ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിൽ ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ വൻ കുതിച്ചു ചാട്ടം. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യ-റഷ്യ ബന്ധം വളരുകയാണ്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് റഷ്യ. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായി മാറിയിരിക്കുന്നത്.

മെയ് മാസത്തിൽ 2.5 കോടി ബാരൽ ഓയിലാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. മുൻപത്തെ കണക്കുകൾ പരിശോധിച്ചാൽ വമ്പൻ കുതിച്ചു ചാട്ടമാണ് റഷ്യ-ഇന്ത്യ എണ്ണ വ്യാപാരത്തിൽ ഉണ്ടായിരിക്കുന്നത്. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ വിപണിക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് യഥാർത്ഥത്തിൽ റഷ്യ-ഇന്ത്യ എണ്ണ വ്യാപാരം ശക്തമാവാൻ കാരണമായത്. പാശ്ചാത്യ വിപണി നഷ്ടമായതോടെ ഏഷ്യൻ വിപണിയിൽ കണ്ണുവെച്ച റഷ്യയുടെ പ്രധാന ഉപഭോക്തൃ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു.

2021 നും 2022 ആദ്യ പാദത്തിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി. എന്നാൽ 2022 ഏപ്രിലിൽ ഇത് അഞ്ച് ശതമാനമായി ഉയർന്നു. മെയ് മാസത്തിലാവട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തിലേറെയും റഷ്യയിൽ നിന്നായി. അതേസമയം ഇറാഖ് തന്നെയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം. നിലവിലെ കണക്കുകൾ പ്രകാരം രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയും.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും റഷ്യയെ പിണക്കാതെ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തു. റഷ്യയാവട്ടെ ഉപരോധത്തെ മറികടക്കാൻ തങ്ങളുടെ എണ്ണ വിപണിയിലേക്ക് ഏഷ്യൻ രാജ്യങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വമ്പൻ ഇളവുകളും ഇന്ത്യക്ക് ഇറക്കുമതിയിൽ നൽകി. ഇത് ഇന്ത്യയ്ക്ക് നേട്ടമായി മാറുകയും ചെയ്തു. അതോടെ ഇന്ത്യൻ റിഫൈനറികൾ കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങി.ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മൊത്തം ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.