കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ അഴീക്കോട് എംഎൽഎയും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.

കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടന്നുവരികയായിരുന്നു. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു.

25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കേസെടുത്തത്. അഴീക്കോട് എംഎൽഎ ആയിരുന്ന ഷാജിയുടെ പേരിൽ മണ്ഡലത്തിൽ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്.

കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ കെ.എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സ്വത്ത് കണ്ടുകെട്ടിയ കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇ.ഡി അറിയിച്ചിട്ടുണ്ട്.

നേരത്തെ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. പലതവണ ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഷാജിയേയും ഭാര്യയേയും രണ്ട് മാസം മുമ്പ് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അഴീക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്നും അദ്ധ്യാപകൻ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ അദ്ധ്യാപകന് ഇതേ സ്‌കൂളിൽ സ്ഥിര നിയമനം നൽകി. അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു കോഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2016ൽ ഈ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരിൽ ഭവന നിർമ്മാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ഇഡി അറിയിച്ചു.