തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തതിൽ മുഖ്യമന്ത്രി മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിക്കുമ്പോൾ ആ കേസ് പുതിയ തലത്തിലേക്ക്. ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർ കക്ഷികളാക്കിയുള്ള ഹർജി തങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണെന്നും ലോകായുക്തയും ഉപ ലോകായുക്ത ജസ്റ്റിസ് ഹാരൂൺ ആർ.റഷീദും നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിൽ ഇനിയുള്ള നടപടികൾ നിർണ്ണായകമാകും.

മന്ത്രിസഭയ്ക്കു ദുരിതാശ്വാസ നിധിയിൽ നിന്ന് എത്ര സഹായം വേണമെങ്കിലും നിയമപ്രകാരം നൽകാൻ കഴിയുമെന്നു ലോകായുക്ത നിരീക്ഷിച്ചു. ധനസഹായം നൽകിയതു മന്ത്രിസഭയുടെ അംഗീകാരത്തോടെ എന്നാണു രേഖകളിൽ കാണുന്നത്. സർക്കാർ സ്വജനപക്ഷപാതം നടത്തി പണം അനുവദിച്ചതിനു പരാതിക്കാരന്റെ പക്കൽ രേഖകളുണ്ടോയെന്നും ലോകായുക്ത ചോദിച്ചു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രന്റെയും കുടുംബത്തിനു ദുരിതാശ്വാസ നിധിയിൽ നിന്ന് അനധികൃതമായി പണം അനുവദിച്ചതായാണ് പരാതി. പാർട്ടി സെക്രട്ടറിയുടെ സുരക്ഷയ്ക്കു പോയ പൊലീസുകാരന്റെ കുടുംബത്തിന് എന്തിനാണു പണം അനുവദിച്ചതെന്നു പരാതിക്കാരന്റെ അഭിഭാഷകൻ ചോദിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബങ്ങളിൽ നിരവധി പേർ മരിക്കുന്നുണ്ട്. അവർക്കൊന്നും സർക്കാർ പണം കൊടുക്കാതെ ഈ 3 പേരുടെ കുടുംബത്തിനു മാത്രമായി വലിയ തുക സഹായം അനുവദിച്ചു. 3 കുടുംബങ്ങളും സഹായത്തിനായി അപേക്ഷിച്ചിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു. കോടിയേരിയുടെ സുരക്ഷയ്ക്കായാണു പോയതെങ്കിലും അത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമല്ലേയെന്നു ലോകായുക്ത ചോദിച്ചു.

പണം നൽകാൻ സർക്കാരിനു ബാധ്യതയില്ലേ ? തനിക്കു ഭീക്ഷണിക്കത്തുകൾ വരാറുണ്ടെങ്കിലും ഗൗനിക്കാറില്ല. സർക്കാരിനോടു സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മന്ത്രിസഭായോഗമാണു പണം അനുവദിച്ചതെന്നും മുൻ സർക്കാരുകളും പണം അനുവദിച്ചിട്ടുണ്ടെങ്കിലും പരാതി ആദ്യമായാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി പറഞ്ഞു.

വ്യക്തികൾ ക്രമക്കേടു നടത്തിയെങ്കിൽ മാത്രമേ ലോകായുക്തയ്ക്കു പരിശോധിക്കാൻ അധികാരമുള്ളൂവെന്നും മന്ത്രിസഭയെടുത്ത തീരുമാനങ്ങൾ പരിശോധിക്കാനുള്ള അധികാരമില്ലെന്നും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പറഞ്ഞു. മാർച്ച് മൂന്നിനു കേസ് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 11ന് കേസ് പരിഗണിക്കവേ, മന്ത്രിസഭ കൂട്ടുത്തരവാദിത്തത്തോടെ എടുക്കുന്ന തീരുമാനങ്ങളിൽ മന്ത്രിമാർക്ക് വ്യക്തിപരമായി ഉത്തരവാദിത്തം എങ്ങനെ ഉണ്ടാവുമെന്ന് ലോകായുക്ത ചോദിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കാനും സമാനമായ കോടതി വിധികളുണ്ടെങ്കിൽ ഹാജരാക്കാനും ഹർജിക്കാരനോട് ലോകായുക്ത നിർദ്ദേശിച്ചിരുന്നു.

മന്ത്രിമാർ സർക്കാർ ജീവനക്കാരാണെങ്കിലും മന്ത്രിസഭ സർക്കാർ ജീവനക്കാരുടെ പരിധിയിൽ വരുന്നില്ലെന്നും സർക്കാർ ജീവനക്കാർക്കെതിരായ പരാതികൾ മാത്രമേ ലോകായുക്തയ്ക്ക് പരിഗണിക്കാൻ അധികാരമുള്ളൂവെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ മന്ത്രിസഭയെ അല്ല, തീരുമാനം കൈകൊണ്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കേസിൽ എതിർകക്ഷികളാക്കിയതെന്നും അവർ പൊതുപ്രവർത്തകർ എന്ന നിലയിൽ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.

യാതൊരു മാനദണ്ഡങ്ങളും കൂടാതെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സർക്കാരുകൾ തുടർന്നാൽ എന്താവും അവസ്ഥയെന്ന് വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.