ആലപ്പുഴ: ജലന്ധർ രൂപതയുടെ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ അടുത്തെങ്ങും ചുമതലയേൽക്കില്ലെന്ന് റിപ്പോർട്ട്. തെളിവുകളുടെ അഭാവത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. കേസിൽ ഹൈക്കോടതി വിധി അനുകൂലമാകുമോ എന്ന് ഉറപ്പില്ല. ഈ പശ്ചാത്തലത്തിലാണ് ഫ്രാങ്കോയെ നിയമിക്കാൻ വത്തിക്കാൻ മടിക്കുന്നത്. ജലന്ധർ രൂപതയുടെ ബിഷപ്പ് സ്ഥാനത്തേക്കു ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും നിയമിക്കുന്നതിൽ വത്തിക്കാൻ തിടുക്കം കാട്ടില്ലെന്നു തന്നെയാണ് സൂചന.

തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും സർക്കാരും കന്യാസ്ത്രീയും നൽകിയ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയും കൈവിട്ടാൽ കന്യാസ്ത്രീക്ക് സുപ്രീം കോടതിയിൽ പോകാം. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോയുടെ നിയമനം വത്തിക്കാൻ നടത്തില്ല. കേസിൽ വിധി പ്രതികൂലമായാൽ അത് വത്തിക്കാനെയും ബാധിക്കും. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോയുടെ നിയമനത്തിന് വത്തിക്കാൻ തിടുക്കം കാട്ടില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായപ്പോഴാണു ഫ്രാങ്കോയെ ബിഷപ്പിന്റെ ചുമലതകളിൽനിന്നു വത്തിക്കാൻ നീക്കിയത്. എന്നാൽ, ബിഷപ്പ് പദവി ഇപ്പോഴുമുണ്ട്. ഒരു രാജ്യത്തെ നിയമവ്യവസ്ഥയിൽ ഇടപെടുന്ന ശീലം വത്തിക്കാനില്ല. കോടതിവിധികൾ എന്താണോ അതു മാനിക്കുകയാണു പതിവ്. വിചാരണക്കോടതിവിധി ആധാരമാക്കി ഫ്രാങ്കോയെ വീണ്ടും ജലന്ധറിലേക്കു നിയോഗിച്ചാൽ, ഹൈക്കോടതിവിധി എതിരായാൽ എന്തുചെയ്യുമെന്ന ചോദ്യമാണ് വത്തിക്കാനെ കുഴക്കുന്നത്.

ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി, അപ്പൊസ്‌തൊലിക് നുൺഷ്യോ ലിയോപോൾഡോ ജിറെല്ലി കഴിഞ്ഞദിവസം ജലന്ധർ രൂപതയിൽവെച്ചു നടത്തിയ പരാമർശമാണ് ഫ്രാങ്കോ ഉടൻ തിരിച്ചെത്തുമെന്ന പ്രചാരണത്തിനു ശക്തിപകർന്നത്. വൈദികസമ്മേളനത്തിൽ ഒരു വൈദികൻ ഫ്രാങ്കോക്കേസ് ഉയർത്തിയപ്പോൾ കോടതിവിധി വത്തിക്കാൻ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇതു ഫ്രാങ്കോയുടെ തിരിച്ചുവരവിനുള്ള സൂചനയായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. എന്നാൽ ഈ വാദം പോളിയുകയാണ് ഇപ്പോൾ. കേസിന്റെ നിലവിലെ സാഹചര്യം പരിഗണിച്ച് വത്തിക്കാൻ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് തന്നെയാണ് വിശ്വാസം.

മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ നുൺഷ്യോ, കോടതിവിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞതു സ്വാഭാവികമാണെന്നും നാളെ മറിച്ചൊരു വിധിയുണ്ടായാൽ അതും സ്വീകരിക്കുമെന്നും എതിർക്കുന്നവർ പറഞ്ഞു. ജലന്ധറിലെ ഒരു വിഭാഗം വൈദികർ ഫ്രാങ്കോയുടെ തിരിച്ചുവരവിനെ എതിർക്കുന്നവരാണ്. ശക്തമായി കൂടെനിൽക്കുന്നവരുമുണ്ട്. എന്തായാലും ഫ്രാങ്കോയ്ക്ക് വേണ്ടി ഇരുചേരികളായി തിരിഞ്ഞിരിക്കുകയാണ് ജലന്ധറിലെ വൈദികർ.

ജലന്ധറിനു പുതിയ ബിഷപ്പിനെ വേണമെന്ന് ഇവരും ഒരുവിഭാഗം വിശ്വാസികളും നുൺഷ്യോയോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസാണ് ഇപ്പോഴവിടെ അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർ. 2018 സെപ്റ്റംബറിലാണ് അഡ്‌മിനിസ്ട്രേറ്റർ ചുമതലയേറ്റത്. ഫ്രാങ്കോ വിഷയത്തിൽ ആഭ്യന്തര അന്വേഷണത്തിനു പ്രത്യേക കമ്മിഷനെ നിയോഗിക്കണമെന്ന് രൂപതയുടെ കൂരിയയും ആലോചനസമിതിയും ആവശ്യപ്പെട്ടതായും മുതിർന്ന വൈദികൻ അറിയിച്ചു. കുറ്റവിമുക്തനായ ശേഷവും ഫ്രാങ്കോ ജലന്ധറിലേക്കു പോയിട്ടില്ല.