ഹൈദരാബാദ്: ആഡംബര കാറിനുള്ളിൽ സ്‌കൂൾ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നിയമസഭാ അംഗത്തിന്റെ മകനും മന്ത്രിയുടെ മകനും അടക്കം നിരവധി രാഷ്ട്രീയക്കാരുടെ മക്കളും ചെറുമക്കളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ഹൈദരാബാദിലെ ജൂബിലി ഹിൽസ് സ്‌കൂളിലാണ് സംഭവം. 17കാരിയായ വിദ്യാർത്ഥിനിയെ സഹപാഠികളാ വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിക്കുക ആയിരുന്നു.

സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു നിർത്തിയിട്ട കാറിൽ കയറ്റിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റു ചിലർ സ്‌കൂളിന് പുറത്ത് കാവൽ നിന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. 11, 12 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് ഈ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് സൂചന. രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന് ആരോപണമുയർന്നു. ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. നിയമസഭാ അംഗത്തിന്റെ മകനും ബോർഡ് മെംബറുടെ മകനും മന്ത്രിയുടെ ചെറുമകനും സംഘത്തിലുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

പബ്ബിന് മുൻപിൽ പെൺകുട്ടി ആൺകുട്ടികളുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. കഴുത്തിലും മറ്റും മുറിപ്പാടുകൾ കണ്ട് പിതാവ് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.