രിക്കൽ തങ്ങളെ ഭരിച്ചിരുന്ന ബ്രിട്ടനിൽ ആധിപത്യം സ്ഥാപിക്കുവാൻ ഇന്ന് ഇന്ത്യാക്കാർ കഠിന യത്നത്തിലാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ അസ്ഡ ഇന്ത്യൻ വംശജരായ ഇസ്സാ സഹോദരന്മാർ വാങ്ങിയത് നേരത്തേ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഏറ്റവും വലിയ കെമിസ്റ്റ് ശൃംഖലയായ ബൂട്ട്സ് സ്വന്തമാക്കാനും ഇന്ത്യാക്കാർ മത്സരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായമുകേഷ് അംബാനി 5 ബില്യൺ പൗണ്ടിന്റെ ഓഫറാണ് ഇപ്പോൾ വെച്ചിരിക്കുന്നത്.

70 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള അംബാനി അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി കമ്പനിയായ അപ്പോളോയുമായി ചേർന്നാണ് ഈ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. അതിനോടൊപ്പം അസ്ഡയുടെ ഉടമസ്ഥരായ ഇസ്സാ സഹോദരന്മാരും ടി ഡി ആർ കാപിറ്റലിനൊപ്പം ചേർന്ന് ഈ ഫാർമസ്യുട്ടിക്കൽ ശൃംഖല കൈക്കലാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഇപ്പോൾ അവർ അല്പം പുറകോട്ടു മാറിയിരിക്കുന്നു എന്ന സൂചനകളും ലഭിക്കുന്നുണ്ട്.

ബൂട്ട്സിന്റെ നിലവിലെ ഉടമസ്ഥരായ വാൾഗ്രീൻ ബൂട്ട്സ് അലയൻസ്ഇത് വിൽക്കാൻ തീരുമാനിച്ചതോടെ ഇതിനായി പല ഭാഗങ്ങളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായി. കഴിഞ്ഞ വർഷം മോറിസൺ ശൃംഖല വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട അപ്പോളോ ഇത്തവണ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ചേർന്നാണ് ശ്രമം നടത്തുന്നത്. ഇത് സംഭവിച്ചാൽ ബൂട്ട്സ് ശൃംഖല ഏഷ്യൻ ഭൂഖണ്ഡത്തിലേക്കും വ്യാപിക്കും എന്നത് ഉറപ്പാണ്.

അപ്പോളോയ്ക്കും റിലയൻസിലും ബൂട്ട്സിൽ ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. എന്നാൽ ഇരുവർക്കും തുല്യ പങ്കാളിത്തമാണോ ഉള്ളതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. യു കെയിൽ ആകമാനമായി 2,200 സ്റ്റോറുകളുള്ള ബൂട്ട്സിന് നേരത്തേ 6 ബില്യൺ പൗണ്ടിന്റെ മൂല്യമായിരുന്നു നിശ്ചയിച്ചിരുന്നത്. അന്തിമ ബിഡ് നൽകുവാൻ മെയ്‌ പകുതി വരെയാണ് സമയം അനുവദിച്ചിരുന്നത്. യൂറോ ഗാരേജസും ഫാസ്റ്റ് ഫുഡ് ശൃംഖലയായ ലിയോണും അതുപോലെ അടുത്തകാലത്ത് അസ്ഡയും ഏറ്റെടുത്ത ഇസ്സാ സഹോദരന്മാരും ബിഡ് സമർപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

ഫൊർബ്സിന്റെ കണക്കുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവു വലിയ രണ്ടാമത്തെ സമ്പന്നനായ മുകേഷ് അംബാനിക്ക് മൊത്ത് 101.8 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. ഇപ്പോൾ റീടെയിൽ ഫാർമ മേഖലയിലേക്കും കാൽവയ്ക്കാൻ ഒരുങ്ങുകയാണ് ഈ ഇന്ത്യൻ ശതകോടീശ്വരൻ. നേരത്തേ ബ്രിട്ടനിൽ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി യുകെ കളിപ്പാട്ട നിർമ്മാതാക്കളായ ഹാംലേസിനെ റിലയൻസ് ഏറ്റെടുത്തിരുന്നു. എത്ര തുകയക്കാണ് ഏറ്റെടുത്തത് എന്നകാര്യം ഇനിയും പുറത്തുവിട്ടിട്ടില്ല. അതുപോലെ 56 മില്യൺ പൗണ്ടിന് ബക്കിങ്ഹാംഷയറിലെ കൺട്രി ക്ലബ്ബ് സ്റ്റോക്ക് പാർക്കിന്റെ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തിരുന്നു.

പശ്ചിമ ഇന്ത്യയിലെ 280 ഏക്കർ സ്ഥലത്ത് ഒരു സ്വകാര്യ മൃഗശാല നിർമ്മിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കഴിഞ്ഞവർഷം അംബാനി കുടുംബത്തിന് മൃഗസ്നേഹികളുടെ നിശിതമായ വിമർശനങ്ങളേറ്റുവാങ്ങേണ്ടതായി വന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗശാലയായിരിക്കും ഇത്. ഏകദേശം 100 ൽ അധികം വിവിധ സ്പീഷീസുകളിലുള്ള മൃഗങ്ങൾ ഇവിടെയുണ്ടാകും എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മൃഗശാലയിൽ നിന്നും രണ്ട് കരിമ്പുലികളെ അവരുടെ സ്വകാര്യ സ്ഥാപനത്തിലേക്ക് ധൃതി പിടിച്ചു മാറ്റിയതായിരുന്നു വിമർശനങ്ങൾക്ക് നിദാനമായത്.