- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആൾക്കാർ ആദരവോടെ തരുന്നതല്ലേ; ഒന്നും പാഴാക്കണ്ട; കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്...'; ആദരാഞ്ജലി പോസ്റ്റുകളെക്കുറിച്ച് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ ചിരിച്ചുവെന്ന് മനോജ് രാംസിങ്; മീഡിയവണിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററും വാർത്തയും വ്യാജമെന്ന് ചാനൽ അധികൃതർ; നിയമനടപടിക്ക്
കൊച്ചി: ബൈപ്പാസ് ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അതേ സമയം മീഡിയവൺ ചാനലിന്റെ പേരിൽ ഫോട്ടോ അടക്കം വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ചാനൽ അധികൃതർ
ഇന്നലെ മുതലാണ് ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്ക പടർത്തി വ്യാജപ്രചാരണങ്ങൾ സജീവമായത്. ശ്രീനിവാസൻ മരിച്ചു എന്ന തരത്തിൽ വരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പ്രമുഖ വ്യക്തികൾ മരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത് ആദ്യമായല്ല. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനും ഇത്തരം പ്രചരണങ്ങളുടെ ഇരയായി മാറുകയായിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള ഒട്ടേറെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇന്നലെയും ഇന്നുമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആശുപത്രിക്കിടക്കയിൽ വച്ച് ഇക്കാര്യം അറിഞ്ഞ ശ്രീനിവാസൻ സ്വതസിദ്ധമായ ഫലിതത്തോടെയാണ് അതിനെ നേരിട്ടതെന്ന് ചലച്ചിത്ര നിർമ്മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുമായ മനോജ് രാംസിങ് പറയുന്നു.
ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞു. ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതൽ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്ന് മനോജ് രാംസിങ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല എന്നും മനോജ് വ്യക്തമാക്കുന്നു.
ശ്രീനിവാസനെ നായകനാക്കി താൻ സംവിധാനം ചെയ്ത അയാൾ ശശി എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്റ്റില്ലുകൾ വ്യാജ വാർത്തകളിൽ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സംവിധായകൻ സജിൻ ബാബുവും രംഗത്തെത്തിയിരുന്നു.
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലാണ് ശ്രീനിവാസൻ ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ നടന് ട്രിപ്പിൾ വെസ്സൽ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടൽ) കണ്ടെത്തി. ഇതേത്തുടർന്ന് മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ശ്രീനിവാസന്റെ 66ാം ജന്മദിനമായിരുന്നു.
വ്യജപ്രചരണത്തിൽ രൂക്ഷവിമർശനവുമായി സിനിമാ നിർമ്മാതാവ് എൻ.എം ബാദുഷ രംഗത്ത് വന്നിരുന്നു. ശ്രീനിവാസനോട് വ്യാജ വാർത്തകളുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടിയും ബാദുഷ പങ്കിടുന്നു.
'മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മരിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജ ത്തോടെയും ഓജ സോടെയുമാണ്.!
ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലർന്ന മറുപടി. വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങൾ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.' അദ്ദേഹം കുറിച്ചു.
കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദ്ദേശമുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. മരുന്നുകളോടു പ്രതികരിക്കുന്നതിനാൽ ശ്രീനിവാസന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ശ്രീനിവാസന്റെ 66ാം ജന്മദിനമായിരുന്നു.
ലൂയിസ് എന്ന ചിത്രമാണ് ശ്രീനിവസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നവാഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 'ലൂയിസി'ന്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും നൽകുകയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ