ദുബായ്: ഗുരുവായൂരപ്പന്റെ ഥാർ 43 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പിടിച്ചതിന് പിന്നാലെ മലയാളികൾക്കിടയിൽ ഉയർന്നു കേട്ട പേരാണ് വിഘ്‌നേഷ് വിജയകുമാർ മേനോൻ. മോഹവില കൊടുത്ത് 15 ലക്ഷത്തിന്റെ ഥാർ സ്വന്തമാക്കിയ ദുബായിലെ പ്രവാസിയായ വിഘ്‌നേഷിനെ കേരളം ആരാധനയോടെയാണ് നോക്കിയത്. 11 കമ്പനികളുമായി ദുബായിൽ വൻ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് വിഘ്‌നേഷ് എന്ന ഈ 43കാരൻ. ആരെയും അസൂയപ്പെടുത്തുന്ന വളർച്ചയാണ് വളരെ ചുരുങ്ങിയ വർഷം കൊണ്ട് വിഘ്‌നേഷ് കൈവരിച്ചത്്. 19-ാം വയസ്സിൽ 3500 ദിർഹം ഡോളറിൽ ദുബായിൽ ജോലിക്കെത്തിയതായിരുന്നു വിഘ്‌നേഷ്. അവിടെ നിന്നാണ് ജീവിതത്തിന്റെ ഉയർച്ചയുടെ തുടക്കം.

റോൾസ് റോയ്‌സ്, ബെൻസ്, ബിഎംഡബ്ല്യു, റേഞ്ച് റോവർ തുടങ്ങിയ 13 ആഡംബര കാറുകൾ വിഘ്‌നേഷിനുണ്ട്. കൂടാതെ കേരളത്തിലും നിരവധി കാറുകൾ അദ്ദേഹത്തിനുണ്ട്. ാക്കിക്കഴിഞ്ഞു. പതിനാലാമത്തെ കാർ വൈകാതെ അജ്മാൻ ഹീലിയോയിലെ തന്റെ മനോഹരമായ ഫാമിലെ പാർക്കിങ്ങിൽ എത്തിക്കാനൊരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. അത് അദ്ദേഹത്തിന്റെ ഒരു ജീവിത സ്വപ്‌നവുമാണ്. അടുപ്പമുള്ളവർ വിക്കി എന്നു സ്‌നേഹത്തോടെ വിളിക്കുന്ന വിഘ്‌നേഷിന്റെ ജീവിതലക്ഷ്യം 14 കാറുകളാകാൻ പ്രത്യേക കാരണമുണ്ട്. അതൊരു കഥയാണ്.

ദുബായിലെ ഓഫിസിൽ ജോലിക്കു പോകുന്നതിനു മുമ്പുള്ള രാവിലത്തെ സമയം വിക്കി വിനിയോഗിച്ചത് കാറുകൾ കഴുകാനായിരുന്നു. പഠനത്തിന് പണം കണ്ടെത്താനായിരുന്നു വിക്കി കാറുകൾ കഴുകി ഇരുന്നത്. 100 ദിർഹത്തിന് വാങ്ങിയ ബക്കറ്റും കാർ കഴുകാനുള്ള തുണികളുമായിരുന്നു ബിസിനസ് രംഗത്തെ തന്റെ ആദ്യ നിക്ഷേപമെന്നു വിക്കി പറയുന്നു. 14 കാറുകളായിരുന്നു അന്ന് ഒരു ദിവസം കഴുകിയിരുന്നത്. അങ്ങനെയാണ് എംബിഎ എന്ന സ്വപ്‌നം പൂർത്തിയാക്കിയത്. അന്നത്തെ ആ കഠിനാധ്വാനമാണ് ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളും കോടികൾ വിലമതിക്കുന്ന 13 ആഡംബര കാറുകളും സ്വന്തമായുള്ള സമ്പന്നനാക്കി മാറ്റിയതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

നാട്ടിൽ സ്വന്തമായൊരു വീടെന്ന തന്റെ അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കാനാണ്, 2005ൽ 19-ാം വയസ്സിൽ വിക്കി യുഎഇയിലെത്തിയത്. ന്യൂസിലാൻഡ് ഡയറിബോർഡ് എന്ന സ്വകാര്യ കമ്പനിയിൽ 3,500 ദിർഹത്തിന് അഡ്‌മിനിസ്‌ട്രേഷൻ അസിസ്റ്റന്റായി ആദ്യമായി ജോലിയിൽ പ്രവേശിച്ചു. മറ്റെല്ലാം മറന്നു കഠിനമായി അധ്വാനിച്ചു. അതിനിടയിൽ ബിസനസ് ചെയ്യാനും പദ്ധതിയിട്ടു.

കസബിൽ നിന്നും തുടങ്ങിയ ബിസിനസ്
പണ്ട് ദുബായിൽ സന്ദർശക വീസയിൽ നിന്ന് എംപ്ലോയ്‌മെന്റ് വീസയിലേക്കു മാറാൻ വർഷങ്ങൾക്കു മുൻപ് അയൽരാജ്യങ്ങളിലെവിടെയെങ്കിലും പോയി വരണമായിരുന്നു. മിക്കവരും പോയിരുന്നത് ഒമാനിലെ കസബിലേക്കും ഇറാനിലെ കിഷിലേയ്ക്കുമായിരുന്നു. വിക്കിയും ഇതിനായി തിരഞ്ഞെടുത്തത് കസബ് തന്നെ. അതു ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്ന് ഈ യുവാവ് അന്നു കരുതിയതേയില്ല. പലപ്പോഴും, വീസ മാറാൻ അവിചാരിതമായ കാരണങ്ങളാൽ കാലതാമസമെടുക്കുന്നതിനാൽ മലയാളികളടക്കമുള്ളവർ കസബിലും കിഷിലും കുടുങ്ങുക പതിവായിരുന്നു.

വിക്കിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. അങ്ങനെയാണു കസബിൽ കുടുങ്ങിക്കിടന്ന 300 ലേറെ ഫിലിപ്പീൻസ് സ്വദേശികളെ കണ്ടുമുട്ടുന്നത്. അവരെ യുഎഇയിലേക്കു മടങ്ങാൻ സഹായിച്ച വിക്കിയുടെ ഉള്ളിലെ ബിസിനസുകാരൻ ഉണർന്നു. വീസ മാറാനായും മറ്റും യാത്ര ചെയ്യുന്നവർക്കുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കികൊടുക്കുന്ന സംരംഭം തുടങ്ങിയത് അങ്ങനെയാണ്. പിന്നീട് ഇറാനിയൻ കമ്പനിയുമായി സഹകരിച്ചു ബിസിനസ് വിപുലീകരിച്ചു.

ഇടിത്തീയായി ചെക്കു കേസ്
ജോലിക്കിടെ സ്വന്തമായി ബിസിനസ് എന്ന ആഗ്രഹത്തിനു പിന്നാലെ പോയ വിക്കി വൈകാതെ നിർമ്മാണ മേഖലയിലേക്കു കടന്നു. പക്ഷേ, കോവിഡ് ലോക്ഡൗൺ എല്ലാം തകിടം മറിച്ചു. സന്ദർശക വീസാ മാറ്റത്തിന്റെ മേഖലയിലെ ബിസിനസും നിർമ്മാണമേഖലയിലെ ബിസിനസും ഇതോടെ താളംതെറ്റി. കൂനിന്മേൽ കുരു എന്ന നിലയ്ക്ക്, താൻ ഒപ്പിട്ട ചെക്ക് ബുക്ക് തന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്നയാൾ ദുരുപയോഗപ്പെടുത്തിയതിനാൽ കേസുകൾ ഒന്നിനു പിറകെ ഒന്നായി വന്നു. താനറിയാതെ കൂടെനിന്നയാൾ വഞ്ചിച്ചതാണെങ്കിലും താനൊപ്പിട്ട ചെക്കിന്റെ ഉത്തരവാദിത്തം വിക്കി ഏറ്റെടുത്തു. കഷ്ടപ്പാടിന്റെ 3 വർഷങ്ങളായിരുന്നു പിന്നീട്.

ഇതിലുപരി ഏറെ വേദനിച്ചതു പ്രതിസന്ധികളുടെ കാലത്തു ബന്ധുക്കളോ സുഹൃത്തുക്കളോ കൂടെ നിന്നില്ല എന്നതു തന്നെ. ചെക്ക് കേസുകൾ വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിക്കിയുടെ നിരപരാധിത്തം തിരിച്ചറിഞ്ഞ് അലിവ് തോന്നിയ പൊലീസുകാരൻ കേസ് കൊടുത്തവരെയെല്ലാം വിളിച്ച് ഒത്തുതീർപ്പുശ്രമങ്ങൾ നടത്തി. ഒരു പരിധിവരെ അതു വിജയം കണ്ടു. നേരത്തേ കസബിൽ താൻ സഹായം ചെയ്തിരുന്ന ചൈനീസ് യുവതി ഒരു മാലാഖയെ പോലെ കടന്നുവന്ന് 20,000 ദിർഹം നീട്ടിക്കൊണ്ടു പറഞ്ഞു: നിങ്ങൾ നല്ല മനസ്സുള്ള വ്യക്തിയാണ്, തളരരുത്. അതേറ്റുവാങ്ങുമ്പോൾ ഈ യുവാവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അങ്ങനെ, ആ പണമുപയോഗിച്ചു വിക്കി ഒരു കമ്പനി തുടങ്ങി. പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. തുടർന്ന് അടി വച്ചടിവച്ച് ഉയർച്ചഒന്നിൽ നിന്ന് 11 കമ്പനികളായി ബിസിനസ് സാമ്രാജ്യം വളർന്നു. അതൊരു ഗ്രൂപ്പായിഗ്ലോബൽ സ്മാർട്ട് ഗ്രൂപ്പ്. യുഎഇയിലെ അറിയപ്പെടുന്ന ഈ ഗ്രൂപ്പിനു കീഴിലെ ശ്രീ ഗ്ലോബൽ എന്ന കമ്പനിയുടെ പ്രസിഡന്റും സിഒഒയുമാണ് ഇന്നു വിക്കി എന്ന വിഘ്‌നേഷ്. ബർ ദുബായുടെ മുദ്രകളിലൊന്നായ ബുർജുമാൻ ബിസിനസ് ടവറിലാണു കമ്പനിയുടെ ഓഫിസ്.

ജീവിത പങ്കാളി പാക്കിസ്ഥാൻ സുന്ദരി
വിക്കിയുടെ ജീവിതസഖി പാക്കിസ്ഥാൻ സ്വദേശിനിയാണ്. ഇന്ത്യയുടെ അയൽരാജ്യത്തെ സുന്ദരിയെ സ്വന്തമാക്കിയ കഥ പക്ഷേ, തുറന്നുപറയാൻ വിക്കി ഒരുക്കമല്ല. അഞ്ജലിയും ആര്യനുമാണു ദമ്പതികളുടെ മക്കൾ. സന്തുഷ്ടകുടുംബം ബർദുബായിൽ താമസിക്കുന്നു.

തന്റെ വളർച്ചയ്ക്കു പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നു വിക്കി ഉറച്ച് വിശ്വസിക്കുന്നു. വിക്കിയും കുടുംബാംഗങ്ങളും ഗുരുവായൂരപ്പന്റെ ഭക്തരാണ്. അവിടെനിന്നു ഥാർ ജീപ്പ് സ്വന്തമാക്കണമെന്നതു വലിയ ആഗ്രഹമായിരുന്നു. വാഹനകമ്പം കഴിഞ്ഞാൽ കുതിരകളോടാണ് ഇഷ്ടം.99 കുതിരകളും രണ്ട് ആനകളും വിക്കിക്കു സ്വന്തമായുണ്ട്. അജ്മാനിലെ ഹീലിയോ എന്ന മരുഭൂപ്രദേശത്ത് അടുത്തിടെ സ്വന്തമാക്കിയ ഫാം ഹരിത മനോഹാരിത കൊണ്ടു വ്യത്യസ്തമാണ്. കൂടാതെ, കുതിരകൾ, പശു, ആട്, മയിൽ, കോഴി, താറാവ് തുടങ്ങിയവയും ഫാമിനെ വേറിട്ടതാക്കുന്നു.

ഇനി ഇന്ത്യയിൽ പതിനായിരം പരിശീലന കേന്ദ്രങ്ങൾ തുറക്കും
ഇന്ത്യയിൽ പതിനായിരം പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ മേനോൻ. കേന്ദ്ര സർക്കാരുമായി ഇതിന്റെ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവിധ സംസ്ഥാന സർക്കാരുകളാണ് ഇൻഡി.കോം എന്ന പേരിട്ട കേന്ദ്രങ്ങൾക്ക് അനുമതി നൽകേണ്ടത്. വിവിധ സംസ്ഥാനങ്ങളിൽ ഏത് ഇന്ത്യൻ ഭാഷയിലും സേവനം നൽകുന്നതിയാരിക്കും ഈ കേന്ദ്രങ്ങൾ. സർക്കാർ സേവനങ്ങൾ നൽകുക മാത്രമല്ല, തൊഴിൽ-വിദ്യാഭ്യാസ-വ്യവസായ മുന്നേറ്റത്തിന് ആവശ്യമായ മുഴുവൻ സഹായവും ഈ കേന്ദ്രം ലഭ്യമാക്കുമെന്ന് വിക്കി എന്നറിയിപ്പെടുന്ന വിഘ്നേഷ് വിജയകുമാർ മേനോൻ പറഞ്ഞു.