- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയാക്കാൻ പോയവരെല്ലാം യാത്രയായി; ജീവിതത്തിൽ ഒറ്റയ്ക്കായി ഷൈനി: ഭർത്താവും മകനും മരിച്ചതറിയാതെ മരണത്തോട് മല്ലിട്ട് യുവതി: ജീവിതം കരുപ്പിടിപ്പിക്കാൻ സൗദിയിലേക്ക് പോകാൻ തയ്യാറെടുത്ത ഷൈനിക്ക് ഇനി ഈ ജിവിതം വെല്ലുവിളി നിറഞ്ഞത്
തിരുവനന്തപുരം: പുതിയ പ്രതീക്ഷകളുമായി ജീവിതം കരുപ്പിടിപ്പിക്കാനാണ് ഷൈനി സൗദി അറേബ്യയിലെ ജോലി സ്വീകരിച്ചത്. ഭർത്താവും മകനും ഇല്ലാത്ത നാട്ടിൽ ഒറ്റയ്ക്കുള്ള ജീവിതം അത്ര സന്തോഷമല്ലെന്ന് അറിയാമായിട്ടും മകനെ നന്നായി വളർത്താനും കുടുംബത്തെ രക്ഷപ്പെടുത്താനുമാണ് ഷൈനി സൗദിയിലേക്ക് പോകാൻ തയ്യാറായത്. എന്നാൽ ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്നെ തനിച്ചാക്കി പ്രിയപ്പെട്ടവരെല്ലാം പോകുമെന്ന് ഷൈനി ഒരിക്കൽ പോലും കരുതിയില്ല.
തിരുവനന്തപുരം ആനാട് സ്വദേശിനിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടു പോയി വിടാനാണ് ഭർത്താവും മകനും സഹോദനും ബന്ധുവും ഒപ്പം പോയത്. എന്നാൽ ഷൈനിയെ യാത്രയാക്കാൻ പോയവരെല്ലാം ഷൈനിയെ ഒറ്റയ്ക്കാക്കി യാത്രയാവുകയായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആ യാത്രയിൽ ഷൈനിക്ക് തന്റെ ജീവന്റെ ജീവനായവരെ നഷ്ടപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവും മകനും മരിച്ചതറിയാതെ മരണത്തോട് മല്ലടിക്കുകയാണ് അവർ.
ബുധനാഴ്ച പുലർച്ചേ അഞ്ചുമണിയോടെ ദേശീയപാതയിൽ അമ്പലപ്പുഴയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ വിദേശത്തേക്കു പോകേണ്ടിയിരുന്ന ഷൈനിയൊഴികെ എല്ലാവരും മരിച്ചു. ഷൈനിയെ ആദ്യം ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലാണെത്തിച്ചത്. പിന്നീട്, തിരുവനന്തപുരത്തേക്കു മാറ്റി.
ഷൈനിയുടെ ഭർത്താവ് നെടുമങ്ങാടിനു സമീപം ആനാട് നെട്ടറക്കോണം അനീഷ് ഭവനിൽ സുധീഷ് ലാൽ (37), ഏകമകൻ നിരഞ്ജൻ (അമ്പാടി-12), ഷൈനിയുടെ സഹോദരൻ ഉഴമലയ്ക്കൽ പരുത്തിക്കുഴി കുന്നിൽവീട്ടിൽ (ഷൈനി ഭവൻ) ഷൈജു (34), സുധീഷ്ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകൻ പരുത്തിക്കുഴി നന്ദനത്തിൽ അഭിരാഗ് (നന്ദു-27) എന്നിവരാണു മരിച്ചത്.
അമ്പലപ്പുഴ ജങ്ഷന് അരക്കിലോമീറ്റർ തെക്കുമാറി പായൽകുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം. സുധീഷ് ലാലാണ് കാറോടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു. കാലടിയിൽനിന്നു സപ്ലൈകോയുടെ അരിയുമായി കരുനാഗപ്പള്ളിയിലേക്കു പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. കാർ പൂർണമായി തകർന്നു. മുൻചക്രങ്ങൾ ഊരിമാറി നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ കടയിലേക്കിടിച്ചുകയറിയാണു നിന്നത്.
അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് കാറിൽനിന്നു നിരഞ്ജനെ ആദ്യം പുറത്തെടുത്തു. തകഴിയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് മറ്റുള്ളവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാലു മൃതദേഹങ്ങളും ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി.
സൗദിയിൽ ആശുപത്രിയിലാണ് ഷൈനിക്കു ജോലി കിട്ടിയിരുന്നത്. കുടുംബത്തിന്റെ കടബാധ്യത തീർക്കാനാണ് വിദേശത്തേക്കുപോകാൻ ഷൈനി തയ്യാറായത്. ഓട്ടോ ഓടിച്ചും പെയിന്റിങ് ജോലിക്കും പോയിരുന്ന സുധീഷ് ലാൽ ആനാട് ബാങ്ക് ജങ്ഷനിൽ പണിയുപകരണങ്ങൾ വാടകയ്ക്കുകൊടുക്കുന്ന സ്ഥാപനം നടത്തുന്നുണ്ട്. പരേതരായ ശിവകുമാറിന്റെയും രമയുടെയും മകനാണ്. സഹോദരൻ: ഷിജുലാൽ.
നെടുമങ്ങാട് ദർശൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജൻ. വെൽഡിങ് തൊഴിലാളികളായ ഷൈജുവും അഭിരാഗും അവിവാഹിതരാണ്. ശശിയുടെയും സരസ്വതിയുടെയും മകനാണ് ഷൈജു. ജയകുമാറിന്റെയും സതികുമാരിയുടെയും മകനാണ് അഭിരാഗ്. സഹോദരൻ: അനുരാഗ്.
മറുനാടന് മലയാളി ബ്യൂറോ