- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭസ്ഥ ശിശു രക്ഷപ്പെടാനുള്ള സാധ്യത 80ശതമാനം; 'ദൈവത്തെ' ഓർത്ത് ഹൈക്കോടതി പുറപ്പെടുവിച്ചത് സമാനതകളില്ലാത്ത വിധി; അച്ഛൻ ഗർഭിണിയാക്കി പത്തു വയസ്സുകാരിക്ക് ഗർഭഛിദ്രം നടത്തുന്നത് മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൽ; അച്ഛനെ അഴിക്കുള്ളിലായ പീഡനം വീണ്ടും ചർച്ചകളിൽ എത്തിക്കുമ്പോൾ
കൊച്ചി: സ്വന്തം പിതാവു ഗർഭിണിയാക്കിയ പത്തുവയസ്സുകാരിക്കു ഗർഭഛിദ്രം നടത്താൻ അനുമതി തേടി മാതാവ് നൽകിയ ഹർജി ഹൈക്കോടതി അനുവദിക്കുന്നത് അസാധാരണ സാഹചര്യം പരിഗണിച്ച്. 24 ആഴ്ച വരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളത്. ഈ സമയ പരിധി കഴിഞ്ഞതിനാലാണ് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഗർഭാവസ്ഥയിലാകാനും പ്രസവിക്കാനുമുള്ള മാനസികാവസ്ഥയിൽ അല്ല പെൺകുട്ടിയെന്നു ഹർജിയിൽ വ്യക്തമാക്കി.
ഇതു കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പത്തുവയസ്സുമാത്രമുള്ള പെൺകുട്ടിക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ സങ്കീർണതകളും കോടതി പരിഗണിച്ചു. അതിന് ശേഷമാണ് സമാനതകളില്ലാത്ത വിധി പ്സ്താവം കോടതിയിൽ നിന്നുണ്ടായത്. എല്ലാ വശങ്ങളും പരിഗണിച്ചാണ് വിധിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ആരോപണം സത്യമാണെങ്കിൽ, ലജ്ജിതനാകുകയാണെന്നു കോടതി പറഞ്ഞു. സമൂഹം മുഴുവനും നാണത്താൽ തലതാഴ്ത്തണം. കുറ്റവാളി പിതാവാണ്. നിയമത്തിന് അറിയാവുന്ന രീതിയിൽ നിയമം അയാളെ ശിക്ഷിക്കും.കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈ കേസിൽ ഈശ്വരനെ മനസ്സിലോർത്താണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു. ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ കുഞ്ഞിന് ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു.
ഗർഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. കുഞ്ഞ് രക്ഷപ്പെടാൻ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നിയമപ്രകാരം വേണ്ടതു ചെയ്യാൻ പെൺകുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് കോടതി അനുമതി നൽകി.
മറ്റു സ്പെഷലിസ്റ്റുകളിൽനിന്ന് വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത്ത് സർവീസസ് ഡയറക്ടർക്ക് അപേക്ഷ നൽകാം. ഡയറക്ടർ ആവശ്യമായതു ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. മാതാപിതാക്കൾ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുകയോ, അവർക്കതിന് സാധ്യമല്ലാത്ത നിലയിലോ ആണെങ്കിൽ സംസ്ഥാനവും ഏജൻസിയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. മെഡിക്കൽ പിന്തുണയും ന്യായമായി സാധിക്കുന്ന സൗകര്യങ്ങളും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ബോംബൈ ഹൈക്കോടതി സമാനമായ സാഹചര്യത്തിലുള്ള കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കിൽ കുഞ്ഞിന്റെ ക്ഷേമത്തിനായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിനെ നേരത്തേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഗർഭസ്ഥശിശു രക്ഷപ്പെടാൻ 80 ശതമാനം സാധ്യതയുണ്ടെന്ന വിലയിരുത്തൽ ഗൗരവത്തോടെയാണ് കോടതി കണ്ടത്. കുഞ്ഞിന് ന്യൂറോസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഐ.സി.യു. പരിചരണം അനിവാര്യമാകുമെന്നും വ്യക്തമാക്കിയിരുന്നു.
2021-ൽ ഭേദഗതിചെയ്ത ഗർഭച്ഛിദ്രത്തെ സംബന്ധിച്ച നിയമപ്രകാരം 24 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാനേ അനുവാദം നൽകാനാകൂ. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭച്ഛിദ്രത്തിന്, അസാധാരണ സാഹചര്യങ്ങളിൽ അനുമതിനൽകാമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഗർഭം തുടരുന്നത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭീഷണിയാണെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ