞ്ഞയച്ചുവെന്ന് ആറ്റിങ്ങൽ പൊലീസ് ഇൻസ്‌പെക്ടർ ഡി. മിഥുൻ പറഞ്ഞു.