വംശീയ വിദ്വേഷത്തിന്റെ പേരിൽ കറുത്തവർഗ്ഗക്കാരെ കൂട്ടക്കുരുതി ചെയ്ത് വലതു വംശീയ വാദി. ന്യൂയോർക്കിലെ ബഫലോയിലെ സൂപ്പർമാർക്കറ്റിലാണ് തോക്കുമായി എത്തിയ 18കാരൻ കറുത്തവർഗ്ഗക്കാരെ തെരഞ്ഞു പിടിച്ച് വെടിവെച്ച് കൊന്നത്. വെടിയേറ്റ പത്തു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. സൂപ്പർമാർക്കറ്റിലെത്തി കറുത്തവർക്ക് നേരെ നിറയൊഴിച്ച വലതു വംശീയവാദിയായ യുവാവ് ഇത് ലൈവ് സ്ട്രീം നടത്തുകയും ചെയ്തു.

ശനിയാഴ്ച രാത്രിയാണ് കറുത്തവർക്ക് നേരെ അതിഭീകരമായ ആക്രണം ഉണ്ടായത്. ന്യൂയോർക്ക് സ്വദേശിയായ വെളുത്ത വർഗ്ഗക്കാരൻ പേട്ടൻ ജെൻഡ്രോൺ ആണ് വെടിവെപ്പ് നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. ഇന്നാൽ ഇയാൾ കോടതിയിൽ കുറ്റം നിഷേധിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിൽ ഒരു കുറ്റം മാത്രമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ന്യൂയോർക്ക് ട്രാൻസിറ്റ് ഡിപ്പാർട്ട്‌മെന്റിലെ എഞ്ചിനീയർമാരാണ് ജെൻഡ്രോണിന്റെ മാതാപിതാക്കൾ. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ജെൻഡ്രോണിനെ പിടികൂടി.

വെടിയേറ്റവരിൽ 11 പേർ കറുത്ത വർഗ്ഗക്കാരും മറ്റ് രണ്ട് പേർ വെളുത്ത വർഗ്ഗക്കാരുമാണ്. പട്ടാളക്കാരുടെ യൂണിഫോം ധരിച്ചാണ് ശരീരം നിറയെ ആയുധങ്ങളുമായി യുവാവ് എത്തിയത്. ശരീരത്തിൽ കവചം ധരിച്ച് കറുത്ത ഹെൽമറ്റും അണിഞ്ഞ് കയ്യിൽ റൈഫിളും പിടിച്ചാണ് എത്തിയത്. യുവാവ് വെടിയുതിർക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാരും മറ്റും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതൽ വാശിയോടെ ഇയാൾ കറുത്തവരെ തെരഞ്ഞുപിടിച്ച് വെടിവയ്ക്കുക ആയിരുന്നു. നിരവധി കറുത്തവർഗക്കാർ താമസിക്കുന്ന സ്ഥലമാണ് ന്യൂയോർക്കിലെ ബഫലോ. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർക്കു നേരെയുള്ള ആക്രമണം അതിരു കടക്കുകയാണ്.