- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് യുവമോർച്ച നേതാവ് കുത്തേറ്റ് മരിച്ച സംഭവം: രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്; ഗൂഢാലോചനയില്ല; കൊലപാതകത്തിന് കാരണം പെട്ടന്നുള്ള പ്രകോപനമെന്നും പാലക്കാട് എസ്‌പി; ബിജെപിയുടെ ആരോപണം നിഷേധിച്ച് സിപിഎം
പാലക്കാട്: പാലക്കാട് തരൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവമോർച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് വിശദീകരിച്ച് പൊലീസ്. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു.
സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് എസ്‌പി ആർ. വിശ്വനാഥ് അറിയിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു.
പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നന് ഈമാസം രണ്ടിനാണ് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറിന് കുത്തേറ്റത്. അയൽവാസികളവും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്,സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുൻ, നിഥിൻ എന്നിവരായിരുന്നു പ്രതികൾ. നെഞ്ചിന് കുത്തേറ്റ അരുൺ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
നിഥിനൊഴികെയുള്ള പ്രതികളെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാളായ മിഥുൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. അരുൺ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ശനിയാഴ്ച ആലത്തൂർ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു
ബിജെപി ആരോപണം സിപിഎം നിഷേധിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. അരുൺകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
മറുനാടന് മലയാളി ബ്യൂറോ