ചേർത്തല: സ്വാഭാവികമരണമായി ഒതുങ്ങുമായിരുന്ന ചേർത്തലയിലെ ഹേനയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത സർജന്റെ സംശയത്തിൽ നിന്നുമായിരുന്നു. തുടർന്ന് ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നതുകൊടിയ പീഡനത്തിന്റെയും സ്ത്രീധനത്തിനു വേണ്ടിയുള്ള നാണംകെട്ട കളിയുടെയും കഥകളാണ്. കഴിഞ്ഞ 26നാണ് കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേനയെ (42) ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹേനയുടെ മരണത്തിൽ ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുള്ള വിവാഹം. ചെറുപ്പംമുതൽ ചെറിയ മാനസിക അസ്വാസ്ഥ്യം ഹേനയ്ക്ക് ഉണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ് തന്നെയാണ് ഹേനയെ അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. മകളെ പൊന്നുപോലെ നോക്കാമെന്ന് വാക്കും നൽകിയിരുന്നു. എന്നാൽ അപ്പുക്കുട്ടന്റെ കണ്ണ് ഹേനയുടെ കുടംബത്തിന്റെ സ്വത്തിലായിരുന്നു. കല്ല്യാണം കഴിഞ്ഞത് മുതൽ കൂടുതൽ സ്ത്രീധനത്തിനായി കടുത്ത പീഡനമാണ് ഹേന നേരിട്ടത്.

വിവാഹത്തിന് 80 പവൻ സ്ത്രീധനമായി നൽകിയിരുന്നു. കൂടാതെ വിവാഹം കഴിഞ്ഞ ഉടൻ ഭർതൃവീട്ടിലേക്ക് വാഷിങ് മെഷീൻ, ഫ്രിജ്, ടെലിവിഷൻ എന്നിവ വാങ്ങി നൽകി. മാത്രമല്ല മകളുടെ ചെലവിലേക്കായി മാസം തോറും 15000 രൂപ നൽകിയിരുന്നെന്നും ഹേനയുടെ വീട്ടുകാർ പറയുന്നു. എന്നാൽ ഇത്രയും കിട്ടിയിട്ടും അപ്പുക്കുട്ടന്റെ ആർത്തി തീർന്നില്ല കൂടുതൽ പണം ആവശ്യപ്പെട്ട് ഇയാൾ പ്രശ്‌നം തുടങ്ങി.

സ്ത്രീധനം കിട്ടിയ സ്വർണത്തിന് പുറമേ ഏഴ് ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നങ്ങൾ പതിവായിരുന്നു. പണം വേണമെന്ന ആവശ്യം ഹേന വഴി വീട്ടിൽ ഉന്നയിച്ചെങ്കിലും ഇത്ര വലിയ തുക ഇപ്പോൾ തരാൻ കഴിയില്ലെന്ന് പിതാവ് അറിയിച്ചു. ഇത് അപ്പുക്കുട്ടനിൽ പകയായി മാറിയിരുന്നു. ചെയ്യുന്ന ജോലികൾക്ക് കുറ്റം പറയാറുണ്ടെന്നും മർദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പിതാവ് കൂട്ടിക്കൊണ്ടുവരാൻ പോയപ്പോൾ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി. പണം ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നേരിടുന്ന പീഡനങ്ങൾ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ അപ്പുക്കുട്ടൻ ഹേനയുടെ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചിരുന്നെന്നും പറയുന്നു.

അപ്പുക്കുട്ടനും ഹേനയുടെ അച്ഛനും തമ്മിൽ പണത്തിന്റെ പേരിൽ തർക്കം നിലനിന്നിരുന്നതായി സൂചനകളുണ്ട്. പലപ്പോഴായി പണവും 80 പവൻ സ്വർണവും അപ്പുക്കുട്ടൻ കൈപ്പറ്റിയതായി വിവരമുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഉൾപ്പെടുത്തണോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, കോൾ റെക്കോർഡുകൾ തുടങ്ങിയവ ഇതിനായി ശേഖരിക്കും.