കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി നടത്തിപ്പിൽ അഴിമതി ആരോപണം. പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) പണം അനുവദിക്കുന്നതിനു ഗുണഭോക്താക്കളിൽ നിന്നു 10,000 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. നിരവധി പേരിൽ നിന്നും 10,000 രൂപ കൈക്കൂലിയായി കൈപ്പറ്റിയതായാണ് വിവരം. മേൽ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്.

ഗുണഭോക്താക്കൾ പരാതി ഉയർത്തിയതോടെ പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം വിളിച്ചു. കൈക്കൂലി നൽകേണ്ടി വന്നവരിൽ ഒരു വിഭാഗം യോഗത്തിൽ നേരിട്ടെത്തി മൊഴി നൽകി. കൈക്കൂലി കൊടുത്താലേ പദ്ധതിയുടെ രണ്ടാം ഗഡു അനുവദിക്കൂ എന്നും മുകൾത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കു നൽകുന്നതിനു വേണ്ടിയാണിതെന്നും വിവരം പഞ്ചായത്ത് അംഗങ്ങൾ അറിയരുതെന്നും വിഇഒ പറഞ്ഞതായും ഗുണഭോക്താക്കൾ മൊഴി നൽകി.

കലക്ടർ, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ (എഡിസി), ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർ (ബിഡിഒ) എന്നിവർക്കു പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകി. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ ഗുണഭോക്താക്കളെ നേരിട്ടുകണ്ട് മൊഴി രേഖപ്പെടുത്താനാരംഭിച്ചു. ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡിലാണു ലൈഫ് ഗുണഭോക്താക്കൾ കൂടുതലുള്ളത്. ഗുണഭോക്താക്കൾ വാർഡ് അംഗം അനുമോൾ മാത്യുവിനെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്.

10,000 രൂപ കൈക്കൂലി കൊടുക്കാൻ നിവർത്തിയില്ലാത്ത ഗുണഭോക്താക്കളിൽ ഒരാൾ ബന്ധുവിന്റെ പക്കൽ നിന്നു വള വാങ്ങി പണയം വച്ചതായി പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്‌സിലും പറയുന്നു. ലൈഫ് ഭരണ സമിതി ഗുണഭോക്താക്കൾ ഭരണ സമിതി മുൻപാകെ നേരിട്ടെത്തി നൽകിയ മൊഴിയുടെ വിവരങ്ങളാണ് മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നിലവ് ലൈഫ് പദ്ധതി നടത്തിപ്പിൽ 68 ലക്ഷത്തിന്റെ ക്രമക്കേട് പുറത്തു വന്നതിനു പിന്നാലെയാണു ഭരണങ്ങാനത്ത് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.