- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരസെറ്റമോൾ അടക്കം 872 മരുന്നുകൾക്ക് വിലകൂട്ടി കേന്ദ്രം; ഭൂനികുതിയും വെള്ളക്കരവും കൂട്ടി കേരളവും; വാഹനങ്ങൾക്ക് ഹരിത നികുതി; ഡിജിറ്റൽ ആസ്തി വരുമാനത്തിന് 30% നികുതി; തിരിച്ചറിയൽ രേഖയില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും; പുതിയ സാമ്പത്തിക വർഷം തുടങ്ങുമ്പോൾ
തിരുവനന്തപുരം: ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്പത്തികവർഷത്തിന് ഇന്നു തുടക്കം. കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരിൽ ദുരന്തനിവാരണ നിയമപ്രകാരം ഇനി കേസെടുക്കില്ല. ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ 872 മരുന്നുകൾക്ക് ഇന്നു മുതൽ വില കൂടും. ഇത് കേന്ദ്ര തീരുമാനമാണ്. നികുതി ഭാരം ഉയരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റാണ് ഇതിന് സാഹചര്യമൊരുക്കുന്നത്.
അടിസ്ഥാന ഭൂനികുതി ഇരട്ടിയിലധികം വർദ്ധിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകൾ വർധിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില മുതൽ ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന വരുത്തിയിട്ടുണ്ട്. ഇതോടെ ഭൂമി രജിസ്‌ട്രേഷൻ ചെലവും ഉയരും. വാഹന, ഭൂമി രജിസ്‌ട്രേഷൻ നിരക്കും കൂടും.അടിസ്ഥാന ഭൂനികുതി നിരക്കുകൾ വർധിപ്പിക്കുന്നതോടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് കണക്കുകൂട്ടുന്നത്. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 40.47 ആറിന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും.
കൂട്ടിയ വെള്ളക്കരം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനമാണ് വർധന. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ നിലവിൽ വരും.വാഹന രെജിസ്‌ട്രേഷൻ , ഫിറ്റ്‌നസ് നിരക്കുകളും കൂടും. രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് ഇന്ന് മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്‌റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.
കോവിഡ് പ്രതിരോധ നടപടികളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിച്ചെങ്കിലും മാസ്‌ക് ഉപയോഗവും വ്യക്തിശുചിത്വവും തുടരണമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിച്ചില്ലെന്ന പേരിൽ കേസെടുക്കില്ലെന്ന് ഡൽഹി സർക്കാരും മാസ്‌ക് ഉൾപ്പെടെ മുഴുവൻ കോവിഡ് നിബന്ധനകളും ഒഴിവാക്കുന്നതായി മഹാരാഷ്ട്ര സർക്കാരും പ്രഖ്യാപിച്ചു.
വില നിയന്ത്രണമുള്ള 872 മരുന്നുകൾക്ക് 10.76% വരെയുള്ള റെക്കോർഡ് വിലവർധനയാണ് ഇന്നു നിലവിൽ വരുന്നത്. പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകാം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് (പിഎഫ്) ജീവനക്കാരുടെ വിഹിതമായി പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന പലിശയ്ക്ക് ഈ സാമ്പത്തിക വർഷം മുതൽ ആദായ നികുതി ബാധകമായിരിക്കും. ഇത്തരക്കാർക്ക് പ്രധാന പിഎഫ് അക്കൗണ്ടിനു കീഴിൽ 2 അക്കൗണ്ടുകൾ വേണമെന്ന നിബന്ധന ഇന്നു പ്രാബല്യത്തിൽ വരും.
വസ്തു വിൽക്കുമ്പോൾ മുദ്ര വില/പ്രതിഫലത്തുക 50 ലക്ഷം രൂപയിൽ കൂടിയാൽ അധികതുകയുടെ ഒരുശതമാനം നികുതി സ്രോതസ്സിൽ പിടിക്കും. വസ്തു വിൽക്കുന്ന ആൾ നോൺ റസിഡന്റ് ആണെങ്കിൽ സ്രോതസ്സിൽ 20% നികുതി പിടിക്കും; 50 ലക്ഷം രൂപയെന്ന പരിധിയുടെ ആനുകൂല്യമില്ല. 75 വയസ്സു കഴിഞ്ഞവർക്ക് ആദായനികുതി റിട്ടേൺ ഫയലിങ് ഒഴിവാക്കാനുള്ള തീരുമാനം ഈ സാമ്പത്തികവർഷം നടപ്പാകും. റിട്ടേൺ ഫയൽ ചെയ്യേണ്ടെങ്കിലും നികുതി നൽകണം.
ഭിന്നശേഷിക്കാർക്കുള്ള ഇളവും നിലവിൽ വരും. നിലവിൽ ഭിന്നശേഷിക്കാർക്കായി മാതാപിതാക്കളോ, രക്ഷകർത്താക്കളോ എടുക്കുന്ന ഇൻഷുറൻസ് പോളിസിയിൽ നിന്നു ലഭിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കണമെങ്കിൽ പോളിസി എടുത്തയാളുടെ മരണശേഷമാകണം പണം പിൻവലിക്കുന്നത്. ഈ സാമ്പത്തികവർഷം മുതൽ, പോളിസി എടുത്തയാൾക്ക് 60 വയസ്സായാൽ നികുതിയിളവ് ബാധകം. ഇനി മുതൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80EEA പ്രകാരം ലഭിച്ചിരുന്ന 1.5 ലക്ഷം രൂപയുടെ ആദായനികുതി ആനുകൂല്യം ലഭിക്കില്ല. ഭവന വായ്പയെടുത്തവർക്ക് 3 വർഷമായി നൽകിയിരുന്ന ആനുകൂല്യമാണ് നിർത്തലാക്കിയത്. കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ ഇന്നു മുതൽ പ്രവർത്തനരഹിതമാകും.
20 കോടി രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങൾ ബിസിനസ് ടു ബിസിനസ് (ബി ടു ബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇലക്ട്രോണിക് ഇൻവോയിസ് ജനറേറ്റ് ചെയ്യണം. ജിഎസ്ടി നിയമം അനുസരിച്ച് 50 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥാപനങ്ങൾക്കാണ് ഇ-ഇൻവോയിസ് ഇതുവരെ നിർബന്ധമായിരുന്നത്. ഇൻവോയിസ് ഇല്ലെങ്കിൽ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. ക്രിപ്‌റ്റോ കറൻസിയടക്കമുള്ള വെർച്വൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി പ്രാബല്യത്തിൽ.
മറുനാടന് മലയാളി ബ്യൂറോ