കൊച്ചി: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖ മറുനാടൻ കഴിഞ്ഞ ദിവസം നൽകി. അതെസമയം പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ പോർട്ടൽ ആയ https://cmo.kerala.gov.in/ അവസാനം അപ് ഡേറ്റ് ചെയ്തത് 01-01-2019 05:14 PM ൽ! എന്ന വിവരവും പുറത്തു വിട്ടു. അതായത് വെബ് സൈറ്റിലെ പ്രാഥമിക വിവരം പോലും ഇന്നലെ വരെ മാറ്റുന്നില്ലായിരുന്നു. ഇതോടെ വെബ് സൈറ്റിന്റെ പ്രവർത്തനം സംബന്ധിച്ച സംശയങ്ങൾ സജീവമായി. എന്നാൽ മറുനാടൻ വാർത്ത വന്ന് മണിക്കൂറുകൾക്ക് അകം വെബ് സൈറ്റിൽ അപ്‌ഡേഷൻ സമയം മാറിയെന്നതാണ് വസ്തുത.

വിവരാവകാശ പ്രവർത്തകനായ കൊച്ചി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരിയുടെ ഇടപെടൽ മൂലം മുഖ്യമന്ത്രിയുടെ ഓഫീസ് ദുരിതാശ്വാസ നിധിയുടെ കണക്ക് പ്രസീദ്ധികരിച്ചു, പിന്നീട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ അപ്‌ഡേറ്റ് ചെയ്തു, ഇതുവരെ ലഭിച്ച പരാതികളുടെ കണക്കും പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് സൈറ്റിന്റെ ചെലവും അപ്‌ഡേഷൻ ഇല്ലാത്തതും അടക്കം മറുനാടൻ വാർത്ത നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആയിരുന്നു ആദ്യം. വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് വിചിത്ര വിവരാവകാശ മറുപടി നൽകി റവന്യു (ഡിആർഎഫ്-എ) വകുപ്പ്. പക്ഷെ വാർത്തയായപ്പോൾ അസാധാരണ നടപടിയിലൂടെ വിവരങ്ങൾ സർക്കാർ സമൂഹത്തെ അറിയിച്ചു.

അത് കഴിഞ്ഞു മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ പഴയ വിവരങ്ങൾ പക്ഷെ ചെലവിടുന്നത് ലക്ഷങ്ങൾ, പരിഹാര സംവിധാനം 'കൈമാറൽ' മാത്രമാവുന്നുവെന്ന് വിവരാവകാശ രേഖ ഗോവിന്ദൻ നമ്പൂതിരി പുറത്തുകൊണ്ടുവന്നു. മറുനാടൻ മലയാളിയിൽ വാർത്ത വന്ന് മണിക്കൂറിനുള്ളിൽ പോർട്ടൽ സർക്കാർ അപ്‌ഡേറ്റ് ചെയ്തു. കൂടാതെ ഇതുവരെ ലഭിച്ച പരാതികളുടെ എണ്ണത്തെ കുറിച്ചും സംസ്ഥാന സർക്കാർ പത്രക്കുറിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റി നിരന്തരം ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളും, പാർട്ടികളും മറന്ന കാര്യങ്ങളാണ് കൃത്യമായി രേഖകളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ അറിയിക്കുന്നതെന്ന് ഗോവിന്ദൻ നമ്പൂതിരി പറയുന്നു. 'ജനങ്ങളുടെ പ്രശ്‌നങ്ങൾ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുതൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം ഫലപ്രദമാകണം, അതുകൊണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്ത ശ്രദ്ധിച്ച നടപടിയെടുത്തതിൽ സന്തോഷം. യഥാർത്ഥമായ പത്രപ്രവർത്തനമാണ് ഇക്കാര്യത്തിൽ മറുനാടൻ നടത്തിയത്, പ്രത്യേകം നന്ദി. വിവാദങ്ങൾ അല്ല ക്രിയാത്മകമായ പ്രവർത്തനമാണ് നാടിന് ആവശ്യം,-ഗോവിന്ദൻ നമ്പൂതിരി കൂട്ടിച്ചേർത്തു.

ഗോവിന്ദൻ നമ്പൂതിരിക്ക് ധനകാര്യ (ഇൻഫോർമേഷൻ) വകുപ്പ് മാർച്ച് 5ന് നൽകിയ മറുപടി പ്രകാരം സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് 2019-20 ലാണ് - 1.16 കോടി രൂപ. 2021-22 ലെ കണക്ക് ലഭ്യമായിട്ടില്ല. 2017-18 ൽ അനുവദിച്ചത് 50 ലക്ഷം രൂപയാണ്. അത്രയും ചെലവാക്കി. അടുത്ത വർഷം 91.56 ലക്ഷം അനുവദിക്കുകയും ചെലവാക്കുകയും ചെയ്തു. ഈ വെബ് സൈറ്റിലാണ് പ്രാഥമിക വിവരമാറ്റം പോലും ഇന്നലെ വരെ നടത്താതിരുന്നത്. പൊതുജന പരാതി പരിഹാരവും ദുരിതാശ്വാസ നിധിയെ പറ്റിയുള്ള പഴയ വിവരങ്ങളാണ് പോർട്ടലിൽ ഇന്നലെ വരെ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ ഓൺലൈനിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുന്ന ഓഫിസായി മാറിയെന്ന ആക്ഷേപം ശക്തമായിരുന്നു. പരാതികളിൽ എന്തു നടപടി സ്വീകരിച്ചെന്നു പോലും പരാതിക്കാർക്കു മറുപടിയും ലഭിക്കുന്നില്ലെന്നും വാർത്ത എത്തി. 45 പേരാണ് ഈ ഓഫിസിൽ. 2016 മെയ് മുതൽ 2022 ജനുവരി 20 വരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചത് 397186 പരാതികൾ. ഇതിൽ 373331 എണ്ണം തീർപ്പാക്കിയെന്നാണു വിവരാവകാശ മറുപടി. ബാക്കിയുള്ള പരാതികളിൽ നടപടി സ്വീകരിച്ചു വരുന്നു. ഗോവിന്ദൻ നമ്പൂതിരിക്കു മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം നേരത്തെ വ്യക്തമായിരുന്നത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ ഫെബ്രുവരി 2020 നാണു കേന്ദ്രീകൃത പൊതുജന പരാതി പരിഹാരവും നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിച്ചത്. അന്നു മുതൽ 2022 ജനുവരി 20 വരെ മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെല്ലിൽ ലഭിച്ചത് 14782 പരാതികളാണ്. ഇതിൽ 14424 തീർപ്പാക്കി. 358 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരുന്നതായാണു മറുപടി. സെല്ലിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറിയാലും അവർ അതു സമയബന്ധിതമായി തീർപ്പാക്കില്ല.

ഇതിനൊപ്പമാണ് ഈ വിഭാഗത്തിന്റെ സൈറ്റ് പോലും മാറ്റം വരുത്തുന്നില്ലെന്ന പരാതി എത്തിയത്. മറുനാടൻ വാർത്തോടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. അടിയന്തര നടപടിയും എടുത്തു.