തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ പൂരപ്രേമികളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു വൈകിയ സാംപിൾ വെടിക്കെട്ടിന് എട്ടുമണിയോടെ തുടക്കം. ആദ്യം പാറമേക്കാവ് വിഭാഗമാണ് സാമ്പിൾ വെടിക്കെട്ടിന് തുടക്കമിട്ടത്. പിന്നാലെ തിരുവമ്പാടി വിഭാഗവും സാംപിൾ വെടിക്കെട്ടിന് തിരികൊളുത്തി.

സാംപിൾ വെടിക്കെട്ട് കാണാൻ റൗണ്ടിന്റെ കിഴക്കേ ഭാഗത്ത് നെഹ്‌റു പാർക്ക് മുതൽ ഇന്ത്യൻ കോഫി ഹൗസ് വരെ ജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് സ്വരാജ് റൗണ്ട് പൂർണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചതോടെ പ്രതിഷേധമായി. ദേവസ്വങ്ങൾ ഒരുമിച്ച് പ്രതിഷേധം കലക്ടറെയും പൊലീസിനെയും അറിയിച്ചു. ജില്ലയിലെ മന്ത്രിമാരായ കെ. രാജൻ, കെ.രാധാകൃഷ്ണൻ, ആർ. ബിന്ദു എന്നിവരും സ്ഥലത്തെത്തി ചർച്ച നടത്തി.

ആർക്കും കാണാനല്ലെങ്കിൽ സാംപിൾ വെടിക്കെട്ട് നടത്തുന്നതെന്തിന് എന്ന ചോദ്യം ദേവസ്വങ്ങൾ ഉന്നയിച്ചു. കാണാൻ ആളില്ലെങ്കിൽ സാംപിൾ പൊട്ടിക്കുന്നില്ലെന്നും തങ്ങൾ പിന്തിരിയുകയാണെന്നുമുള്ള നിലപാട് ദേവസ്വങ്ങൾ സ്വീകരിച്ചു. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നൽകിയ നിർദേശത്തിന് അനുസരിച്ചുള്ള നിയന്ത്രണമാണ് ഇത്തവണ ഏർപ്പെടുത്തിയതെന്നു പൊലീസ് വിശദീകരിച്ചു.

നിയന്ത്രണം നടപ്പാക്കിയശേഷം മാറ്റാനാവില്ലെന്നും ഇക്കാര്യത്തിൽ മുൻപേ സർക്കാർ ധാരണയുണ്ടാക്കണമായിരുന്നുവെന്ന നിലപാടുമാണ് പൊലീസിന്. ഒടുവിൽ സാംപിൾ പൊട്ടിക്കാനും തിങ്കളാഴ്ച യോഗം ചേർന്നു ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കാനും ധാരണയായി.

ഈ മാസം നാലാം തിയതിയായിരുന്നു പൂരത്തിന് കൊടിയേറിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പൂർണ്ണമായി നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂരം നടത്താനാണ് തീരുമാനം.