എവറസ്റ്റ് കീഴടക്കി ഇന്ത്യൻ പർവ്വതാരോഹകനായ നരേന്ദർ സിങ് യാദവ്. ആറ് വർഷങ്ങൾക്ക് മുമ്പ് എവറസ്റ്റ് കീഴടക്കിയെന്ന് കള്ളം പറയുകയും തെളിവിനായി വ്യാജ ഫോട്ടോകൾ ഹാജരാക്കുകയും ചെയ്‌തെന്ന് ആരോപിച്ച് നേപ്പാളിൽ പ്രവേശിക്കുന്നതിന് നരേന്ദറിന് വിലക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ എവറസ്റ്റ് കീഴടക്കി ആ നാണക്കേട് ഒഴിവാക്കിയിരിക്കുകയാണ് നരേന്ദർ.

മുൻപ് നരേന്ദർ എവറസ്റ്റ് കീഴടക്കിയിട്ടില്ലെന്ന് നേപ്പാൾ സർക്കാർ പറയുമ്പോൾ താൻ എവറസ്റ്റഅ കീഴടക്കിയിരുന്നെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഈ യുവാവ്. ഇത് തന്റെ രണ്ടാമത്തെ സന്ദർശനമാണെന്നും നരേന്ദർ പറയുന്നു. 2016ൽ നരേന്ദർ യാദവും റാണി ഗോസ്വാമിയും ചേർന്നാണ് എവറസ്റ്റിലെത്തിയതെന്നു പറയുന്നു. ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഇവർക്ക് ഇതിന്റെ സർട്ടിഫിക്കറ്റും നൽകി. എന്നാൽ അഥികാരികൾ ഇത് തിരികെ വാങ്ങുകയും നേപ്പാളിൽ പ്രവേശിക്കുന്നതിന് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ആയിരുന്നു.

ഇക്കഴിഞ്ഞ മെയ് 27നാണ് നരേന്ദർ സിങ് യാദവ് വീണ്ടും എവറസ്റ്റിന്റെ നെറുകയിൽ എത്തിയത്. താൻ എവറസ്റ്റ് കീഴടക്കിയെന്ന് ഉറപ്പിക്കാനായി ഇവിടെ നിന്നും നിരവധി ഫോട്ടോകളും വീഡിയോയും എടുത്താണ് ഇത്തവണ നരേന്ദറിന്റെ മടക്കം.