യുവ സംരംഭകരെ പ്രോത്സഹിപ്പിക്കന്നതിനായി ബി ബി സി വണ്ണിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ലോർഡ് ഷുഗർ അപ്രന്റീസ് 2022 ഷോയിൽ വിജയിയായത് ഇന്ത്യൻ വംശജയായ ഹർപ്രീത് കൗർ. യുവ വ്യവസായികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കുവാനും, കൂടുതൽ വളരുവാനും അവസരമൊരുക്കുക എന്ന ഉദ്ദേശ്യത്തിൽ ബ്രിട്ടനിലെ വ്യവസായ പ്രമുഖനായ ലോർഡ് അലൻ ഷുഗറാണ് 2005- ൽ ഈ റീയാലിറ്റി ഷോ ആരംഭിച്ചത്. ഷോയിൽ വിജയിക്കുന്ന ബിസിനസ്സുകാർക്ക് അവരുടെ ബിസിനസ്സ് വിപുലപ്പെടുത്താനായി നിക്ഷേപവുമായി അലൻ ഷുഗർ അവർക്കൊപ്പം ചേരും.

ഈ വർഷത്തെ മത്സരം കടുപ്പമേറിയതായിരുന്നു എന്നു മാത്രമല്ല, രണ്ട് സ്ത്രീ സംരംഭകരായിരുന്നു ഫൈനൽ റൗണ്ടി എത്തിയതെന്നതും ഈ മത്സരത്തെ ശ്രദ്ധേയമാക്കി. അത്യന്തം ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ ഡെസേർട്ട് പാർലർ ഉടമയായ ഹർപ്രീത് കൗർ എന്ന 30 കാരി വിജയിയായി സമ്മാനത്തുകയായ 2,50,000 പൗണ്ട്(ഏതാണ്ട് രണ്ടരക്കോടി) കരസ്ഥമാക്കി. തന്റെ കോഫീ-കേക്ക് വ്യാപാരം വിപുലപ്പെടുത്തുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം ഹർപ്രീത് പറഞ്ഞു. ബിസിനസ്സ് പാർട്ട്നർ ആയി ലോർഡ് ഷുഗർ തന്നെ തിരഞ്ഞെടുത്തു എന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അവർ പറഞ്ഞു.

പൂർണ്ണമായും ഒരു ബിസിനസ്സുകാരിയാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു മത്സര വിജയത്തിനു ശേഷമുള്ള അവരുടെ വാക്കുകൾ. താൻ ബിസിനസ് രംഗത്തേക്ക് വന്നത് സുഹൃത്തുക്കളെ ഉണ്ടാക്കുവാനല്ല എന്നും പണം ഉണ്ടാക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. മത്സരത്തിന്റെ അവസാന റൗണ്ടിൽ ഹർപ്രീതും എതിരാളിയായ കാതറിനും ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു കാഴ്‌ച്ച വെച്ചത്. ലോർഡ് ഷുഗറിനൊപ്പം വേറെ രണ്ട് വ്യവസായിക പ്രമുഖരും ജഡ്ജിമാരായി ഉണ്ടായിരുന്നു.

ഷുഗർ തന്റെ തീരുമാനം വെളിപ്പെടുത്തുന്നതിനു മുൻപായി, കാരെൻ ബ്രാഡിയും ടിം കാംപെല്ലും ഹർപ്രീതിനെ ബഹുമാനിച്ച സംസാരിച്ചെങ്കിലും അവരുടെ ബിസിനസ്സ് കൂടുതൽ വിപുലപ്പെടുത്താൻ കഴിയുന്ന ഒന്നാണോ എന്ന സംശയം ഉന്നയിച്ചിരുന്നു. ഓൺലൈൻ പൈജാമ സ്റ്റോർ നടത്തുന്ന എതിരാളി കാതറിനും സമാനമായ ചോദ്യം അഭിമുഖീകരിക്കേണ്ടതായി വന്നു. ഇരുവരുടേയും മറുപടി വിശകലനം ചെയ്ത ശേഷമായിരുന്നു ലോർഡ് ഷുഗർ തന്റെ തീരുമാനം വെളിപ്പെടുത്തിയത്.

താൻ തീർത്തും ആശയക്കുഴപ്പത്തിലാണ് എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. ഹർപ്രീതിനെ അഭിസംബോധന ചെയ്ത സംസാരം ആരംഭിച്ച അദ്ദേഹം അവരുടെ ബിസിനസ്സ് കൂടുതൽ വിപുലപ്പെടുത്താൻ കഴിയുന്ന ഒന്നാണോ എന്നകാര്യത്തിൽ സംശയമുണ്ടെന്ന് പറഞ്ഞു. അതേസമയം, കാതറിന്റെ ബിസിനസ്സിലെ സുതാര്യതയും ജനപ്രീതിയും ഷുഗറിൽ സംശയങ്ങൾ ഉയർത്തി. എന്നാൽ, താൻ നിക്ഷേപം നടത്തിയിട്ടുള്ള പല കമ്പനികളും ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയതായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് പറഞ്ഞത് , ''ഹർപ്രീത്, നിങ്ങളാണ് എന്റെ പങ്കാളി'' എന്നായിരുന്നു.

തന്റെ മാതാപിതാക്കളുടെ പലവ്യഞ്ജന കടയിൽ ജോലി ചെയ്തുകൊണ്ടാണ് ഹർപ്രീത് ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുന്നത്. അതിനിടയിൽ ഓപൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കുകയും ഒരു ബാങ്കിൽ പൂർണ്ണ സമയ ജോലി നേടുകയും ചെയ്തു. പിന്നീട്, സ്വന്തമയി നിലനിൽക്കണം എന്ന ചിന്തയിലായിരുന്നു ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് ഹർപ്രീതും സഹോദരി ഗുർവിന്ദറും ചേർന്ന് ഡെസെർട്ട് പാർലർ ആരംഭിച്ചത്. ഇതാണ് വിപുലമാക്കാൻ കഴിയുമെന്ന് അവർ ബിസിനസ്സ് പ്രമുഖനെ പറഞ്ഞു മനസ്സിലാക്കിയത്.

പഞ്ചാബിൽ നിന്നും ബ്രിട്ടനിൽ കുടിയേറിയ ഹർപ്രീതിന്റെ കുടുംബം താമസിക്കുന്നത് ബിർമ്മിങ്ഹാമിലാണ്. ഇവരുടെ മാതാപിതാക്കളുടെ സഹോദരങ്ങളും മറ്റും യോർക്ക്ഷയറിൽ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നു.