- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയറിങ് പഠനത്തിനായി യുക്രൈനിൽ പോയി; യുദ്ധം തുടങ്ങിയതോടെ റഷ്യയെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന് തമിഴ് യുവാവ്: മകനെ എങ്ങനെ എങ്കിലും തിരികെ കൊണ്ടു വരാൻ മാതാപിതാക്കളും
കോയമ്പത്തൂർ: എൻജിനീയറിങ് പഠനത്തിനു പോയ തമിഴ് യുവാവ് യുക്രൈൻ സൈന്യത്തിൽ ചേർന്നു. തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും ഝാൻസി ലക്ഷ്മിയുടെയും മകൻ സായ്‌നികേഷാണ് (22) യുക്രൈൻ സൈന്യത്തിൽ ചേർന്നത്. ജോർജിയൻ നാഷനൽ ലീജൻ പാരാമിലിറ്ററി യൂണിറ്റിൽ അംഗമായി റഷ്യയ്‌ക്കെതിരെ പോരാടുകയാണ് സായ് നികേഷ്. തോക്കുമായി നിൽക്കുന്ന സായ് നികേഷിന്റെ ചിത്രങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യൻ എംബസിയാണ് സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ ചേർന്ന വിവരം സ്ഥിരീകരിച്ചത്. സായിയുടെ മാതാപിതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചു. മകനെ എങ്ങനെ എങ്കിലും തിരികെ കൊണ്ടു വരണമെന്നതാണ് മാതാപിതാക്കളുടെ ആവശ്യം. 2018 ൽ കോയമ്പത്തൂർ വിദ്യാവികാസിനി മെട്രിക്കുലേഷൻ സ്‌കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ സായ്‌നികേഷ് സൈന്യത്തിൽ ചേരാൻ 2 തവണ ശ്രമിച്ചിരുന്നു. എന്നാൽ, ഉയരക്കുറവു കാരണം വിജയിച്ചില്ല. തുടർന്ന് ചെന്നൈയിൽ യുഎസ് കോൺസുലേറ്റുമായി ബന്ധപ്പെട്ടു യുഎസ് ആർമിയിൽ ചേരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് യുക്രൈനിൽ പഠനത്തിന് പോയത്. 2018 സെപ്റ്റംബറിൽ യുക്രെയ്ൻ ഹർകീവിലെ നാഷനൽ എയ്‌റോ സ്‌പെയ്‌സ് യൂണിവേഴ്‌സിറ്റിയിൽ അഞ്ച് വർഷത്തെ പഠനത്തിനു ചേർന്ന സായ് കഴിഞ്ഞ വർഷം ജൂലൈയിലാണു നാട്ടിൽ വന്നത്. ഫോണിൽ സ്ഥിരം വിളിക്കാറുണ്ടായിരുന്നു. വിഡിയോ ഗെയിം ഡവലപ്‌മെന്റ് കമ്പനിയിൽ പാർട്ട് ടൈം ജോലിക്കു ചേർന്നതായി ഒരു മാസം മുൻപു അറിയിച്ചു. യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയതിനു ശേഷം മകനുമായി ബന്ധപ്പെടാൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല.
കുറച്ചു ദിവസം മുൻപു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ രക്ഷിതാക്കളെ കണ്ടു സായ്‌നികേഷിനെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചു. ഒരു തമിഴ് യുവാവ് യുക്രെയ്ൻ സേനയിൽ ചേർന്നെന്ന് ഒരു തമിഴ് പ്രസിദ്ധീകരണത്തിൽ കണ്ടു പരിഭ്രമിച്ച രവിചന്ദർ യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിലേക്ക് ഇമെയിൽ സന്ദേശം നൽകി. 2 ദിവസം കഴിഞ്ഞപ്പോൾ എംബസി അധികൃതർ രവിചന്ദറുമായി ബന്ധപ്പെട്ടു സായ്‌നികേഷിന്റെ വിവരങ്ങൾ ചോദിച്ചു.
സായ്‌നികേഷ് പിന്നീട് മാതാപിതാക്കളെ വിളിച്ച് യുക്രെയ്‌നിലെ അർധസൈനിക വിഭാഗത്തിൽ തുടരാൻ തീരുമാനിച്ചതായി അറിയിച്ചു. പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിൽക്കണ്ടു മകനെ തിരികെ കൊണ്ടുവരാനാണു രവിചന്ദറിന്റെ തീരുമാനം.