പാലക്കാട്: വ്യക്തിവൈരാഗ്യത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് ചികിത്സക്കിടെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തി തലക്കടിച്ച് വീഴ്‌ത്തിയ സജു, അക്ഷയ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിപ്പോൾ റിമാന്റിലാണ്. വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. പാലക്കാട് കല്ലിങ്കൽ ജംക്ഷനിൽ വ്യാഴാഴ്ച രാത്രിയിലാണ് ബൈക്കിൽനിന്ന് വീണ് ഗിരീഷിനു സാരമായി പരുക്കേറ്റത്.

തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു ഗിരീഷ്. ഈ മാസം ഏഴിനാണ് സംഭവം. ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങിയ ഗിരീഷിനെ സജുവും അക്ഷയും പിന്തുടരുകയായിരുന്നു. ബൈക്ക് ഓടിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തിയ ഇരുവരും ചേർന്ന് തലയ്ക്കടിച്ച് വീഴ്‌ത്തി. അടിയേറ്റ് നിലത്ത് വീണ ഗിരീഷിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഇരുവരും സ്ഥലത്ത് നിന്ന് പോവുകയും ചെയ്തു.

ബൈക്ക് അപകടമാണെന്നായിരുന്നു നാട്ടുകാരും പൊലീസും ആദ്യം കരുതിയത്. എന്നാൽ വ്യക്തിവൈരാഗ്യം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

സംശയം തോന്നിയ സാഹചര്യത്തിലാണ് ടൗൺ സൗത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. സംഭവം കൊലപാതക ശ്രമമാണെന്ന് കണ്ടെത്തിയതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചന്ദ്രനഗറിലെ ബാറിൽനിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.

ടൗൺ സൗത്ത് ഇൻസ്പെക്ടർ ടി ഷിജു എബ്രഹാം, എസ്ഐ വി ഹേമലത, അഡീഷണൽ എസ്ഐ കെ ഉദയകുമാർ, സിപിഒമാരായ സജീന്ദ്രൻ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഗിരീഷ് മരിച്ചതോടെ സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.