തൃശൂർ: കോട്ടയത്തിനും കൊച്ചിക്കും പിന്നാലെ തൃശൂരിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി രാമനിലയത്തിൽ ഒരുക്കിയിരിക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്നാണ് തൃശൂരിലും അസാധാരണ സുരക്ഷാ വിന്യാസം മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയത്. പൊലീസ് വലയത്തിലാണ് ഗസ്റ്റ് ഹൗസ്.

അതേസമയം, രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് ഏഴ് മണിക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. പന്തം കൊളുത്തി പ്രകടനമായാണ് പ്രവർത്തകരെത്തുക. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. സാഹിത്യ അക്കാദമിക്ക് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടയും എന്നാണ് വിവരം. രാമനിലയം ഗസ്റ്റ് ഹൗസിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‌ഡെൻഡർ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാൻസ്‌ജെൻഡറുകൾ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കൊച്ചിയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തരോട് അത് നീക്കാൻ നിർദ്ദേശം നൽകിയതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ഗതാഗതം നിരോധിച്ചിരുന്നു. തൃപ്പൂണിത്തുറയിൽ വാഹനങ്ങൾ തടഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കു കടന്നു പോകാൻ വഴിയൊരുക്കിയത്. മുഖ്യമന്ത്രി കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലും സുരക്ഷാ നിർദ്ദേശം നൽകി.

പ്രതിഷേധങ്ങൾക്ക് തടയിടാൻ ഇടവഴികളിൽപോലും ഗതാഗതം വിലക്കി. ഇതോടെ പൊതുജനങ്ങൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോലും നഗരങ്ങളിൽ എത്താൻ കഴിയാതെ വന്നു. അതേസമയം, കറുത്ത മാസ്‌ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. കോട്ടയത്തും ജനത്തെ വലച്ചാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി സുരക്ഷ ഒരുക്കിയത്. കനത്ത സുരക്ഷയിലും കോൺഗ്രസിന്റെയും ബിജെപിയുടെയുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം അരങ്ങേറി.

കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചു. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.