നെയ്യാറ്റിൻകര : പഠിച്ചു പഠിച്ച് ഒരു സൈനിക ഓഫിസറാകണമെന്നായിരുന്നു രാധികയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഇനിയതു നടക്കില്ലെന്ന തിരിച്ചറിവ് ഈ 17കാരിക്ക് ഉണ്ടെങ്കിലും ജീവിതത്തിന്റെ പ്രതീക്ഷകൾ കൈവിടാൻ ഈ കൊച്ചുമിടുക്കി തയ്യാറല്ല. എനിക്ക് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചർ പഠിക്കണം. ഇംഗ്ലിഷ് അദ്ധ്യാപികയാകണം...കാലുകൾ ഇല്ലെങ്കിലും എനിക്കു പഠിക്കണം, പഠിച്ചുയരണം..... പക്വതയ്യാർന്ന ഒരു സ്ത്രീയെ പോലെ വീട്ടുകാരെ ആശ്വസിപ്പിച്ചു കൊണ്ട് രാധിക പറയുന്നു.

ജീവൻ തന്നെ നഷ്ടപ്പെടാമായിരുന്ന സാഹചര്യത്തിൽ നിന്ന് ഭൂമിയിൽ തുടരാൻ അനുവദിച്ച ദൈവത്തിന് എന്നെക്കുറിച്ച് പല പദ്ധതികളുമുണ്ടാകും. അതാണ് എന്നെ മുന്നോട്ടു നയിക്കുന്നതെന്നും രാധികപറയുന്നു. പത്താം ക്ലാസ് വരെ ആയോധന കലയായ തയ്ക്വാൻഡോയിൽ പരിശീലനം നേടി. ഇനി പരിശീലിക്കാൻ കാലുകളില്ല...മുട്ടിനു താഴെ മുറിച്ചു മാറ്റിയ ഇടതു കാലിനെയും, കാൽപ്പാദത്തിനു തൊട്ടു മുകളിൽ വച്ചു മുറിച്ചു മാറ്റിയ വലതുകാലിലെ ചോര പടർന്ന മുറിവിലേക്കും നോക്കി രാധിക ഇതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിലാണ് രാധികയ്ക്ക് കാൽ നഷ്ടമായത്. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിലാണ് തൃശൂർ പുറനാട്ടുകര പറമ്പുവീട്ടിൽ പി.ആർ.രാധിക(17)യുടെ കാലുകൾ നഷ്ടമായത്. തൃശൂർ ശ്രീ ശാരദാമഠം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ രാധിക, അടുത്ത ബന്ധുവിന്റെ പിറന്നാൾ ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയ ശേഷം നാട്ടിലേക്കു മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രാധിക. വേദന സംഹാരികളുടെ ലോകത്തു ജീവിക്കുമ്പോഴും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലാണ് പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന രാധിക. തിങ്കളാഴ്ച രാത്രി 11.20നായിരുന്നു രാധികയുടെ ജീവിതം മാറ്റി മറിച്ച അപകടം. നാട്ടിലെത്തി പൂരം കാണാനുള്ള തിടുക്കത്തിലായിരുന്നു. മടക്കയാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നല്ലതിരക്കായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാത്രി 10.30ന് ആണ് ട്രെയിൻ എങ്കിലും ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. ട്രെയിൻ എത്തിയപ്പോൾ എല്ലാവരും തിടുക്കം കാട്ടി. അതിനിടെയാണ് ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിനിടയിലൂടെ ട്രാക്കിൽ വീണത്. അതെങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല' രാധിക പറയുന്നു.

ട്രാക്കിൽ വീണു പോയ രാധികയുടെ കാലുകൾക്കു പുറത്തു കൂടി ട്രെയിൻ ചക്രങ്ങൾ കയറിയിറങ്ങി. വേദനകൊണ്ട് അലറിക്കരഞ്ഞു. ഇതിനിടയിൽ ട്രെയിൻ നിർത്തി. കുുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഫയർഫോഴ്‌സ് ജീവനക്കാരെത്തി രാധികയെ പുറത്തെടുത്തത്.

'രാധികയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് അച്ഛൻ രാജൻ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. ഏറ്റവും കൂടുതൽ സ്‌നേഹിച്ചിരുന്ന അച്ഛനെ ചെറുപ്രായത്തിൽ വിട്ടുപിരിഞ്ഞപ്പോഴും എന്റെ മകൾ വേദന കടിച്ചമർത്തി എല്ലാം സഹിച്ചു. അമ്മ മഞ്ജുള പറയുന്നു. കാലുകൾ ഇല്ലെന്ന യാഥാർഥ്യം മനസ്സിലാക്കിയിട്ടും, സാരമില്ലെന്നു പറഞ്ഞ് അവൾ ഞങ്ങളെ ആശ്വസിപ്പിക്കുമ്പോഴും പിടയുന്നത് എന്റെ ഹൃദയമാണ്' അമ്മ വിതുമ്പുന്നു.

രാധികയുടെ ചികിത്‌സയ്ക്ക് വേണം,15 ലക്ഷം

മുറിവ് ഉണങ്ങുന്നതു വരെ ആശുപത്രിയിൽ കഴിയണം. 2 ആഴ്ചയെങ്കിലും വേണ്ടി വരും. തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും, കൃത്രിമ കാൽ വച്ചു പിടിപ്പിക്കുന്നതിനുമായി കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മഞ്ജുളയ്ക്ക് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. രാധികയ്ക്ക് രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. തുടർ ചികിത്സാ ചെലവിനു വകയില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. പി.ആർ.രാധികയുടെ പേരിൽ കനറാ ബാങ്ക് പുറനാട്ടുകര ശാഖയിൽ അക്കൗണ്ട് ഉണ്ട്.( നമ്പർ: 110038163066). IFSC:CNRB0014555. രാധികയുടെ അമ്മ മഞ്ജുളയുടെ ഫോൺ: 9142914075.