- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പിവടികൊണ്ടു തലയ്ക്കടിച്ചു; വള്ളി കഴുത്തിൽ മുറുക്കി മരണം ഉറപ്പിച്ചു: ജന്മദിനത്തിലും മദ്യപിച്ചെത്തി മർദ്ദിച്ച ഭർത്താവിനെ കൊലപ്പെടുത്തി: ഭാര്യ അറസ്റ്റിൽ
കട്ടപ്പന: മദ്യപിച്ചെത്തി മർദ്ദിച്ച ഭർത്താവിനെ തലയ്ക്കടിച്ചും വള്ളി കഴുത്തിൽ മുറുക്കിയും കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വണ്ടന്മേട് പുതുവൽ കോളനിയിൽ രഞ്ജിത്തി(38)നെയാണ് വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ ഭാര്യ അന്നൈലക്ഷ്മി(28) ആണ് അറസ്റ്റിലായത്.
മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ഭത്താവിനെക്കൊണ്ട് സഹികെട്ട അന്ന ലക്ഷ്മി രഞ്ജിത്തിനെ കാപ്പിവടികൊണ്ടു തലയ്ക്കടിച്ചും വള്ളി കഴുത്തിൽ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് തന്റെ ജന്മദിനത്തിലും മർദിച്ചതോടെയാണ് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നത്. കഴിഞ്ഞ 6ന് രാത്രി പത്തോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വീണു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് അന്ന ലക്ഷ്മി അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മദ്യപിച്ചെത്തുന്ന രഞ്ജിത് ഭാര്യയെയും സ്വന്തം അമ്മയെയും ഉപദ്രവിക്കുന്നതു പതിവായിരുന്നു. പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ കഴിഞ്ഞ വർഷം പിടിയിലായ രഞ്ജിത് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയുമാണ്. അന്നൈലക്ഷ്മിയുടെ ജന്മദിനമായിരുന്ന അന്നും രഞ്ജിത് വഴക്കുണ്ടാക്കി. തടസ്സം പിടിച്ച സ്വന്തം അമ്മയെയും ഉപദ്രവിച്ചു. ഇതിനിടെ അന്നൈലക്ഷ്മി ഭർത്താവിനെ പിടിച്ചു തള്ളി. കൽഭിത്തിയിൽ തലയിടിച്ചു വീണ ഇയാൾ എഴുന്നേറ്റിരുന്നപ്പോൾ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്‌ത്തിയശേഷം പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
മരണത്തിൽ സംശയം തോന്നിയതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമിയുടെയും കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെയും മേൽനോട്ടത്തിൽ വണ്ടന്മേട് എസ്എച്ച്ഒ വി എസ്.നവാസ് നടത്തിയ അന്വേഷണത്തിലാണ് അന്നൈലക്ഷ്മി കുറ്റം സമ്മതിച്ചത്. എസ്ഐമാരായ എബി, സജിമോൻ ജോസഫ്, എഎസ്ഐ മഹേഷ്, സിപിഒമാരായ ടോണി, അനീഷ്, ഡബ്ല്യുസിപിഒ രേവതി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ