- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈനിൽ നിന്ന് നാല് വിമാനങ്ങളിലായി തിരികെയെത്തിയത് 908 ഇന്ത്യക്കാർ; 82 മലയാളി വിദ്യാർത്ഥികൾ കേരളത്തിലെത്തി; ഓപ്പറേഷൻ ഗംഗ തുടരുന്നു
തിരുവനന്തപുരം: ഇന്ത്യയുടെ യുക്രൈൻ രക്ഷാപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുന്നു. യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർത്ഥികളെ ഞായറാഴ്ച കേരളത്തിലെത്തിച്ചു. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണുണ്ടായിരുന്നത്. തിരുവനന്തപുരത്തു വൈകിട്ട് ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേർ എത്തി.
നെടുമ്പാശേരിയിൽ മന്ത്രി പി.രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരും വിദ്യാർത്ഥികളെ സ്വീകരിച്ചു.
തിരികെയെത്തുന്ന വിദ്യാർത്ഥികൾക്കു യാത്രാ സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയ്‌നിൽനിന്ന് എല്ലാ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
നാല് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 908 ഇന്ത്യക്കാർ തിരികെ എത്തിയത്. റഷ്യൻ അതിർത്തി തുറന്ന് സംഘർഷ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ നടപടി വേണമെന്ന് മലയാളി വിദ്യാർത്ഥികൾ പ്രതികരിച്ചു. ഡൽഹിയിൽ എത്തിയ മലയാളികൾക്ക് കേരളാ ഹൗസിലാണ് മറ്റ് സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
തിരികെ എത്തുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതേസമയം ബുക്കാറസ്റ്റിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങൾ കൂടി ഡൽഹിയിൽ നിന്ന് തിരിച്ചിട്ടുണ്ട്.
25 മലയാളി വിദ്യാർത്ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡൽഹിയിലെത്തിയ വിദ്യാർത്ഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്.
ഡൽഹിയിൽനിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർത്ഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്. ആദ്യ വിമാനത്തിൽ മുംബൈയിൽ നിന്നുള്ള 11 പേരും ഉൾപ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചെന്നും കുറേ വിദ്യാർത്ഥികൾ ഇനിയും പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാർത്ഥികൾ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രെയ്‌നിൽനിന്നും വിമാനം കയറിയത്. ആദ്യ സംഘത്തിലുള്ള ആളുകളായതിനാൽ സുരക്ഷിതമായി എത്തി. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്നും എന്നാൽ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാൽ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
രക്ഷിതാക്കളും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തിയിരുന്നത്. ശനിയാഴ്ച രാത്രി മുംബൈയിൽ എത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ മേൽനോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തിയ വിദ്യാർത്ഥികൾക്കു സംസ്ഥാന സർക്കാർ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ