കൊച്ചി: 'തല്ലുമാല' എന്ന സിനിമയുടെ ലൊക്കേഷനിൽവച്ച് താൻ നാട്ടുകാരെ മർദ്ദിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. കാലിന് പരിക്കേറ്റിരിക്കുന്ന അവസ്ഥയിൽ താൻ എങ്ങനെയാണ് ഒരാളെ മർദ്ദിക്കുകയെന്ന് ഷൈൻ ചോദിച്ചു. ഇന്ന് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം പടയുടെ കൊച്ചിയിൽ നടന്ന പ്രിവ്യൂവിന് ശേഷം സംസാരിക്കവെ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി ഷൈൻ ചോദിച്ചു.

തല്ലിനെക്കുറിച്ച് ചോദിക്കാനില്ലേയെന്ന് മാധ്യമപ്രവർത്തകരോട് ഷൈൻ ചോദിക്കുകയായിരുന്നു. 'ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ തല്ലുമെന്ന് എഴുതിവിടരുത്. ഈ കാല് വച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ' ഷൈൻ പ്രതികരിച്ചു.

ആളെ ഞാൻ തല്ലിയതല്ല എന്ന് മനസിലായോ. അതിൽ വല്ല ഉറപ്പുമുണ്ടോ മിനിമം ഞാൻ കൊല്ലുകേ ഉള്ളൂ. ഇനി കൊല്ലുമെന്ന് പറയരുത് കേട്ടോ. ഈ കാലും വച്ച് ഞാൻ ഒരാളെ തല്ലി എന്നൊക്കെ പറഞ്ഞാൽ മിനിമം ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ, ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഏതാനും ദിവസം മുൻപാണ് തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ സംഘർഷമുണ്ടായതായി വാർത്ത വന്നത്. ടൊവീനോ തോമസ് നായകനാവുന്ന ചിത്രമാണിത്. എച്ച് എം ടി കോളനിയിലാണ് സിനിമയ്ക്കായി സെറ്റ് ഇട്ടിരുന്നത്. ഇവിടെ സിനിമാക്കാർ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തർക്കമുണ്ടായി.

തർക്കത്തിനിടെ ഷൈൻ ടോം ചാക്കോ മർദ്ദിച്ചെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാൽ നാട്ടുകാരാണ് മർദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവർത്തകരുടെ വാദം. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അടുത്തിടെ ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തിൽ പെട്ടിരുന്നു. 'വെയിൽ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടുകയായിരുന്നു. ഷൈൻ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്റുകൾ ഈ അഭിമുഖങ്ങൾക്കു താഴെ നിറഞ്ഞിരുന്നു.

ട്രോൾ വീഡിയോകളും ഈ ദൃശ്യങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. എന്നാൽ യഥാർഥത്തിൽ ഷൈൻ പരുക്കിനെ തുടർന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.

ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടർമാർ നിർദേശിച്ചിരുന്നതെന്നും ഷൈനിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീർ മുഹമ്മദുണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു. വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും മുനീർ മുഹമ്മദുണ്ണി പറഞ്ഞു.

ഷൈനിന് ചില സിനിമകളുടെ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ കാലിന് ഒടിവ് സംഭവിക്കുകയായിരുന്നു. ശേഷം ഡോക്ടർ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ പെയിൻ കില്ലറുകൾ കഴിച്ച് സഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് 'വെയിൽ' സിനിമക്ക് വേണ്ടി ഇന്റർവ്യൂ കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്റർവ്യൂവിന് പകരം 16 ഇന്റർവ്യൂകൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റർവ്യൂകളും കൈവിട്ട് പോവുകയും ചെയ്തു.

പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റർവ്യൂവിന് പങ്കെടുത്തു എന്ന പേരിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓൺലൈൻ സദാചാര പൊലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഷൈനിന്റെ പരിക്കേറ്റ കാലിന്റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടായിരുന്നു മുനീറിന്റെ പോസ്റ്റ്.