ഫാഷൻ ഐക്കൺ ആയിരുന്നു, സമൂഹത്തിലെ ഉന്നതരുടെ ഒത്തുചേരലുകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. മാത്രമല്ല, പല പ്രശ്സ്തർക്കും ഒപ്പമായിരുന്നു എന്നും കണ്ടിട്ടുള്ളതും. അതിനൊക്കെ പുറമെ ഖത്തർ അമീറിന്റെ അമ്മാവന്റെ ഭാര്യയും. സുഖ സൗകര്യങ്ങൾക്ക് നടുവിൽ ആഘോഷിക്കപ്പെട്ടിരുന്ന ജീവിതം പാതിവഴിക്ക് ഉപേക്ഷിച്ച് കാസിയ അൽ താനി രാജകുമാരി യാത്രയാകുമ്പോൾ അവസാനിക്കുന്നത് തീർത്തും അത്ഭുതകരമെന്ന് തോന്നിയേക്കാവുന്ന ഒരു ജീവിതമാണ്.

പോളിഷ് വംശജയായ ഈ 45 കാരി ഖത്തർ അമീറിന്റെ അമ്മാവനും ശതകോടീശ്വരനുമായ അബ്ദളസീസ് ബിൻ ഖാലിഫാ അൽ താനി എന്ന 73 കാരന്റെ മൂന്നാം ഭാര്യയായിരുന്നു. ഇതിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. അൽ തനിയിൽ നിന്നും വിവാഹമോചനം നേടിയ ഇവർ കുട്ടികളെ വിട്ടുകിട്ടാനായി നൽകിയ കേസിൽ പരാജയപ്പെടുകയായിരുന്നു. തന്റെ ഭർത്താവ് മൂന്ന് മക്കളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, അവരുടെ മുൻ ഭർത്താവ് അക്കാര്യം നിഷേധിച്ചിരുന്നു.

പാരിസിൽ ഉണ്ടായിരുന്ന ഇളയമകൾ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നപ്പോൾ സ്പാനിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു മുറിക്കുള്ളിലെ കട്ടിലിൽ ഗല്ലനിയോയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഒന്നും ഇല്ലായിരുന്നു.

ഇക്കഴിഞ്ഞ മെയ്‌ 19 നായിരുന്നു പാരിസ് കോടതി ഇവരുടെ പരാതി തള്ളിയത്. അതിനു മുൻപ് തന്നെ നാഢീ സംബന്ധമായ രോഗങ്ങളാൽ ഇവർ കുറേനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. ഇരട്ടകളായ മുത്തവർ ആദ്യം പിതാവിനൊപ്പം താമസിക്കൻ ആഗ്രഹിച്ചെങ്കിലും പിന്നീട് അമ്മയ്ക്കൊപ്പം താമസിക്കുവാൻ മാർബെല്ലയിലേക്ക് വന്നിരുന്നു. 15 കാരിയായ ഇളയമകൾപാരിസിൽ, ഖത്തർ രാജകുടുംബത്തിന്റെ ഒരു ആഡംബര അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. 1995-ൽ തന്റെ അർദ്ധസഹോദരൻ നടത്തിയ അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട അൽ താനി ഇപ്പോൾ പാരിസിലാണ് താമസം.

15 കാരിയായ ഇളയ മകളുടെ അവകാശത്തിനു വേണ്ടിയായിരുന്നു ഇവർ പാരിസിലെ കോടതിയെ സമീപിച്ചത്. തങ്ങളുടെ മക്കളിൽ ഒരാളെ അൽ താനി ലൈംഗികമായി പീഡിപ്പിച്ചു എന്ന് അവർ പറഞ്ഞപ്പോൾ ഗല്ലാനിയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും, ധാരാളം മാനസിക പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണെന്നുമായിരുന്നു അൽ താനി ആരോപിച്ചത്.

തന്റൊപ്പം താമസിക്കാൻ ആഗ്രഹിച്ചെത്തിയ മൂത്ത പെൺമക്കളുമായുള്ള എല്ലാ ബന്ധവും അൽ താനി ഉപേക്ഷിച്ചതായി അവർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ ഇളയ മകളെ, താനുമായി സംസാരിക്കാൻ അനുവദിക്കാറില്ലെന്നും അവർ പറഞ്ഞിരുന്നു.