മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

കേസിലെ പ്രധാന പ്രതിയായ യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണു പൊലീസ് നിഗമനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണു നെടുമ്പാശ്ശേരിയിൽനിന്നു 15ന് രാവിലെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് 19ന് രാവിലെ അവശനായ നിലയിൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് യഹിയ മുങ്ങി. അതിക്രൂര മർദനത്തിനിരയായ ജലീലാകട്ടെ 20ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

അവശനിലയിൽ വഴിയിൽ കിടക്കുന്നതു കണ്ട് കൊണ്ടുവന്നതായിരുന്നു എന്നാണ് യഹിയ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ സംഭവം സ്വർണക്കടത്തിലേക്കു വിരൽചൂണ്ടി. യഹിയ ഒന്നാം പ്രതി സ്ഥാനത്തായി. ജില്ലയിൽ പ്രവർത്തിച്ചിരുന്ന സ്വർണക്കടത്തു റാക്കറ്റു കൂടിയാണ് ഈ സംഭവത്തോടെ വെളിപ്പെട്ടത്.

കേസിൽ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ മൂന്നുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവർക്ക് വേണ്ട സഹായം ചെയ്തവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. അലിമോൻ, അൽത്താഫ്, റഫീഖ് ഇവർക്ക് സഹായം ചെയ്തുകൊടുത്ത അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായതെന്ന് മലപ്പുറം എസ്‌പി എസ്.സുജിത്ത് ദാസ് പറഞ്ഞു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്ന അബ്ജുൾ ജലീലിനെ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. യഹിയ കാറിൽ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിങ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ ആക്കപ്പറമ്പ് കാര്യമാട് സ്വദേശിയാണ് യഹിയ. ആദ്യ കാലത്ത് ഓട്ടോ ഓടിച്ചും സ്വകാര്യ ടാക്സി ഓടിക്കാൻ പോയുമായിരുന്നു ഉപജീവനം. ഗൾഫിലും കുറച്ചുകാലം ജോലി നോക്കി. ഗൾഫിൽ മറ്റു പാർട്ണർമാരോടൊപ്പം ബിസിനസ് നടത്തിയിരുന്നെന്നും വിവരമുണ്ട്. ഇടയ്ക്കിടെ ഗൾഫിലേക്കു പോയും വന്നുമിരുന്ന യഹിയ കുറച്ചുകാലമായി നാട്ടിലുണ്ട്. ചെറിയ ചില അടിപിടി കേസുള്ളതായി പറയുന്നുണ്ടെങ്കിലും ഇത്ര വലിയ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നൊന്നും നാട്ടുകാരിൽ പലർക്കുമറിയില്ലായിരുന്നു.

അതേസമയം, കുഴൽപ്പണം പോലുള്ള ഇടപാടുകളിൽ നേരത്തേ മുതലേ യഹിയ ഉൾപ്പെട്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു. അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വന്നതോടെ സ്വർണക്കടത്തു സംഘത്തിലെ പ്രധാനിയും ഈ കേസിലെ മുഖ്യപ്രതിയുമായി പൊലീസ് യഹിയയെ അടയാളപ്പെടുത്തി.

പൊലീസ് വൃത്തങ്ങളിൽനിന്നു ലഭിച്ച വിവരമനുസരിച്ച് ഗൾഫിൽനിന്ന് വന്ന അബ്ദുൽ ജലീലിന്റെ കൈവശം ഏകദേശം ഒന്നേകാൽ കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വർണത്തിനു വേണ്ടിയാണ് ജലീലിനെ പെരിന്തൽമണ്ണയിലേക്കു കൊണ്ടു വരുന്നത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ അപാർട്‌മെന്റിൽ വച്ച് ജലീലിനെ പരിശോധിച്ചെങ്കിലും സ്വർണമൊന്നും കിട്ടിയില്ല. ഇതോടെ സ്വർണം മറിച്ചുകൊടുത്തോ എന്ന സംശയത്തിൽ മർദനം തുടങ്ങി. 15ന് വൈകിട്ട് ജലീലിനെ ആക്കപ്പറമ്പിലെ മൈതാനത്തിലെത്തിക്കുകയും കൂട്ടുകാരുടെ സഹായത്തോടെ മർദനം തുടരുകയും ചെയ്തു.

നിലവിൽ പിടിയിലായ അഞ്ചുപേരിൽ മൂന്നുപേർ ഈ മർദനത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. പിന്നീട് വീണ്ടും പെരിന്തൽമണ്ണയിലെ അപാർട്‌മെന്റിലെത്തിച്ച് മൂന്നാംമുറയും ചോദ്യംചെയ്യലും തുടർന്നു. എന്നാൽ ഫലമുണ്ടായില്ല. പെരിന്തൽമണ്ണയിലെ അപാർട്‌മെന്റിൽനിന്ന് പൂപ്പലത്തെ ഒരു വീട്ടിലേക്ക് 18ന് ജലീലിനെ മാറ്റി. അടികൊണ്ട് അവശനിലയിലായ ജലീലിന് ഇതിനിടെ മരുന്നു വാങ്ങിക്കൊടുത്തു നോക്കിയിരുന്നു. ബോധരഹിതനായപ്പോൾ 2 നഴ്സിങ് അസിസ്റ്റന്റുമാരെ കാറിൽ ജലീലിനെ പാർപ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകുകയും ചെയ്തു. എന്നാൽ സ്ഥിതി വഷളായതോടെ 19ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച് എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു അബ്ദുൽ ജലീൽ. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. തോളിനു സമീപം ചതവുണ്ടായിരുന്നു. രക്തം കട്ട പിടിച്ച നിലയിൽ കറുത്ത പാടുകൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. വയറിനു സമീപത്ത് ഉരഞ്ഞ പാടുണ്ടായിരുന്നു. തലയിൽ നെറ്റിക്കു സമീപം മുറിവും. പ്രഥമ കാഴ്ചയിൽ ആന്തരികാവയവങ്ങളുടെ പരുക്ക് സംശയിച്ചതിനെ തുടർന്നാണ് സിടി സ്‌കാൻ ചെയ്തത്. സ്‌കാനിങ്ങിൽ തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്നു തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റി. ജീവൻ നിലനിർത്തുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും 20ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.