- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കേസിൽ അറസ്റ്റിലായി; രണ്ട് മാസം മുൻപ് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചിട്ട വിവരവും വെളിപ്പെടുത്തി പ്രതി: കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 24കാരന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ്
ഒറ്റപ്പാലം: മോഷണക്കേസിൽ അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിനിടെ രണ്ടു മാസം മുൻപു സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരവും വെളിപ്പെടുത്തി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പാലപ്പുറത്തെ വിജനമായ പറമ്പിൽ നിന്നു 24കാരനായ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ലക്കിടി മംഗലം കേലത്ത് ആഷിഖിന്റെ (24) മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം ആഷിഖിന്റേതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു.
ആഷിഖിന്റെ സുഹൃത്തും മോഷണക്കേസിലെ പ്രതിയുമായ മലപ്പുറം പാറയ്ക്കൽ മുഹമ്മദ് ഫിറോസ് (25) ആണ് കൊലപാതക കേസിൽ അറസ്റ്റിലായത്. മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടയിൽ ആഷിഖിനെ കുത്തി കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണെന്നു പൊലീസ് അറിയിച്ചു. 2015ൽ പട്ടാമ്പി ഓങ്ങല്ലൂരിലെ മൊബൈൽ കട കുത്തിത്തുറന്നു ഫോണുകൾ കവർന്ന കേസിലെ പ്രതിയാണു ഫിറോസ്. കേസുമായി ബന്ധപ്പെട്ടു കോടതി വാറന്റ് പ്രകാരം പട്ടാമ്പി പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു നാടിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ.
ആഷിഖിനെ കാണാതായതിനെ തുടർന്ന് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഫിറോസിന്റെ വെളിപ്പെടുത്തൽ. ഡിസംബർ 17നു രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ വളപ്പിലായിരുന്നു കൊലപാതകമെന്നാണു മൊഴി. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. ആഷിഖ് ഫിറോസിനെ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും ഇതു തടഞ്ഞ ഫിറോസ് ആഷിഖിന്റെ കഴുത്തിൽ കുത്തിയെന്നുമാണു വെളിപ്പെടുത്തൽ.
സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം പ്രതി പാലപ്പുറം അഴീക്കിലപ്പറമ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചു കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ കയ്യിലെ ചരടും മോതിരവും കണ്ടാണ് ആഷിഖിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മറുനാടന് മലയാളി ബ്യൂറോ