- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരപ്രകാരം അഹിന്ദുക്കൾക്ക് കൂടൽമാണിക്യ ക്ഷേത്രത്തിനകത്ത് കയറാനാകില്ല; മൻസിയയെ ക്ഷണിച്ചത് ഭരണസമിതി സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ; ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ മൻസിയയുടെ നൃത്തപരിപാടി വിലക്കിയതിൽ നിലപാട് മാറ്റി വിശ്വ ഹിന്ദു പരിഷത്ത്. ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്രാചാരപ്രകാരം അഹിന്ദുക്കൾക്ക് കൂടൽമാണിക്യ ക്ഷേത്രത്തിനകത്ത് കയറാനാകില്ല. ക്ഷേത്രാചാരത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ഭരണസമിതി സമുദായങ്ങൾ തമ്മിലുള്ള ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മൻസിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി കുറ്റപ്പെടുത്തി.
കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വി പി മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. വിഎച്ച് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനുമാണ് പ്രസ്താവനയിൽ കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നത്. ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്‌കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമർശിച്ചിരുന്നു.
വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. വേണ്ടി വന്നാൽ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടി ദുരൂഹമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.
അതേ സമയം കൂടൽമാണിക്യം ഭരതക്ഷേത്രത്തലെ ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളിൽ നിന്നും അഹിന്ദുക്കളെ പൂർണമായും വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. സൈജു എസ്. നായർ, വിജയകുമാർ എന്നിവരാണ് ദേവസ്വത്തെ എതിർകക്ഷിയാക്കി ഹർജി നൽകിയത്. അഡ്വക്കേറ്റുമാരായ ബിജു എ.എ, ബിജു കാനാട്ട്, കെ.എ സുനിത എന്നിവർ മുഖേനയാണ് ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിൽ ഇവർ ഹരജി സമർപ്പിച്ചിരിക്കുന്നത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഭരതനാട്യ നർത്തകി മൻസിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങൾ പ്രകാരം ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നും ഇക്കാര്യം ക്ഷേത്രത്തിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഹൈന്ദവവിശ്വാസങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കും വിപരീതമായി മൻസിയ ശ്യാം കല്യാണിന്റെ ഭരതനാട്യം നടത്താൻ ആദ്യം അനുമതി നൽകിയത് ഹിന്ദുമതവിശ്വാസികളോടുള്ള വെല്ലുവിളിയും ക്ഷേത്രത്തോടുള്ള അനാദരവുമാണ്. അതിനാൽ മൻസിയ അടക്കമുള്ള അഹിന്ദുക്കളുടെ മറ്റ് പരിപാടികളൊന്നും ക്ഷേത്ര മതിൽക്കെട്ടിനകത്ത് നടത്തരുതെന്ന് ശാശ്വത നിരോധന ഇഞ്ചക്ഷൻ നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
വിവാദങ്ങൾ തുടരുകയും മൻസിയയ്ക്ക് പിന്തുണ ഏറുകയും ചെയ്യുന്നതിനിടെയാണ് വി എച്ച് പി നിലപാട് മാറ്റിയത്. സംസ്ഥാനത്ത് മതപരിവർത്തനം നിരോധിക്കുന്നതിന് സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും കൊച്ചിയിലെത്തിയ വിഎച്ച്പി രാജ്യാന്തര സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തേ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മൻസിയ ക്ഷേത്ര കലകൾ പഠിച്ചതിന്റെ പേരിൽ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെൺകുട്ടിയാണ്. മതവാദികൾ ഒറ്റപ്പെടുത്തിയപ്പോൾ രക്ഷിതാക്കളുടെ പിന്തുണയിലാണ് മൻസിയ പിടിച്ചുനിന്നത്. അമ്മ കാൻസർ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകൾക്ക് വിലക്കുകൾ മൻസിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മൻസിയ പാസായത്.
അഹിന്ദു ആയതിനാലാണ് കൂടൽ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോൽസവത്തിൽ മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം മൻസിയക്ക് അവസരം നിഷേധിച്ചത്. ഏപ്രിൽ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളിൽ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്.
വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മൻസിയ പറയുന്നു. സമാന കാരണത്താൽ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മൻസിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മൻസിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നർത്തകി മൻസിയയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ'
ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..
മറുനാടന് മലയാളി ബ്യൂറോ