കായംകുളം: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിയെ തുടർന്ന് മലയാളി വിദ്യാർത്ഥികളടക്കം യുക്രൈനിൽ നേരിടുന്ന പ്രതിസന്ധികളുടെ വാർത്തകൾ കേട്ട് നടുക്കത്തിലാണ് കായംകുളത്തെ അഖിൽ രഘുവിന്റെ കുടുംബം. വീടിന്റെ അത്താണിയായ അഖിൽ യെമനിൽ ഹൂതി വിമതരുടെ തടവിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യ ജിതിന യുക്രൈനിലെ കീവിൽ കുടുങ്ങിയതാണ് ഇവരുടെ കുടുംബത്തെ ആശങ്കയിലാഴ്‌ത്തുന്നത്.


രണ്ടു യുദ്ധങ്ങളുടെ നടുവിൽപ്പെട്ട് ആശങ്കകളോടെ കഴിയേണ്ടി വരുന്നതിന്റെ ആശങ്കയാണ് അഖിൽ രഘുവിന്റെ കുടുംബം പറയുന്നത്. ആവൂർ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതർ ബന്ദിയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കീവിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് ബങ്കറിൽ അഭയം തേടിയിരിക്കുകയാണെന്ന വാർത്തയും ഈ കുടുംബത്തെ തേടിയെത്തുന്നത്.

കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അവസാനവർഷ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥിനിയാണ് ജിതിന. റഷ്യൻ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാർത്ഥികൾ സ്വയരക്ഷയ്ക്കായി ബങ്കറുകളിൽ അഭയം പ്രാപിച്ചത്. കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തന നീക്കങ്ങളിൽ ഉൾപ്പെട്ട് ജിതിനയ്ക്ക് ഉടൻ നാട്ടിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ വർഷം ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിക്കുന്നത്.

യുഎഇയിലെ ലിവാമറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലിൽ ജീവനക്കാരനാണ് അഖിൽ രഘു. ചെങ്കടലിൽ വെച്ച് കഴിഞ്ഞ ഡിസംബർ 31 നാണ് ഹൂതി വിമതർ കപ്പൽ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതർ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണെന്ന് അഖിലിന്റെ സഹോദരൻ രാഹുൽ പറഞ്ഞു.

കപ്പലിൽ 14 ജീവനക്കാരാണ് ഉള്ളത്. ഇതിൽ ആറുപേർ ഇന്ത്യാക്കാരാണ്. അഖിൽ സുരക്ഷിതനാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്കെല്ലാം നിവേദനങ്ങൾ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ ഒരു നടപടിയുമുണ്ടായില്ല.

യെമൻ തീരത്തിന് 50 കിലോമീറ്റർ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗിൽ വച്ചാണ് കപ്പൽ ഹൂതി വിമതർ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാൽ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതർ പറയുന്നത്.