തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു എന്ന് പ്രശസ്ത പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് അറിയിച്ചു. നീണ്ട ഒരു ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെയായിരുന്നു ഇവർ ഇത് തന്റെ ആരാധകരുമായി പങ്കുവച്ചത്. കെവിൻ ഫെഡെർലൈനുമായുള്ള വിവാഹത്തിൽ ബ്രിട്ട്നിക്ക് രണ്ട് കുട്ടികളുണ്ട്. 16 വയസ്സുള്ള സീൻ പ്രെസ്റ്റണും 15 വയസ്സുള്ള ജെയ്ഡൻ ജെയിംസും. ഇപ്പോൾ കൂടെയുള്ള ആൺ സുഹൃത്ത് സാം അസ്ഘാരിയിൽ നിന്നുള്ള ആദ്യ കുട്ടിയാണിത്.

സാം അസ്ഘാരിയും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹം, കുട്ടികൾ എന്നതെല്ലാം ശക്തമായ പ്രണയബന്ധത്തിന്റെ ഭാഗമാണെന്നായിരുന്നു സാം എഴുതിയത്. ഒരു പിതാവാകണമെന്ന് ദീർഘനാളായി ആഗ്രഹിക്കുകയായിരുന്നു എന്നും, ആ നിലയിലുള്ള തന്റെ കടമ താൻ ആത്മാർത്ഥതയോടെ നിർവഹിക്കുമെന്നും സാം അറിയിച്ചു.

നീണ്ട പതിമൂന്ന് വർഷക്കാലം പിതാവിന്റെ കൺസർവേറ്റർഷിപ്പിൽ ജീവിച്ചിരുന്ന ഇവർക്ക് ഗർഭം ധരിക്കാനുള്ള അവകാശം കൺസർവേറ്റർഷിപ് കരാർ പ്രകാരം ഉണ്ടായിരുന്നില്ല എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു കൺസർവേറ്റർഷിപ്പ് റദ്ദാക്കിയത്. തന്റെ മേൽ ഏറെ നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന കൺസർവേറ്റർഷിപ്പ് റദ്ദാക്കണമെന്ന് ബ്രിട്ട്നി തന്നെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

2007-ൽ കെവിൻ ഫെഡെർലിനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതോടെ കുട്ടികളുടെ അവകാശത്തിനായി നിയമപോരാട്ടത്തിനിറങ്ങിയ ബ്രിട്ട്നി തന്റെ തല മുണ്ഡനം ചെയ്യുകയും ഇവരുടെ ചിത്രമെടുക്കാൻ ശ്രമിച്ച ചില പാപ്പരാസികളുടെകാർ ആക്രമിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു, സ്വന്താമയി തീരുമാനമെടുക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് ബ്രിട്ട്നി എന്ന അവകാശവാദമുയർത്തി പിതാവ് ജാമി സ്പിയേഴ്സ് കൺസർവേറ്റർഷിപ്പ് നേടിയെടുത്തത്.

എന്നാൽ, കൺസർവേറ്റർഷിപ്പ് എന്നത് തന്റെ ജീവിതംകൂടുതൽ ദുരിതപൂർണ്ണമാക്കുന്നു എന്നായിരുന്നു ബ്രിട്ട്നി കോടതിയിൽ വാദിച്ചത്. തന്റെ പിതാവിനേയും കൺസർവേറ്റർഷിപ്പിൽ ഉൾപ്പെട്ട മറ്റുള്ളവരെയും ജയിലിലടക്കണം എന്നുവരെ അവർ പറഞ്ഞു. 28 കാരനായ തന്റെ കാമുകൻ സാമിൽ നിന്നും ഗർഭം ധരിക്കാൻ പോലും അനുവദിക്കുന്നില്ല എന്ന് 40 കാരിയായ ഇവർ പരാതിപ്പെട്ടിരുന്നു. അതുപോലെ വിവാഹത്തിനും സമ്മതിച്ചിരുന്നില്ല.