തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും കുടുംബവും സാമൂഹ്യ മാധ്യമങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഒരു നടൻ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ജനകീയ പ്രവർത്തനങ്ങളിൽ കൃഷ്ണകുമാർ പങ്കുചേരാറുണ്ട്.

ലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ മികവ് തെളിയിക്കുകയും ചെയ്തിരുന്നു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈകുടുംബം.



മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ഈ കുടുംബം. തങ്ങൾക്ക് ആകുംവിധം സാധാരണക്കാരുടെ ഒട്ടേറെ ആവശ്യങ്ങൽ നിറവേറ്റാൻ ഇവർ പരിശ്രമിക്കാറുണ്ട്.



ഇതിനായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മകൾ ദിയകൃഷ്ണനും ചേർന്ന് രൂപീകരിച്ച ചാരിറ്റബിൾ കമ്പനിയായ ആഹാദിഷികയെ മുൻനിർത്തിയാണ് സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.



ആഹാദിഷികയിലൂടെ വിതുരയിലുള്ള വലിയകാല ട്രൈബൽ സെറ്റലമെന്റ്ലെ ഒൻപത് കുടുംബങ്ങൾക്ക് സൗജന്യമായി ശൗചാലയം നിർമ്മിച്ചു നൽകാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവർ.



കഴിഞ്ഞ ഇരുപതു വർഷമായി വിതുരയിലുള്ള വലിയകാല ട്രൈബൽ സെറ്റലമെന്റ്ലെ 32 കുടുംബങ്ങൾ ശൗചാലയത്തിനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട്.



വന്യ മൃഗങ്ങളായ കാട്ടുപന്നിയുടെയും മ്ലാവിന്റയും ആക്രമണം കൂടി വരുന്ന സാഹചര്യത്തിൽ വീടിനോട് ചേർന്ന് ശൗചാലയം വേണമെന്നുള്ള ഇവരുടെ ആവശ്യം പത്രവാർത്തകളിൽ നിറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ ഉണ്ടായിരുന്നില്ല.



പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയാണ് സേവാഭാരതി വനപാലകനായ വിനോദ് കുമാർ ജീവ കാരുണ്യ സംഘടനയായ ആഹാദിഷികയെ സമീപിച്ചത്.

കാര്യത്തിന്റെ ഗൗരം മനസ്സിലാക്കിയാണ് ആഹാദിഷിക എന്ന ജീവ കാരുണ്യ സംഘടനയുടെ അംഗങ്ങൾ സ്ഥലം സന്ദർശിച്ചത്. കുടുംബങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സ്ത്രീകൾ മാത്രമുള്ള വീടുകളും, ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായം ചെന്നവരുമുള്ള ഒൻപതു വീട്ടുകൾ തിരഞ്ഞെടുത്തു. അവിടെ ശൗചാലയങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ ശൗചാലയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ കുടുംബങ്ങൾക്ക് കൈമാറി.



മാത്രമല്ല അവിടുത്തെ കുടുംബാംഗങ്ങൾക്കൊപ്പം അവരുടെ ആഹ്ലാദത്തിൽ പങ്കുചേരുകയും അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളും മടങ്ങിയത്.