പന്തളം: മാവേലിക്കരയിലെ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടകാർക്കുമെതിരെ കൂടുതൽ തെളിവ്. പന്തളം മങ്ങാരം സ്വദേശിനി ബിൻസിയുടെ മരണത്തിലാണ് ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്. ഭർതൃമാതാവ് ബിൻസിയെ മാനസികമായി പീഡിപ്പിക്കുന്നതും, ഭർത്താവ് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് അപമാനിക്കുന്നതുമായി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മരിക്കുന്നതിന് മുൻപ് ഭർതൃവീട്ടുകാരറിയാതെ ബിൻസി തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തെളിവു സഹിതം പൊലീസിൽ വീണ്ടും പരാതി നൽകിയിരിക്കുകയാണ് ബിൻസിയുടെ വീട്ടുകാർ. എന്നാൽ ഭർതൃവീട്ടുകാരുടെ ഈ ക്രൂരപീഡനത്തിന്റെ ഈ വീഡിയോ മരണശേഷമാണ് ബിൻസിയുടെ വീട്ടുകാർക്ക് കണ്ടെത്താനായത്. അന്ന് മുതൽ മകളുടെ മരണത്തിന് കരാണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ കുടുംബം.

എന്നാൽ തെളിവ് സഹിതം പരാതി നൽകിയിട്ടും ബെൻസിയുടെ ഭർതൃവീട്ടുകാർക്കെതിരെ ഒരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സ്ത്രീധനം കൂടുതൽ ചോദിച്ച് ബിൻസിയെ ഭർത്താവ് ജിജോ മർദിക്കുന്നത് പതിവായിരുന്നുവെന്ന് ബിൻസിയുടെ സഹോദരൻ പറഞ്ഞു. 'ബിൻസിയെ കഴുത്തിന് പിടിച്ച് ഭിത്തിയിൽ പൊക്കി നിർത്തി താഴോട്ട് ഇടും. അവിടുന്ന് പിന്നെയുമിടുത്ത്, ഇത് പോലെ ചെയ്യും. ഇങ്ങനെ മർദിക്കുന്നത് ഒരു ഹരമായിരുന്നെന്നും ബെൻസിയുടെ സഹോദരൻ പറയുന്നു.

ദിവസവും പൊലീസ് സ്‌റ്റേഷൻ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഇല്ല. ഫോറൻസിക് റിപ്പോർട്ട് വരട്ടെയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴാണ് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ കിട്ടുന്നത്. പക്ഷേ പൊലീസ് നടപടിയൊന്നും എടുക്കുന്നില്ല. തൻെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബെൻസിയുടെ അച്ഛൻ പറയുന്നു.

ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് മകളെ വീട്ടിലേക്ക് കൊണ്ടുപോന്നതാണെന്നും , ചർച്ചകൾക്ക് ശേഷമാണ് വീണ്ടും മാവേലിക്കരയിലേക്ക് വിട്ടതെന്നും ബിൻസിയുടെ പിതാവ് പറഞ്ഞു. ഗാർഹിക പീഡനത്തിന് ഏറ്റവും പ്രധാനപ്പെട്ട തെളിവ് പൊലീസിന് കൈമാറിയിട്ട് പോലും മാവേലിക്കര പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ കുടുംബം പറയുന്നു.