- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണം നടത്തിയതിന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; രണ്ടാം ദിവസം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പ്രതി മരിച്ചു: ചെറുകുടലിലും മറ്റും മാരകമായ മുറിവ്: തുളസിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: രാത്രിയിൽ മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച പ്രതി സ്‌റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. മംഗലപുരം വേങ്ങോട് മണലകം തടത്തുവിളാകം വീട്ടിൽ തുളസി (50)യാണു മരിച്ചത്. ഇയാളുടെ ചെറുകുടലിലും മറ്റും മാരക മുറിവുണ്ടായിരുന്നതായും മർദനമേറ്റിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
മോഷണക്കേസിൽ അറസ്റ്റിലായി രണ്ടാം ദിവസം ജാമ്യത്തിൽ വീട്ടിലെത്തുമ്പോൾ തന്നെ തുളസി അവശനായിരുന്നെന്നും പരാതിയിൽ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുക ആിരുന്നു. കഴിഞ്ഞ 28നു രാത്രിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അഴൂർ പെരുങ്ങുഴി മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിനടുത്തു നിന്നാണ് സംശയാസ്പദമായ രീതിയിൽ നാട്ടുകാർ തുളസിയെ പിടികൂടിയത്. സ്ഥലത്തെ വീടുകളിൽനിന്നു മോഷ്ടിച്ച പാത്രങ്ങളുമായി സമീപവാസികൾ ചേർന്നാണു പിടികൂടിയത്. തുടർന്ന് ഇയാളുടെ കൈകൾ കെട്ടിയ ശേഷം ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു ദിവസം മുഴുവനും സ്റ്റേഷനിൽ കഴിഞ്ഞ തുളസിയെ 29നു രാത്രി ബന്ധുക്കളെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടു. വീട്ടിലെത്തിയ പ്രതിക്ക് അടിവയറ്റിൽ കടുത്തവേദനയുണ്ടായതിനെത്തുടർന്നു വേങ്ങോട് പിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും അസുഖം വഷളാവുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ മരിച്ചു.
12 വർഷം മുൻപ് അൾസർ ബാധിച്ച് ഇയാൾ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. സ്‌കാനിങ്ങിൽ ചെറുകുടലിലും മറ്റും മാരകമായ മുറിവ് കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.