- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിവാൾ രോഗത്തെ അതിജീവിക്കാൻ മൂലകോശങ്ങൾ ദാനം ചെയ്ത് സഹോദരി; കുട്ടികളിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ വിജയകരമായി പൂർത്തിയാക്കി മലയാളി ഡോക്ടർ; യുഎഇയിലെ അത്യാധുനിക ചികിത്സ പുതുജീവൻ നൽകിയത് ഉഗാണ്ടക്കാരിയായ അഞ്ചുവയസുകാരിക്ക്
അബുദാബി: അരിവാൾ രോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് ഏറെ നിർണ്ണായകമായ ചികിത്സാ രീതി യുഎഇയിൽ യാഥാർഥ്യമാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. ദാതാവിന്റെ രക്ത മൂലകോശങ്ങൾ (സ്റ്റം സെൽ) ഉപയോഗിച്ച് കുട്ടികളിൽ മജ്ജമാറ്റിവയ്ക്കുന്ന അലോജനിക് ബോൺമാരോ ട്രാൻസ്പ്ലാന്റാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം മേധാവി ഡോ. സൈനുൽ ആബിദിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ഒരു പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുമടങ്ങുന്ന സംഘമാണ് മജ്ജ മാറ്റിവയ്ക്കലിന്റെ ഭാഗമായത് .
അരിവാൾ രോഗം (സിക്കിൾസെൽ ഡിസീസ്) ബാധിച്ച ഉഗാണ്ടയിൽ നിന്നുള്ള അഞ്ചുവയസുള്ള പെൺകുട്ടിയാണ് ട്രാൻപ്ലാന്റിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. പെൺകുട്ടിയുടെ പത്തു വയസുള്ള സഹോദരിയാണ് മജ്ജ മാറ്റിവയ്ക്കലിന് ആവശ്യമായ മൂലകോശങ്ങൾ ദാനം ചെയ്തത്. ചുവന്ന രക്തകോശങ്ങൾക്ക് അസാധാരണ രൂപമാറ്റം ഉണ്ടാക്കുകയും വിളർച്ച, കൈകളിലും കാലുകളിലും നീർവീക്കം, ഇടയ്ക്കിടെയുള്ള കഠിന വേദന, സ്‌ട്രോക്ക് തുടങ്ങി നിരവധി സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് അരിവാൾ രോഗം.
ജനനം മുതൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി തുടർച്ചയായ ആശുപത്രിവാസത്തിലായിരുന്നു. അരിവാൾ രോഗനിരക്ക് കൂടുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ സഹായമെത്തിക്കുന്ന ഡോക്ടർമാരുടെ പിന്തുണയോടെയാണ് പെൺകുട്ടിയെ കുടുംബം ഡോ. സൈനുൽ ആബിദിന്റെ ചികിത്സയ്ക്കായി യുഎഇയിൽ എത്തിച്ചത്. ജീവൻ അപായത്തിലാക്കുന്ന അവസ്ഥയായതിനാൽ, മജ്ജ മാറ്റിവയ്ക്കൽ മാത്രമായിരുന്നു ആശ്വാസമേകുന്ന ഏക നടപടി.
ശസ്ത്രക്രിയയ്ക്ക് മുൻപ് കുട്ടിക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നെങ്കിലും അവളുടെ ജീവിതത്തിൽ നിന്ന് കഠിനമായ ക്ലേശങ്ങൾ ഒഴിവാക്കാൻ മജ്ജ മാറ്റിവയ്ക്കലിലൂടെ സാധിച്ചതിൽ മെഡിക്കൽ സംഘവും കുട്ടിയുടെ മാതാപിതാക്കളും സന്തുഷ്ടരാണെന്ന് ഡോ. സൈനുൽ ആബിദ് പറഞ്ഞു.
'യുഎഇയിൽ ഈ അത്യാധുനിക ചികിത്സ യാഥാർഥ്യമാക്കുകയെന്നത് മേഖലയിൽ ഉള്ളവരുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. കുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ആവശ്യമായി വന്നാൽ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുകയായിരുന്നു പതിവ്. ചികിത്സയോട് മികച്ച പ്രതികരണ് കുട്ടി പ്രകടിപ്പിക്കുന്നതെന്നും അഞ്ചാഴ്ചയ്ക്കകം ആശുപത്രി വിടാനാകും,' ഡോ സൈനുൽ പറഞ്ഞു.
കണ്ണൂർ മാട്ടൂൽ സ്വദേശിയായ ഡോ. സൈനുൽ ആബിദ് കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. തുടർന്ന് മുംബൈ സർവകലാശാലയിൽ നിന്ന് പീഡിയാട്രിക്സിൽ ബിരുദാനന്തര ബിരുദം നേടി. റോയൽ മാർസ്ഡൻ ഹോസ്പിറ്റൽ ലണ്ടൻ, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റൽസ് ഓഫ് ലണ്ടൻ, മാഞ്ചസ്റ്റർ ചിൽഡ്രൻ ഹോസ്പിറ്റൽ, തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ നിരവധി പീഡിയാട്രിക് ബോണ് മാരോ ട്രാൻസ്പ്ലാന്റുകൾ നടത്തിയ അദ്ദേഹം ഈ മേഖലയിൽ നിരവധി പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുകെയിൽ നിന്ന് 2016ൽ യുഎഇയിലെത്തിയ അദ്ദേഹം അബുദാബി ബുർജീൽ ആശുപത്രി, തവാം ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ബുർജീൽ മെഡിക്കൽ സിറ്റിയിൽ
പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം മേധാവിയായി ചുമതലയേറ്റത്.
മറുനാടന് മലയാളി ബ്യൂറോ