മുക്കൂട്ടുതറ: ശനിയാഴ്ച നടന്ന കേരള ലോട്ടറി കാരുണ്യയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ മുക്കൂട്ടുതറ നിവാസിയാണെന്ന് അറിഞ്ഞതോടെ ആ ലക്ഷാധിപതി ആരെന്ന് തിരയുകയായിരുന്നു നാടും നാട്ടുകാരും. എന്നാൽ ഫലപ്രഖ്യാപനം വന്ന് അഞ്ച് ദിവസത്തോളം പിന്നിടുമ്പോൾ ആ ഭാഗ്യവാൻ ആരെന്ന് അറിഞ്ഞതിലുള്ള അമ്പരപ്പിലാണ് നാട്ടുകാർ.

ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ കെ ഡി 106268 ടിക്കറ്റിനായിരുന്നു. സമ്മാനം തനിക്കാണെന്ന് അറിഞ്ഞിട്ടും അനീഷ് എന്ന മുക്കൂട്ടുതറ പാലയ്ക്കാമണ്ണിൽ മനോജ് (41) അമ്മയോട് അല്ലാതെ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അതിനൊരു കാരണം ഉണ്ടായിരുന്നു.

താൻ ഏറ്റെടുത്ത ഒരു വീടിന്റെ പെയിന്റിങ് ജോലി എത്രയും പെട്ടന്ന് തീർക്കണമെന്ന വീട്ടുകാരുടെ നിർബന്ധമായിരുന്നു തേടിയെത്തിയ ഭാഗ്യം തൽക്കാലം മറച്ചുവയ്ക്കാൻ ആ യുവാവിനെ പ്രേരിപ്പിച്ചത്.

പെയിന്റിങ് ജോലി പൂർത്തിയാക്കാനുള്ള തിരക്കിട്ട ജോലിയിലായിരുന്നു മനോജ് പിന്നീടുള്ള ദിവസങ്ങളിൽ. അപ്പോഴാകട്ടെ ഒന്നാം സമ്മാനം ലഭിച്ച മുക്കൂട്ടുതറക്കാരൻ ആരെന്ന് അറിയാതെ അന്വേഷണത്തിലായിരുന്നു ആ നാട്ടുകാർ.

ലോട്ടറി വിറ്റ എലിവാലിക്കര കാഞ്ഞിരക്കാട്ട് മനോജ് തന്റെ കയ്യിൽ നിന്നും ലോട്ടറി വാങ്ങിയ ആളുകളെ തിരക്കി അന്വേഷണം നടത്തിയിട്ടും ഒന്നാം സമ്മാനക്കാരനെ കണ്ടെത്താനായിരുന്നില്ല. സ്ഥിരമായി മനോജിനോട് ടിക്കറ്റ് എടുക്കുന്ന അനീഷ് ആകട്ടെ മനോജിന് കൂടപ്പിറപ്പ് പോലെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്നിട്ടും അനീഷ് ( മനോജ്) ഒന്നാം സമ്മാനമായ ടിക്കറ്റ് തനിക്കാണെന്ന് തന്റെ ജോലിത്തിരക്ക് കാരണം അറിയിച്ചിരുന്നില്ല.

പെയിന്റിങ് ജോലി പൂർത്തിയായതോടെ അനീഷ് ( മനോജ്) ടിക്കറ്റുമായി ഭാഗ്യക്കുറി വിൽപ്പനക്കാരനായ മനോജിന്റെ അടുക്കൽ ഇന്ന് എത്തുമ്പോഴാണ് നാട് മുഴുവൻ തിരക്കിയ ഭാഗ്യവാൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയ മനോജ് എന്ന അനീഷ് ആണെന്ന് അറിയുന്നത്. വൈകാതെ ഇരുവരും മുക്കൂട്ടുതറ എസ്‌ബിഐ ബാങ്ക് ശാഖയിൽ എത്തി മാനേജർക്ക് ടിക്കറ്റ് കൈമാറി.

താമസിയാതെ നടപടികൾ പൂർത്തിയാക്കി സമ്മാനതുക നൽകാമെന്ന് മാനേജർ അറിയിച്ചു. ആകെയുള്ള 15 സെന്റ് സ്ഥലത്തെ തന്റെ ചെറിയ വീട് പുതുക്കി പണിയണമെന്നും മാതാപിതാക്കളായ ശശികുമാർ, ശാന്തമ്മ, സഹോദരങ്ങൾ എന്നിവർക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കണമെന്നുമാണ് മനോജ് എന്ന അനീഷിന്റെ വലിയ ആഗ്രഹം. ലോട്ടറി സമ്മാനം അതിനായി വിനിയോഗിക്കുമെന്ന് മനോജ് പറയുന്നു.