പത്തനാപുരം: യുദ്ധഭൂമിയിൽ നിന്നും നാട്ടിൽ തിരിച്ചെത്താനായതിന്റെ ആശ്വാസത്തിലും യുക്രൈനിൽ തുടരുന്ന സുഹൃത്തുക്കളെക്കുറിച്ച് ആശങ്കകൾ പങ്കുവച്ച് പത്തനാപുരം സ്വദേശി ആമിന. പോളണ്ടിലെ മലയാളി അസോസിയേഷന്റെ ഇടപെടലാണ് ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയതെന്ന് ആമിന പറയുന്നു.

യുദ്ധം തുടങ്ങിയതു മുതൽ പ്രാർത്ഥനയോടെയായിരുന്നു ആമിനയുടെ കുടുംബവും നാട്ടുകാരും. യുക്രെയ്ൻ ലവീവ് നാഷണൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് പത്തനാപുരം മാങ്കോട് ഫിർദൗസിൽ ദിലീഫ് ഖാന്റെയും നിസാ ബീഗത്തിന്റെയും മകൾ ആമിനാ ദിലീഫ്.

യുദ്ധം തുടങ്ങിയപ്പോൾ മുതൽ ആശങ്കയിലായിരുന്നു. എല്ലാവരും, സമീപത്തെ ചർച്ചിനുള്ളിലെ ബങ്കറിൽ അഭയം തേടി. സൈറൺ അവസാനിച്ചപ്പോൾ ഹോസ്റ്റലിലേക്ക് പോയി. തുടർന്ന് ടാക്‌സിയിൽ പോളണ്ട് അതിർത്തിയായ ഉദ്‌റയിലെത്തി. മൂന്ന് അതിർത്തികൾ ഉണ്ടായിരുന്നെങ്കിലും ബാക്കി രണ്ടെണ്ണവും തുറന്നു കൊടുത്തിരുന്നില്ല. അതു കാരണം തിരക്ക് ഭയാനകമായി.

10 മണിക്കൂറോളം ക്യൂവിൽ നിന്നു മൈനസ് 2 ഡിഗ്രി മുതൽ മൈനസ് 7 ഡിഗ്രി സെൽഷ്യസ് താപനില . തണുപ്പിൽ പലരും തളർന്ന് വീണു. പലരും വിറക്കാൻ തുടങ്ങി . തിരക്കിൽ പലർക്കും മുറിവേറ്റു. ശാരീരിക പീഡനങ്ങൾ മറ്റു പലതും. ആൺകുട്ടികൾക്കാണ് കൂടുതലും ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നത്. ചിലർ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി.

ഫെബ്രുവരി 24-ന് പുലർച്ചെ അപകട സൈറൻ മുഴങ്ങിയ നേരം മുതൽ തുടണ്ടിയ ആശങ്ക. മോഷ്ടാകടെ ശല്യം വേറെ ഭാരമുള്ള ബാഗ് തറയിൽ വച്ചാൽ നഷ്ടപ്പെടും. ബസും ടാക്‌സിയും കിട്ടാതെ 30 കിലോമീറ്റർ കൊടും തണുപ്പിൽ നടന്ന് പോളണ്ട് അതിർത്തിയായ ഷെഹനിലെത്തി. കൊടും തണുപ്പും വിശപ്പും ദാഹവും.

തിക്കും തിരക്കും കാരണം ശ്വാസം വിടാൻ പറ്റാത്ത അവസ്ഥ. വീണ്ടും യുദ്ധ മുന്നറിയിപ്പ്. ഒരു തരത്തിൽ ക്യൂവിൽ നിന്ന് അകത്ത് കടന്നു, ഒരു പാക്കിസ്ഥാനിയുടെ സഹായത്തോടെ 5 കിലോ മീറ്റർ അകലെയുള്ള ഷെൽട്ടറിലേക്ക് ഓടിക്കയറി. ഓർമ്മ പോലും നഷ്ടപ്പെട്ട അവസ്ഥ. പിന്നെയെല്ലാം യാന്ത്രികമായി നീങ്ങുന്ന അവസ്ഥ.

അവർ ഭക്ഷണവും വെള്ളവും നൽകി. താമസിക്കാൻ ഡോർമിറ്ററികൾ തയ്യാറാക്കി. പോളണ്ടിൽ നിന്ന് നാട്ടിലേക്ക് വിളിക്കാൻ കഴിയുന്ന സിം കാർഡുകൾ സംഘടിപ്പിച്ചു നൽകി .. കോവിഡ് പ്രശ്‌നമുള്ളവർ വേറെയും പോളണ്ടിലെ ക്യാമ്പിലെത്തി. അവിടെയും തിക്കും തിരക്കും, ഒന്ന് ഇരിക്കാൻ ഒരുപാട് ആഗ്രഹിച്ചു പോയി. ഭാരമേറിയ ബാഗും ചുമലിലേറ്റി നിൽപ്പും നടപ്പും. കൂടെയുള്ള പലർക്കും ആസ്മയും അലർജിയും പിടിപെട്ടു

ദിവസങ്ങൾക്കു ശേഷം ചൊവ്വാഴ്ച താമസിച്ചിരുന്ന ഡോർമിറ്ററിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഒരു എയർപോർട്ടിൽ ബസിൽ എത്തി. 2 വിമാനത്തിലായി 500 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ബുധനാഴ്ച പുലർച്ചെ ഡൽഹിയിലെത്തി. അവിടെ നിന്നും കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോകിക സ്വീകരണങ്ങൾക്ക് ശേഷം നെടുമ്പാശ്ശേരി വഴി നാട്ടിലേക്ക്. ആശ്വാസ തീരത്ത് എത്തിയെങ്കിലും സുഹൃത്തുക്കളും പരിചയക്കാരുമായ ഒരു പാട് പേർ ഇപ്പോഴും നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ടെന്നത് ആമിനയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്

സ്വന്തം ജോലി മാറ്റിവെച്ച് സ്വന്തം പണം മുടക്കിയാണ് മലയാളി അസോസിയേഷനുകൾ വിദ്യാർത്ഥികളെ സഹായിക്കാനെത്തിയത്. അവരോടുള്ള നന്ദി എത്ര പറഞ്ഞാലും തീരാത്തതാണ്. വൈദ്യസഹായവും മരുന്നും അവർ നൽകി ആമിന പറയുന്നു. മകൾ നാട്ടിൽ എത്തിയ സന്തോഷത്തിലാണ് കുടുംബാഗങ്ങളും ബന്ധുക്കളും.