- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ പൈലറ്റെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം; ഒന്നരക്കോടിയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി: വീണ്ടും 11 ലക്ഷം അയക്കാൻ ശ്രമിച്ചതോടെ വിവരം പൊലീസിനെ അറിയിച്ചു ബാങ്കുകാർ: ആലപ്പുഴ സ്വദേശിനിയെ കബളിപ്പിച്ച നെജീരിയക്കാരൻ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച ശേഷം പണം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ. യുഎസിൽ പൈലറ്റാണെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച ഇയാൾ യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടി എടുക്കുകയും ചെയ്തു. വീണ്ടും പണം തട്ടാൻ ശ്രമിച്ചതോടെ ബാങ്കുകാർ പൊലീസിനെ അറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ഡൽഹി ഗ്രേറ്റർ നോയിഡയിൽ നിന്നും അറസ്റ്റിലാവുകയും ആയിരുന്നു.
എനുക അരിൻസി ഇഫെന്നയെന്ന 36കാരനായ നൈജീരിയൻ സ്വദേശിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. മുൻപ് പ്രവാസിയായിരുന്ന ഈ വനിതയ്ക്കു വിവാഹവാഗ്ദാനം നൽകിയശേഷം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു.
ഇയാളെ പൂർണമായും വിശ്വസിച്ച യുവതി പല തവണയായി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം കൊടുത്തു. വീണ്ടും 11 ലക്ഷം രൂപ കൂടി ഇയാൾ ആവശ്യപ്പെട്ടു. ഇതു നൽകാൻ ഇവർ നഗരത്തിലെ ബാങ്കിൽ വീണ്ടും. പണം കൈമാറാൻ ശ്രമിച്ചപ്പോൾ സംശയം തോന്നിയ ബാങ്ക് മാനേജർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കിയ പൊലീസ് ഗ്രേറ്റർ നോയിഡയിലെ ഫ്‌ളാറ്റിനു സമീപമെത്തിയെങ്കിലും ഇയാൾ കാറിൽ കടന്നു. നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി. ഇതിനിടെ പ്രതി സഹായിയുടെ ഫോണിൽ വിളിച്ച് ഒരു എടിഎം കൗണ്ടറിനു മുന്നിൽ എത്താൻ ആവശ്യപ്പെട്ടു. ഇതു പൊലീസിന് സഹായമായി. ഇവിടെയെത്തിയപ്പോൾ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി 6 വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടി. പൊലീസ് പിന്തുടർന്നു.
ഓടുന്നതിനിടെ പ്രതിയുടെ ഷൂ ഊരിത്തെറിച്ചു. ഉച്ചവെയിലിൽ ചൂടുമൂലം കാൽ റോഡിൽ കുത്താനാകാതെ വന്നതോടെ പ്രതിയെ പിടികൂടി. ഘാന സ്വദേശിയായ ഭാര്യയും 2 മക്കളുമായി ഫ്‌ളാറ്റിൽ താമസിക്കുകയാണ് എനുക എന്നും ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം സ്വീകരിച്ച്, അപ്പോൾത്തന്നെ തുക നൈജീരിയൻ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ