കോട്ടയം: സംസ്ഥാനത്തെ ദരിദ്ര ജനവിഭാഗമായ ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷന് ഈ വർഷത്തെ ബജറ്റിൽ അഞ്ച് കോടി 70 ലക്ഷം രൂപ അനുവദിച്ചപ്പോൾ സംസ്ഥാനത്തെ സമ്പന്നന്മാരായ രാജകുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ച് കോടി 40 ലക്ഷം രൂപ നൽകിയത് തികഞ്ഞ അന്യായമെന്ന് എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ ഡോ. വിനിൽ പോൾ. കേരളത്തിന്റെ സാമൂഹ്യ അനുഭവങ്ങളിലും സാമുഹ്യ പരിണാമങ്ങളിലും അടിമത്തവും അടിമകച്ചവടവും എങ്ങനെയെല്ലാമായിരുന്നുവെന്ന് വിവരിക്കുന്ന ഡോ. വിനിൽ പോളിന്റെ 'അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്തകം ഈ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് അനുവദിച്ച തുകയിൽ പകുതിയിലേറെ കോർപ്പറേഷനിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി ചിലവഴിക്കുകയാണ്. കേവലം 37 രാജകുടുംബത്തിന് അഞ്ച് കോടി 40 ലക്ഷം രൂപ നൽകുമ്പോൾ 25 ലക്ഷത്തിലധികം വരുന്ന പിന്നോക്ക ക്രിസ്ത്യൻ-ഹിന്ദുക്കൾക്ക് നൽകുന്ന തുക തുലോംതുച്ഛമാണെന്ന് വിനിൽ പോളിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. 2013 മുതൽ 2021 വരെ 19 കോടി 51 ലക്ഷം രൂപയാണ് രാജകുടുംബാംഗങ്ങൾക്കായി സംസ്ഥാന സർക്കാർ പെൻഷൻ ഇനത്തിൽ നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വെറും നാല് വയസ്സുവരെയുള്ള കുട്ടിക്ക് പോലും പെൻഷൻ നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇത് ഒരു അനീതിയായി സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളോ- പൊതുസമൂഹമോ കാണുന്നില്ല എന്നത് ദുഃഖകരമായ സ്ഥിതിയാണെന്ന് വിനിൽപോൾ പറയുന്നു.

2013-ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാജകുടുംബാംഗങ്ങൾക്ക് പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷത്തായിരുന്ന സിപിഎമ്മും മറ്റ് ഇടതുപാർട്ടികളും ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ തീരുമാനത്തെ എതിർത്തില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിലെ യുവ എംഎൽഎ ആയ വി.ടി ബൽറാം മാത്രമാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചത്. 1971-ൽ 26-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജകുടുംബങ്ങൾക്ക് നൽകിയിരുന്ന പ്രിവിപേഴ്‌സ് നിർത്തലാക്കിയ നടപടി പിൻവാതിലിലൂടെ ഉമ്മൻ ചാണ്ടി ഗവൺമെന്റ് നടപ്പാക്കുകയാണെന്നാണ് ബലറാം അന്ന് നിയമസഭയിൽ പറഞ്ഞത്. വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന സിപിഎം നേതാക്കൾ ഈ വിഷയത്തിൽ തികഞ്ഞ മൗനത്തിലായിരുന്നു.



ദളിത് ക്രിസ്ത്യാനികളുടെ ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, വിവാഹ ധനസഹായം, മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് കോർപ്പറേഷനിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പട്ടിക ജാതിയിൽ നിന്നും മറ്റ് ശുപാർശിത സമുദായങ്ങളിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ഉന്നമനത്തിനായാണ് കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്.

കൃഷിഭൂമി വാങ്ങൽ, വിദേശ തൊഴിൽ, ചെറുകിട കച്ചവടം എന്നിവയാണ് കോർപ്പറേഷൻ നടപ്പാക്കുന്ന മറ്റ് പദ്ധതികൾ. സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന സാമൂഹിക, വിദ്യാഭ്യാസ, വികസന രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക, വിശകലനം ചെയ്യുക, വിവരങ്ങൾ ശേഖരിക്കുക, പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷൻ വഹിക്കുന്ന പ്രധാന ചുമതലകൾ. എന്നാൽ, ഈ പ്രവർത്തനങ്ങൾക്കൊന്നും തന്നെ ബജറ്റ് തുക തികയാറില്ലെന്നാണ് പരമാർത്ഥം. സംസ്ഥാനത്തെ ജനസംഖ്യയിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അനുവദിച്ചിരിക്കുന്ന തുക തീർത്തും അപര്യാപ്തമെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

പിണറായി സർക്കാരിന്റെ പൊതുഭരണ വകുപ്പ് ഉത്തരവ് 324/2017 പ്രകാരമാണ് നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾക്ക് 3000 രൂപ പെൻഷൻ നൽകുന്നത്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയുള്ള പത്മനാഭ സ്വാമിക്ഷേത്രം കുടുംബക്ഷേത്രമായി കൊണ്ട് നടന്ന തിരുവിതാംകൂർ രാജകുടുംബത്തിന് വി എസ്. അച്യുതാനന്ദൻ മുഖ്യനായിരുന്ന കാലത്ത് പൊതുഭരണ വകുപ്പ് ഉത്തരവ് 08/2010 പ്രകാരം 16/01/2010 തിയ്യതി മുതൽ വാർഷിക അലവൻസായ് 8,89,200 (എട്ടുലക്ഷത്തി എൺപത്തൊൻപതിനായിരത്തിഇരൂനൂറ്)രൂപയാക്കി വർദ്ധിപ്പിച്ച് നൽകി. തികഞ്ഞ കമ്യൂണിസ്റ്റെന്ന് വിശേഷിപ്പിക്കുന്ന വി എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് ഈ തീരുമാനമുണ്ടായത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ദളിത് ക്രിസ്ത്യാനികളും, പിന്നാക്ക ഹിന്ദുക്കളും ഉൾപ്പെടുന്ന, ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങളുള്ള പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷന് ഈ വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച തുക 5.70 കോടി രൂപയാണ് (ഇതിന്റെ നേർ പകുതി അവിടയുള്ളവരുടെ ശമ്പള ഇനത്തിൽ പോകും). 2020-21 സാമ്പത്തിക വർഷത്തിൽ കേരളാ സർക്കാർ ഇവിടെയുള്ള രാജകുടുംബങ്ങൾക്ക് നൽകിയ പെൻഷൻ തുക 5.40 കോടി രൂപയാണ്. അതായത് വെറും 37- കുടുംബത്തിന് വേണ്ടി മാത്രം സർക്കാർ ചെലവാക്കിയ തുകയാണ് ഈ അഞ്ച് കോടി രൂപയെന്നത്. വെറും 37- രാജ കുടുംബത്തിനു നൽകുന്ന പരിഗണന ഇരുപത്തിയഞ്ച് ലക്ഷം വരുന്ന പിന്നാക്ക ക്രിസ്ത്യൻ- ഹിന്ദുക്കൾക്ക് സർക്കാർ നൽകുന്നില്ല എന്നതാണ് നാം തിരിച്ചറിയേണ്ടത്. 2017-ലെ വാർത്തയനുസരിച്ചു (TOI) 1119-ആളുകൾക്കാണ് പെൻഷൻ അനുവദിക്കുന്നത്. അതായത് ഇവരുടെയൊക്കെ വീട്ടിൽ ഏതാണ്ട് 30- ആളുകൾ വീതം ഉണ്ട് എന്നാണ് പറയുന്നത്. 2013-മുതൽ 2021-വരെ ഈ രാജകുടുംബത്തിന് കേരളാ സർക്കാർ കൊടുത്തത് പത്തൊൻപത് കോടി അൻപത്തിയൊന്ന് ലക്ഷം രൂപയാണ്. പെൻഷൻ എന്ന പദത്തിന്റെ അർഥം വികലമാക്കുന്ന ഒന്നാണ് കേരളാസർക്കാർ നടത്തിവരുന്ന രാജ കുടുംബങ്ങൾക്ക് നൽകുന്ന പെൻഷൻ പദ്ധതി. ഇന്ദ്രാഗാന്ധി നിരോധിച്ച ഈ ജനാധിപധ്യവിരുദ്ധ പ്രവർത്തനത്തിനെ ഈ അവസ്ഥയിൽ എത്തിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. 2013- ജൂൺ മുതൽ ഉമ്മൻ ചാണ്ടി സർക്കാർ വെറും നാല് വയസ്സുള്ള കുട്ടിക്ക് വരെ പെൻഷൻ അനുവദിക്കുകയുണ്ടായി. ഇതൊരു അനീതിയായി പൊതുസമൂഹം തിരിച്ചറിയിന്നില്ല എന്നതാണ് പ്രശ്നം. അതേപോലെ ഞെട്ടിക്കുന്ന തുകയായിരിക്കും അഗ്രഹാരങ്ങൾ കേടുപാട് തീർക്കുന്നതിനായി സർക്കാർ നൽകി വരുന്ന തുക. 2019-ൽ തന്നെ ഒരു അഗ്രഹാരത്തിന് മാത്രം അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. അതിന്റെ കണക്ക് ഇനി എത്രയെന്ന് ആർക്കറിയാം. ഇവരെ ഒന്നും EWSൽ പോലും ഉൾപ്പെടുത്താൻ സാധിക്കുന്നില്ലല്ലോ.