കൊച്ചി: ഇടപ്പള്ളിയിലെ 'ഇൻക്ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസിലെ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ്.സുജീഷ് അറസ്റ്റിൽ. സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികൾ രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ സുജീഷിനെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ചോദ്യം ചെയ്തു. ഇയാളെ ചേരാനെല്ലൂർ സ്റ്റേഷനിലെത്തിക്കും.

ആറ് ലൈംഗിക അതിക്രമ കേസുകളാണ് ഇതിനോടകം സുജീഷിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ സുജീഷ് ഒളിവിൽ പോയിരുന്നു. ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും പുറത്തെത്തിയിരുന്നു. ശനിയാഴ്ച പൊലീസ് ടാറ്റൂ സ്റ്റുഡിയോയിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

ആറുകേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇടപ്പള്ളിയിലെ ഇൻക്‌ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ കലാകാരൻ പി.എസ്.സുജീഷിനെതിരെ ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമതിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനെല്ലൂർ സ്റ്റേഷനിലും. മീറ്റൂ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സുജേഷ് ഒളിവിൽ പോയിരുന്നു.

ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഇൻക്‌ഫെക്‌റ്റെഡ് സ്റ്റുഡിയോ പൊലീസ് എത്തി തുറന്ന് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌ക്കും, മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. ഒരു മണിക്കൂറോളം പരിശോധന തുടർന്നു. ഇവിടെ അടച്ചിട്ട മുറിയിൽ ടാറ്റൂ ചെയ്യുന്നതിനിടെ ചൂഷണം നേരിട്ടു എന്നാണ് യുവതികളുടെ മൊഴി.

സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങൾ പങ്കുവച്ചെങ്കിലും പരാതി നൽകിയിരുന്നില്ല. പിന്നീടാണ് ആറു പരാതികൾ ലഭിച്ചത്. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ ഇടപെട്ട വനിതാകമ്മിഷൻ യുവതികൾക്ക് നിയമസഹായം നൽകുമെന്ന് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ മറ്റ് ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.