- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ കണ്ടാൽ നിയന്ത്രണം പോകും; അവിഹിതത്തിൽ പിറന്ന കുട്ടികൾക്ക് കണക്കില്ല; കാറുകളോടും ആഡംബര ജീവിതത്തോടും വല്ലാത്ത ഭ്രമം; ഒടുവിൽ എല്ലാം കൈവിട്ടു ജയിലിലേക്ക്; ടെന്നീസ് താരം ബോറിസ് ബെക്കർക്ക് രണ്ടര വർഷം തടവ്
സുഖവും ദുഃഖവും കൂടിക്കലർന്നതാണ് ജീവിതം എന്നൊക്കെ പറയാറുണ്ട്. എന്നാൽ അവയുടെ അനുപാതമാണ് ഒരാളുടെ ജീവിതത്തെ വിജയമെന്നോ പരാജയമെന്നോ ഒക്കെ വിലയിരുത്തുന്നത്. നമ്മുടെയൊക്കെ ഓർമ്മകളിൽ, കരുത്തുറ്റ സെർവുകളുമായി നിറഞ്ഞു നിന്ന ഒരു കൗമാരക്കാരനുണ്ട്. ഒരുകാലത്ത്, ഈ ഭൂമിയിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള കായികതാരമായി വാഴ്‌ത്തപ്പെട്ടിരുന്ന വ്യക്തി. പിന്നീട് അയാൾ തന്നെ, തന്റെ ജീവിതത്തിൽ ഏറ്റവും വലിയ വിലകൊടുക്കേണ്ടി വന്ന അഞ്ച് നിമിഷങ്ങൾ എന്ന് വിശേഷിപ്പിച്ച നിമിഷങ്ങളിൽ മേഫെയർ റെസ്റ്റോറന്റിലെ ഒരു സ്വകാര്യ കാബിനിൽ റഷ്യൻ മോഡലുമായുള്ള വേഴ്‌ച്ചക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നൽകിയ ഒരു കാമഭ്രാന്തനായി നമ്മുടെയെല്ലാം മനസ്സുകളിൽ കുടിയേറിയ വ്യക്തി.
സൗത്ത്വാക്ക് ക്രൗൺ കോടതിയിൽ ഇന്നലെ ഒരു പ്രതിയായി തലകുനിച്ചു നിൽക്കേണ്ടിവന്നത് ആഘോഷമാക്കപ്പെട്ട കൗമാരത്തിനും യൗവ്വനത്തിനും ഒടുവിലെത്തിയ മദ്ധ്യവയസ്സി. ഒരു നാണയത്തിന്റെ ഇരുപുറങ്ങളായ സുഖവും ദുഃഖവും ഈ 54 വർഷങ്ങൾക്കൊണ്ട് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു 17-ാം വയസ്സിൽ വിംബിൾഡൺ കിരീടമണിഞ്ഞ ബോറിസ് ബെക്കർ എന്ന ടെന്നീസ് താരം. നേട്ടങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്‌ത്തി കടന്നുപോകുന്ന ആദ്യത്തെ കായികതാരമല്ല, ബോറിസ് ബെക്കർ പക്ഷെ ഇത് നിഭാഗ്യമാണോ അതോ സ്വയം കൃതനാർത്ഥമാണോ എന്നതുമൂത്രമേ ഇവിടെ സംശയിക്കേണ്ടതുള്ളു.
പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, പൂർണ്ണമായ സ്വത്ത് വിവരം നൽകാതെ കള്ളക്കളി കളിച്ചു എന്ന കുറ്റത്തിന് ഇന്നലെ ജഡ്ജി ബോറിസ് ബെക്കർക്ക് ശിക്ഷ വിധിക്കുമ്പോൾ അത് നമുക്ക് മുൻപിൽ തുറന്ന് കാണിക്കുന്നത് തീർത്തും വിചിത്രമായ ഒരു ജീവിതമാണ്. ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തിയിൽ നിന്നും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങുകയും പിന്നീട് അത് തിരിച്ചടക്കാതിരിക്കാൻ പാപ്പർ ഹർജി നൽകി രക്ഷപ്പെടാൻ ശ്രമിച്ചതുമാണ് ബെക്കർക്ക് വിനയായത്.
നിരവധി ഘടകങ്ങളുടെ ഒരു മിശ്രിതമാണ് ബോറിസ് ബെക്കറുടെ ജീവിതം എന്നുപറയാം. അത്യാഗ്രഹം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ധാർഷ്ട്യവുംഒരുപക്ഷെ ഒരു ഘടകമായിരിക്കാം. അസാമർത്ഥ്യം, ജീവിത പരിജ്ഞാനക്കുറവ് എന്നിവയൊക്കെ ഇപ്പോഴത്തെ ഈ വിധിക്ക് കാരണമായിട്ടുണ്ട് . ഒപ്പം ഒരൽപം നിർഭാഗ്യവും. രണ്ട് ഭാര്യമാരും നിരവധി കാമുകിമാരുമാണ് ബോറിസ് ബെക്കറുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അവരിൽ നിന്നൊക്കെയായി അറിവിൽ നാല് കുട്ടികളും. അതിലൊരാളാണ് മെയ്‌ഫെയർ റെസ്റ്റോറന്റിൽ കാബിനിൽ പിറന്ന അന്ന എന്ന ഇപ്പോൾ 22 വയസ്സുള്ള 22 കാരി.
കോടതി വിധിക്ക് ഒരാഴ്‌ച്ച മുൻപ് വരെ അദ്ദേഹത്തെ കണ്ടിരുന്നത് സ്ത്രീകൾക്കൊപ്പമായിരുന്നു. ഒന്ന്, അദ്ദെഹത്തിന്റെ രണ്ടാമത്തെ ഭാര്യ ലില്ലി. പിന്നെ രാഷ്ട്രീയ നിരീക്ഷകയായ ലിലിയൻ ഡി കാർവെല്ലൊ. ഒരു കാലത്ത് 100 മില്യൻ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന ടെന്നീസ് താരം പാപ്പരാവുകയും പിന്നീട് ഇപ്പോൾ ജയിലിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ, ഈ ജീവിതം നമ്മളോടും എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നതുപോലെ.
നിർവധി ആഡംബര സൗധങ്ങൾ, വിലകൂടിയ ആഡംബര കാറുകൾ എന്നിങ്ങനെയുള്ള ധൂർത്ത് ഈ ജീവിതത്തിൽ വലിയൊരു പങ്ക് വഹിക്കുമ്പോൾ, തീർത്തും കുത്തഴിഞ്ഞ സ്വകാര്യ ജീവിതത്തിനും ഈ തകർച്ചയിൽ വലിയൊരു പങ്കുണ്ടെന്നുള്ളത് നമുക്ക് കാണാവുന്നതാണ്. കണക്കില്ലാതെ പണം വന്നു ചേർന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ അതെല്ലാം ധൂർത്തടിച്ചു കളഞ്ഞത് പൂർണ്ണമായും അഹങ്കാരം കൊണ്ടല്ലായിരുന്നു, അറിവില്ലായ്മയും ഒരു കാരണമായിരുന്നു. സ്പെയിനിലെ മജൊർക്കയിലെ 65 ഏക്കർ സ്ഥലത്തുള്ള ആഡംബര സൗധം 1995 ൽ അദ്ദേഹം വാങ്ങിയതു തന്നെ അതിനൊരു ഉദാഹരണമായിരുന്നു.
മോഹവിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് കൂടുതൽ പണം ചെലവാക്കി നീന്തൽ കുളവും ടെന്നീസ് കോർട്ടുമെല്ലാം നിർമ്മിച്ചു. രണ്ടു തവണയാണ് സ്പാനിഷ് അധികൃതർ ഈ സൗധം കണ്ടുകെട്ടിയത്, കരാറുകാരന് നിർമ്മാണ ചെലവുകൾ നൽകാത്തതിന്. മാത്രമല്ല, അദ്ദേഹത്തിന്റെ തോട്ടക്കാരനും ശമ്പള കുടിശ്ശികയായ 2,46,000 പൗണ്ട് കിട്ടാത്തതിന് അദ്ദേഹത്തിനെതിരെ കേസു നൽകുകയുണ്ടായി. ഈ ആഡംബര സൗധത്തിനു മേൽ നടത്തിയ ധൂർത്തിനായിട്ടായിരുന്നു ജോൺ കോഡ്വെല്ല് എന്ന ശതകോടീശ്വരനിൽ നിന്നും ബെക്കർ 25 ശതമാനം പലിശയ്ക്ക് 1.2 മില്യൻ പൗണ്ട് കടം വാങ്ങിയത്.
തനിക്ക് തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് നോക്കാതെയായിരുന്നു ആ വായ്പയെടുപ്പ്. എന്നിട്ടും തന്റെ ആഡംബര ജീവിതത്തിന് അദ്ദേഹം ഒരു കുറവും വരുത്തിയില്ല. വർഷങ്ങളോളം അത് തുടര്ന്നു. വിംബിൾഡണിൽ 25,000 മാസവാടകക്ക് വീടെടുത്ത് താമസിച്ച ബോറിസ് ബെക്കർ ക്യുബൻ സിഗാറുകൾ പുകച്ചു കളഞ്ഞത് ആയിരക്കണക്കിന് പൗണ്ടുകളായിരുന്നു. അതുപോലെ വിലകൂടിയ മദ്യവും.
നൽകിയ വായ്പ തിരികെ കിട്ടാതെയായപ്പോൾ കോഡ്വെൽ അത് ഒരു സ്വകാര്യ ബാങ്കിലേക്ക് മാറ്റി. തുടർന്നായിരുന്നു നിയമനടപടികളിലേക്ക് നീങ്ങിയത്. ഈ കേസിലായിരുന്നു പല ആസ്തികളും മറച്ചുവെച്ചുകൊണ്ട് ബോറിസ് ബേക്കർ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടത്. സ്വന്തം നാടായ ജർമ്മനിയിൽ ഉണ്ടായിരുന്ന ഒരു കാർ ഡീലർഷിപ്പിന്റെ കാര്യവും രണ്ട് വിംബിൾഡൺ ട്രോഫികളും ഇങ്ങനെ മറച്ചുവയ്ക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതുപോലെ ജർമ്മനിയിൽ ഉണ്ടായിരുന്ന രണ്ട് വീടുകൾ, ചെൽസിയയിലെ ഒരു ലക്ഷ്വറി ഫ്ളാറ്റ് എന്നിവയും ഒരു ഐടി കമ്പനിയിലെ ഓഹരിയും മറച്ചു വച്ചതായി കോടതി കണ്ടെത്തി.
24 കൗണ്ടുകളാണ് ബോറിസ് ബെക്കർക്കെതിരെ ചാർജ്ജ് ചെയ്യപ്പെട്ടിരുന്നതെങ്കിലും അതിൽ 20 എണ്ണത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി. തുടർന്നാണ് രണ്ടര വർഷത്തെ ജയിൽ വാസം അദ്ദേഹത്തിന് വിധിച്ചത്. ഇതിനു മുൻപ് ഒരിക്കൽ ജർമ്മനിയിലെ ഒരു നികുതി വെട്ടിപ്പ് കേസിലും ബോറിസ് ബെക്കർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ