തൃശ്ശൂർ: ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രുതി തന്റെ സീനിയർ വിദ്യാർത്ഥിയായ അരുണിനെ വിവാഹം ചെയ്തത്. എന്നാൽ വിവാഹത്തിന്റെ 14-ാം ദിവസം ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ ശ്രുതി മരിച്ചു. ശ്രുതി മരിച്ച് രണ്ടര വർഷം പിന്നിടുമ്പോഴും ഏകമകളുടെ മരണം സംഭവിച്ചതെങ്ങനെ എന്ന് അറിയാതെ വിഷമിക്കുകയാണ് അച്ഛൻ സുബ്രഹ്മണ്യനും അമ്മ ശ്രീദേവിയും. സ്ത്രീധനം കുറഞ്ഞത്തിന്റെ പേരിൽ ശ്രുതിയെ അരുണും വീട്ടുകാരും പീഡിപ്പിച്ചിരുന്നെന്നാണ് ശ്രുതിയുടെ മാതാപിതാക്കൾ പറയുന്നത്. മകൾക്ക് നീതി തേടി കുറേ അലഞ്ഞെങ്കിലും ഒരു വാതിലും തുറക്കാതായതോടെ മനോവിഷമത്തിലാണ് ഈ ്അച്ഛനും അമ്മയും.

ഐ.ടി. ഐ.യിൽ സർവേയർ കോഴ്‌സ് പഠിക്കുമ്പോഴാണ് സീനിയർ വിദ്യാർത്ഥിയായ അരുണുമായി ശ്രുതി പ്രണയത്തിലായത്. പഠനം കഴിഞ്ഞ് ശ്രുതിക്ക് താത്കാലിക ജോലി കിട്ടിയപ്പോൾ വീട്ടുകാർ വിവാഹത്തിനായുള്ള ആലോചന തുടങ്ങി. അടുത്തബന്ധത്തിലുള്ള യുവാവുമായി വിവാഹം തീരുമാനിച്ചപ്പോഴാണ് ശ്രുതി തനിക്കൊരു പ്രണയം ഉണ്ടെന്ന് വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷിക്കാനായി അച്ഛൻ സുബ്രഹ്മണ്യനും ബന്ധുവും അരുണിന്റെ വീട്ടിലെത്തിയെങ്കിലും നല്ല പ്രതികരണം കിട്ടിയില്ലെന്ന് സുബ്രഹ്മണ്യൻ പറയുന്നു. ഇതോടെ ഈ വിവാഹാലോചന വേണ്ടെന്ന്‌വയ്ക്കുകയും ചെയ്്തു.

വിവാഹം നടക്കാതെ ശ്രുതി താത്കാലിക േജാലിക്കും പിന്നീട് ബി.ടെക്. പഠനത്തിനും പോയി. അഞ്ചുവർഷത്തോളം കഴിഞ്ഞാണ് ശ്രുതിക്ക് വീണ്ടും വിവാഹാേലാചന നടത്തുന്നത്. ഇതിനിടെ ശ്രുതി പി.എസ്.സി. റാങ്ക് പട്ടികയിലിടം നേടുകയും ചെയ്തു. അതോടെ അച്ഛനമ്മമാർ ശ്രുതിക്ക് മറ്റൊരു പയ്യനെ കണ്ടെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ വിവാഹം നിശ്ചയിച്ചുകഴിഞ്ഞതിന് പിന്നാലെ, ശ്രുതിയെ ഇഷ്ടമാണെന്നും ഇപ്പോഴും പ്രണയത്തിലാണെന്നും പറഞ്ഞ് അരുൺ ശ്രുതിയുടെ മാതാപിതാക്കളെ സമീപിച്ചു. അരുണിനെ ഇഷ്ടമാണെന്ന് ശ്രുതിയും പറഞ്ഞതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. പ്രതിശ്രുതവരന്റെ കുടുംബത്തിന് നാലുലക്ഷം നഷ്ടപരിഹാരം നൽകേണ്ടിവന്നു സുബ്രഹ്മണ്യന്.

ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2019 ഡിസംബർ ഇരുപത്തിരണ്ടിന് അരുണും ശ്രുതിയും വിവാഹിതരായി. എന്നാൽ 14 ദിവസത്തെ ആയുസ്സേ ആ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു. ജോലിയുടെ നിയമന ഉത്തരവ് കിട്ടാത്തതിലും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഭർത്താവിന്റെ വീട്ടുകാർ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ശ്രുതി മാതാപിതാക്കൾക്ക് സൂചന നൽകിയിരുന്നു.
ശ്രുതി വീട്ടിലെ ശൗചാലയത്തിൽ കുഴഞ്ഞുവീണുമരിച്ചെന്ന് 2020 ജനുവരി ആറിന് രാത്രി ഒൻപതിന് ഭർതൃവീട്ടുകാർ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിൽ കാറുണ്ടായിട്ടും ശ്രുതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വരുംവരെ കാത്തിരുന്നതും വീട്ടുകാർ ആരും കൂടെ പോകാതിരുന്നതും സംശയമുണ്ടാക്കിയിരുന്നു.

മരണകാരണം ശ്വാസംമുട്ടിയാണെന്നും കഴുത്തിൽ ക്ഷതമുണ്ടെന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത് സംശയത്തിന്റെ ആക്കം കൂട്ടി. മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശ്രുതി മരിച്ചത് ശ്വാസംമുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്.

കേസന്വേഷണം തിരിച്ചുവിടാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നതിന് അന്തിക്കാട് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണുണ്ടായത്. സംഭവം നടന്നിട്ട് രണ്ടരവർഷമായിട്ടും ഈ മാതാപിതാക്കൾക്ക് നീതി കിട്ടിയിട്ടില്ല. ഏകമകൾ മരിച്ച അന്നുമുതൽ അമ്മ ശ്രീദേവി മാനസികമായി താളംതെറ്റി ചികിത്സയിലാണ്. തുന്നൽത്തൊഴിലാളിയായ സുബ്രഹ്മണ്യൻ വർഷങ്ങളായി ഹൃദ്രോഗബാധിതനാണ്.