ചാലക്കുടി: മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് സമയത്തെ നഗ്‌ന ദൃശ്യങ്ങൾ പ്രദേശവാസിയായ സ്റ്റുഡിയോ ഉടമ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തം. ചാലക്കുടി കുറ്റിച്ചറ നടുമുറ്റത്ത് വിജയയാണ് പരാതിക്കാരി.

അതേ സമയം ഭാര്യയുടെ നഗ്‌ന ചിത്രങ്ങൾ പുറത്തു വിട്ടെന്നറിഞ്ഞ് സ്റ്റുഡിയോ ഉടമയെ മർദിച്ച കേസിൽ പൊന്നാംപള്ളിൽ തെക്കേക്കുന്നേൽ സിജു ജോസഫ് ജയിലിലാണ്. ലിജിയുടെ 13 ഉം 11 ഉം വയസ്സ് മാത്രം പ്രായമുള്ള മക്കളുടെ സംരക്ഷണം കൂടി ഇപ്പോൾ മുത്തശ്ശി വിജയയുടെ ചുമലിലാണ്.

''സാറിന്റെ ഭാര്യയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു'' നിരാലംബയായ ആ അമ്മയുടെ ചോദ്യത്തിനു മുന്നിൽ പൊലീസിനും മറുപടിയുണ്ടായില്ല. പരാതിയിൽ മൊഴിയെടുക്കാൻ എത്തിയപ്പോഴായിരുന്നു വെള്ളിക്കുളങ്ങര സിഐയോട് നേരിട്ട നീതികേടിന്റെ വേദന വിജയ തുറന്നു പറഞ്ഞത്.

കഴിഞ്ഞ ഏപ്രിൽ 24 നാണ് വീരൻചിറങ്ങരയിൽ ഓട്ടോറിക്ഷ അപകടത്തിൽ വിജയയുടെ മകൾ ലിജി മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പൊലീസ് ഫൊട്ടോഗ്രഫർമാരെ കൊണ്ടുവന്നിരുന്നില്ല. പകരം ഫൊട്ടോഗ്രാഫർമാരെ അന്വേഷിച്ചെങ്കിലും ഞായറാഴ്ചയായിരുന്നതിനാൽ ആരെയും കിട്ടിയില്ല.

തുടർന്ന് കോടശേരി പഞ്ചായത്തിലെ പത്താം വാർഡ് അംഗം ജോഫിൻ ഫ്രാൻസിസിന്റെ മൊബൈൽ ഫോണിൽ ഇൻക്വസ്റ്റ് ദൃശ്യങ്ങൾ പകർത്താൻ പൊലീസ് നിർദ്ദേശിച്ചു. ഇതു പ്രിന്റ് ചെയ്യാനാണ് കുറ്റിച്ചിറയിലുള്ള സിന്ദൂരി സ്റ്റുഡിയോ ഉടമ സിദ്ധാർഥനെ ഏൽപിച്ചത്. ചിത്രങ്ങൾ പ്രിന്റെടുത്തു പൊലീസിനു കൈമാറുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ സിദ്ധാർഥൻ മൃതദേഹത്തിന്റെ നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. ചിത്രങ്ങളും സ്‌ക്രീൻ ഷോട്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മരണത്തിന്റെ 40 ാം ദിവസത്തെ ചടങ്ങുകൾ നടക്കുമ്പോഴാണ് ഭാര്യയുടെ നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരം ലിജിയുടെ ഭർത്താവ് സിജു അറിഞ്ഞത്.

അതു നേരിട്ടു ചോദിക്കാൻ സ്റ്റുഡിയോയിൽ എത്തിയ സിജുവും സിദ്ധാർഥനുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. മർദനമേറ്റ സിദ്ധാർഥൻ ആശുപത്രിയിൽ അഡ്‌മിറ്റായി. മകളുടെ മൃതദേഹത്തോട് അനാദരവു കാട്ടിയ വിവരം അറിഞ്ഞതോടെയാണ് വിജയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പട്ടികജാതി വിഭാഗത്തിൽ പെട്ട വിജയയുടെ ഭർത്താവ് നേരത്തേ മരിച്ചതിനാൽ മകളും കുടുംബവുമായിരുന്നു ഏക ആശ്രയം. വിജയയുടെ മകൻ ഭിന്നശേഷിക്കാരനാണ്. സിജു ജയിലിലായതോടെ അദ്ദേഹത്തിന്റെ വയോധികയായ മാതാവിന്റെ പരിചരണവും വിജയയുടെ ചുമതലയിലാണ്. മകളോടു ചെയ്ത ദ്രോഹത്തിനെതിരെ പൊലീസിൽ പരാതി നൽകിയപ്പോൾ തിങ്കളാഴ്ച നടപടി ഉണ്ടാകുമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു വിജയ പറഞ്ഞു.

പകരം സ്റ്റുഡിയോ ഉടമ സിദ്ധാർഥനെ മർദിച്ചെന്ന കേസിൽ മരുമകനുമായി തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചു. അന്നു തന്നെ വിട്ടയയ്ക്കുമെന്ന ഉറപ്പിലാണ് ഹാജരാക്കിയത്. പക്ഷേ സ്റ്റുഡിയോ ആക്രമിച്ചു, ക്യാമറ മോഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സിജുവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചെന്നു വിജയ പറയുന്നു.

സിദ്ധാർഥനെതിരെ നേരത്തെയും സമാന പരാതി ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. മൃതദേഹത്തോട് അനാദരവു കാട്ടിയ സംഭവത്തിൽ ഒരാഴ്ചയായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങൾ സ്ഥലത്തെത്തിയ വിവരം അറിഞ്ഞതോടെയാണ് വിജയയുടെ മൊഴിയെടുക്കാനെത്തിയത്. സംഭവത്തിൽ നിയമപരമായ നടപടിയുണ്ടാകുമെന്ന് തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്‌റെ പ്രതികരിച്ചു.